|    Aug 24 Thu, 2017 1:11 am
FLASH NEWS

മാലിന്യ സംസ്‌കരണ സന്ദേശവുമായി ഗ്രീന്‍ ആര്‍മി വരുന്നു

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: ഉറവിട മാലിന്യസംസ്‌കരണ പദ്ധതിയിലൂടെ തലസ്ഥാന നഗരത്തെ മാലിന്യമുക്തമാക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളും വോളന്റിയര്‍മാരും അടങ്ങിയ ഗ്രീന്‍ ആര്‍മി രംഗത്തെത്തുന്നു. ആദ്യഘട്ടമായി തൈക്കാട് വാര്‍ഡ് കേന്ദ്രീകരിച്ചാണ് ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനാവശ്യമായ പരിശീലനം കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന ക്യാംപുകള്‍ വഴി നല്‍കിക്കഴിഞ്ഞു. എന്‍സിസി, എന്‍എസ്എസ് തുടങ്ങിയ സ്‌കൂള്‍തല സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക. കഴിഞ്ഞ വേനലവധിക്കാലത്ത് നാലിടത്തായി നടത്തിയ ക്യാംപുകളിലൂടെ ആദ്യഘട്ടപരിശീലനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ രണ്ടു ഘട്ടം ക്യാംപുകള്‍ കൂടി സംഘടിപ്പിച്ചു. കഴിഞ്ഞയാഴ്ച നടന്ന അവസാന ക്യാംപില്‍ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളെ കൂടാതെ നഗരത്തിലെ മറ്റ് പത്ത് സ്‌കൂളുകളില്‍ നിന്നുള്ള കേഡറ്റുമാരും വിദ്യാര്‍ഥികളും അവരുടെ അധ്യാപകരും മുഴുവന്‍ സമയം പങ്കെടുത്തിരുന്നു. ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനത്തിന്റെ തുടക്കമായി തൈക്കാട് വാര്‍ഡില്‍ റെസിഡന്റ്‌സ് അസോസിയേഷനുകളുമായി ചേര്‍ന്ന് പ്രത്യേക പരിപാടികള്‍ക്ക് രൂപംകൊടുക്കും. ഗൃഹസന്ദര്‍ശനം നടത്തി നഗരസഭയുടെ ഉറവിട മാലിന്യസംസ്‌കരണ പരിപാടിയെപ്പറ്റി ബോധ്യപ്പെടുത്തുകയും കമ്പോസ്റ്റിംഗ് രീതികള്‍ ആളുകള്‍ക്ക് വിശദീകരിച്ചു കൊടുക്കുകയുമാണ് ചെയ്യുക. കിച്ചന്‍ ബിന്‍, തുമ്പൂര്‍മൂഴി മാതൃകയിലുള്ള എയ്‌റോബിക് ബിന്നുകള്‍ തുടങ്ങിയവ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ആളുകള്‍ക്ക് സംശയനിവാരണം വരുത്താനും അവസരമുണ്ടാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക