|    Oct 19 Thu, 2017 2:05 am
FLASH NEWS

മാലിന്യ സംസ്‌കരണ പ്ലാന്റില്ല; പരിസരം കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി

Published : 11th July 2016 | Posted By: SMR

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ മാലിന്യ സംസ്‌ക്കരണത്തിന് പ്ലാന്റ് സ്ഥാപിക്കാത്തതിനാല്‍ മാലിന്യം സംസ്‌ക്കരിക്കാനാവാതെ ആശുപത്രി അധികൃതര്‍ ദുരിതത്തില്‍. ഒരു വര്‍ഷം മുമ്പ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്ലാന്റ് സ്ഥാപിക്കാന്‍ ഇതുവരെ ശ്രമം ആരംഭിച്ചിട്ടില്ല. ആശുപത്രി മാലിന്യങ്ങള്‍ ഇപ്പോള്‍ പറമ്പില്‍ കുഴിയെടുത്ത് കുഴിച്ചിടുകയാണ് ചെയ്യുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് ആശുപതിയുടെ പിറകില്‍ കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. ശസ്ത്രക്രിയ ചെയ്തത് അടക്കമുള്ള മാലിന്യങ്ങളാണ് ഇപ്പോള്‍ കുഴിച്ചിടുന്നത്. ഇത് എല്ലാകാലത്തും പ്രാവര്‍ത്തികമാകില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് പരിസരങ്ങള്‍ വൃത്തിയാക്കുന്നത്. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ ഇപ്പോള്‍ ഫിസിയോ തെറാപ്പി യൂനിറ്റിന് പിറകിലെ പറമ്പിലാണ് തള്ളുന്നത്.
വേനല്‍ക്കാലത്ത് മാലിന്യങ്ങള്‍ കത്തിച്ചിരുന്നെങ്കില്‍ മഴക്കാലമായതോടെ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ കത്തിച്ചു കളയാനാവുന്നില്ല. ഇതോടെ വെള്ളം കെട്ടി നിന്ന് കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറുകയാണ്. ഫിസിയോ തെറാപ്പി യൂനിറ്റ്, പേ വാര്‍ഡ് എന്നിവിടങ്ങളിലെല്ലാം കൊതുകു ശല്യം രൂക്ഷമായിരിക്കുകയാണ്.
ആശുപത്രിയിലെ കക്കൂസ് ടാങ്ക് പൊട്ടി മലിനജലം സമീപത്തെ ലോഡ്ജിന്റെ പിറകില്‍ ഒലിക്കുകയാണ്. നഴ്‌സിങ് ഹോസ്റ്റലിന് സമീപത്താണ് മലിനജലം ഒഴുകുന്നത്. രൂക്ഷഗന്ധം കാരണം ഹോസ്റ്റലില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ദുരിതമായിരിക്കുകയാണ്. ഡെങ്കി, എലിപ്പനി തുടങ്ങിയ മാരക രോഗങ്ങള്‍ പടരുമെന്ന ഭീതിയിലാണ് വിദ്യാര്‍ത്ഥിനികള്‍.
ആരോഗ്യ വകുപ്പ് മഴക്കാലത്ത് ശുചീകരണ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇത് പ്രഹസനമാകുകയാണ്. നേരത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ കടത്തിക്കൊണ്ടുപോയിരുന്നു. ഇപ്പോള്‍ ഇതും നിലച്ചതോടെ ആശുപത്രി പരിസരത്ത് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനമില്ലാതെ ജീവനക്കാര്‍ ദുരിതത്തിലാണ്. നിത്യേന 1500 ഓളം രോഗികള്‍ ചികില്‍സ തേടി എത്തുന്ന ജനറല്‍ ആശുപത്രിക്ക് തന്നെ ചികില്‍സ നല്‍കേണ്ട അവസ്ഥയിലാണമെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക