|    Jun 18 Mon, 2018 1:22 pm
FLASH NEWS

മാലിന്യ സംസ്‌കരണത്തെച്ചൊല്ലിയുള്ള അഴിമതി ആരോപണം; നിഷേധിക്കാതെ ഭരണപക്ഷം

Published : 19th October 2016 | Posted By: Abbasali tf

കളമശ്ശേരി: കളമശ്ശേരി നഗരസഭയില്‍ ഒന്നര മാസത്തെ കാലയളവിന് ശേഷം ഇന്നലെ കൂടിയ കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ അഴിമതി ആരോപണങ്ങളുടെ പെരുമഴയായി രംഗത്ത്. നഗരസഭയിലെ മാലിന്യനീക്കം അട്ടിമറിക്കാന്‍ നഗരസഭ ഭരണാധികാരികള്‍തന്നെ ഒത്താശ ചെയ്ത് കൊടുക്കുന്നുവെന്ന് ആരോപിച്ച് മാലിന്യസംസ്‌കരണം സുഗമമാക്കുന്നതിനുവേണ്ടി കൗണ്‍സില്‍ നിശ്ചയിച്ച കൗണ്‍സിലര്‍ ജലീല്‍ പാമങ്ങാടന്‍ രാജിവയ്ക്കുകയും ചെയ്തു. എറണാകുളം ജില്ലയിലെ മിക്ക നഗരസഭകളും പണം കരാറുകാരനു നല്‍കി മാലിന്യം നീക്കംചെയ്യുമ്പോള്‍ കളമശ്ശേരി നഗരസഭയില്‍ കരാറുകാരന്‍ നഗരസഭയ്ക്ക് പണം നല്‍കിയാണ് ഡംബിങ് യാര്‍ഡില്‍നിന്നും മാലിന്യം കൊണ്ടുപോവുന്നത്. മുന്‍കാലങ്ങളില്‍ ഡംബിങ് യാര്‍ഡിലെ മാലിന്യം കൊണ്ടുപോവുന്നതിന് കരാറുകാരന് ടണ്ണിന് 5500 രൂപ നല്‍കിയിരുന്നു. ഈ ഇനത്തില്‍ മൂന്നുമാസംകൊണ്ട് നഗരസഭ 14 ലക്ഷത്തോളം രൂപ കരാറുകാരന് നല്‍കുകയും ചെയ്തിരുന്നു. ബാക്കി പത്തു ലക്ഷം രൂപ ഇനിയും കരാറുകാരന് നല്‍കാനുണ്ട്. ഈ രീതിക്ക് മാറ്റം വരുത്തിയാണ് പുതിയ കരാര്‍ നടപടി നഗരസഭ നടപ്പാക്കിയത് ഇതില്‍ അസ്വസ്ഥരായ ഭരണപക്ഷത്തെ ചില ഉന്നതരുടെ ഒത്താശയോടെയാണ് മാലിന്യനീക്കം അട്ടിമറിക്കുന്നതെന്ന് ജലീല്‍ പാമങ്ങാടന്‍ കൗണ്‍സിലില്‍ ആരോപിച്ചു. ഡംബിങ് യാര്‍ഡിലെ മാലിന്യം നീക്കം ചെയ്യുന്ന കരാറുകാരന്റെ നമ്പറുകള്‍ പല തദ്ദേശ സ്വയംഭരണസ്ഥാപന മേധാവികള്‍ക്കും നല്‍കുകയും അവര്‍ കരാറുകാരനുമായി ബന്ധപ്പെട്ട് ഇവിടെനിന്നും മാലിന്യം എടുക്കുന്നതിനു പകരം മറ്റു നഗരസഭയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് രാജിവച്ച കണ്‍വീനര്‍ പറഞ്ഞു. നഗരസഭയിലെ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ച് വാങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് ഹെന്നി ബേബി ആരോപിച്ചു. നഗരസഭ പ്രദേശത്ത് നിരവധിപേര്‍ ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്ന ആളുകള്‍ ഉണ്ടെന്നും അതിനാല്‍ അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നവരെ കണ്ടെത്താന്‍ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കളമശ്ശേരി നഗരസഭയുടെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ടൗണ്‍ഹാളുകളും ഹാളുകളില്‍നിന്നും കല്യാണ ആഘോഷങ്ങള്‍ക്കും മറ്റും പ്ലാസ്റ്റിക് പാത്രങ്ങളും ഗ്ലാസുകളം നിരോധിക്കണമെന്നും അവര്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. ഒന്നരവര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത കങ്ങരപ്പടിയിലെ ആയൂര്‍വേദ ആശുപത്രി ഇപ്പോഴും പ്രവര്‍ത്തനസജ്ജമാക്കിയിട്ടില്ലെന്നും കറന്റ് ക്യാഷ് ഉള്‍പെടെ ഒരു മാസം ഇരുപതിനായിരത്തോളം രൂപ നല്‍കി വാടക കെട്ടിടത്തിലാണ് ആയൂര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ഇതില്‍ വന്‍ അഴിമതി ഉണ്ടെന്ന് അവര്‍ കുറ്റപ്പെടുത്തി. കളമശ്ശേരി നഗരസഭ അധികാരത്തിലെത്തി ഒരു വര്‍ഷമാവുന്ന സമയത്ത് നഗരസഭയില്‍ 23ാം വാര്‍ഡില്‍ ഒരു വര്‍ക്ക് മാത്രമാണ് ടെന്‍ഡര്‍ നടപടി ചെയ്ത് നല്‍കിയിട്ടുള്ളതെന്ന് കൗണ്‍സിലര്‍ എന്‍ രവി ആരോപിച്ചു. അഴിമതിയിലും വികസനമുരടിപ്പിലും ഗ്രൂപ്പ് തര്‍ക്കത്തിലും ഉഴലുന്ന ഭരണസമിതിക്കെതിരേ ശക്തമായ പ്രക്ഷോഭത്തിന് പ്രതിപക്ഷം നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അനുമതി ഇല്ലാതെയും ലൈസന്‍സ് ഇല്ലാതെയും നഗരസഭാ പ്രദേശത്ത് നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ സാദിക്ക് ആരോപിച്ചു. പെരിയാറിന്റെ തീരത്ത് നഗരസഭയുടെ ഭാഗിക നമ്പറുള്ള കെട്ടിടത്തില്‍ സര്‍വീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത് നഗരസഭയുടെ അനുമതിയും ലൈസന്‍സും ഇല്ലാതെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം സ്ഥാപനങ്ങള്‍ നഗരസഭാ പ്രദേശത്ത് നിരവധി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ ജെസ്സി പീറ്ററിന്റെ അധ്യക്ഷതയില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ എ കെ ബഷീര്‍, ഷാജി കുപ്പിള്ളി, വിമോന്‍ വര്‍ഗീസ്, സബിത ജബ്ബാര്‍, വൈസ് ചെയര്‍മാന്‍ ടി എസ് അബൂബക്കര്‍, കൗണ്‍സിലര്‍മാരായ ബിജു മോഹന്‍, ടി എ അബ്ദുല്‍സലാം, അഞ്ജു മനോജ് മണി, സിദ്ദീഖ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss