|    Jul 29 Sat, 2017 5:34 pm
FLASH NEWS

മാലിന്യ സംസ്‌കരണത്തിനായി ജില്ലാ പഞ്ചായത്തിന് 30 കോടിയുടെ പദ്ധതി

Published : 26th August 2016 | Posted By: SMR

കോഴിക്കോട്: മാലിന്യ സംസ്‌കരണത്തിനായി ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ 30 കോടിയുടെ പദ്ധതി നടപ്പാക്കും. പദ്ധതി അടുത്ത ജില്ലാ പ്ലാനിങ് കമ്മിറ്റി യോഗത്തില്‍ സമര്‍പ്പിക്കും. മൂന്ന് ബ്ലോക്കുകളിലായി പൈലറ്റ് പദ്ധതിയായി പ്ലാസ്റ്റിക്, ഇ വെയിസ്റ്റ് സംസ്‌കരണ പദ്ധതി നടപ്പാക്കും. ഇതിനായി ജില്ലാ പഞ്ചായത്ത് 36 ലക്ഷം രൂപയാണ് നീക്കിവയ്ക്കുന്നത്. കോഴിക്കോട്, ബാലുശേരി, പേരാമ്പ്ര ബ്ലോക്കുകളിലാണ് പരീക്ഷണാര്‍ത്ഥം പദ്ധതി നടപ്പാക്കുന്നത്. പ്ലാസ്റ്റിക് റീസൈക്കിള്‍ യൂനിറ്റ് ഉള്ള ഏജന്‍സിയെയാണ് പദ്ധതി നിര്‍വ്വഹണത്തിനായി നിയോഗിക്കുക. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക്, ഇ വെയിസ്റ്റ് എന്നിവ ശേഖരിക്കും. പ്ലാസ്റ്റിക് വേര്‍തിരിച്ച് റീസൈക്കിളിങിനായി യൂനിറ്റുകളിലെത്തിക്കും. വീടുകളില്‍ നിന്ന് വെയ്‌സ്റ്റെടുക്കുമ്പോള്‍ വീട്ടുകാര്‍ ചെറിയ തുക നല്‍കണം.
വില ലഭിക്കുന്ന വെയിസ്റ്റുകള്‍ക്ക് അപ്പോള്‍ തന്നെ വില നല്‍കുകയും ചെയ്യും.പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കാനാവശ്യമായ സ്ഥലം ഗ്രാമപ്പഞ്ചായത്താണ് നല്‍കേണ്ടത്. ഇതിനായി ആവശ്യമായ കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിക്കും. യൂനിറ്റിനായി ആവശ്യമുള്ള യന്ത്രസാമഗ്രികള്‍ ജില്ലാ പഞ്ചായത്ത് നല്‍കും. മാലിന്യം പൊടി തട്ടി വൃത്തിയാക്കുന്ന മെഷീന്‍, കെട്ടുകളാക്കുന്ന മെഷീന്‍ എന്നിവയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുക. വടകര ജില്ലാ ആശുപത്രിയില്‍ 1,85,00000 രൂപ ചെലവില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. പുറക്കാട്ടിരിയിലെ ആയുര്‍വ്വേദ ആശുപത്രിയില്‍ 21,30,000 ചെലവില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. കോഴി മാലിന്യത്തില്‍ നിന്ന് വളം നിര്‍മിക്കുന്നതിനായി 1,90, 000,00 രൂപയുടെ പദ്ധതി നടപ്പാക്കും.
കൂത്താളിയിലെ കൃഷി ഫാം മുഖാന്തിരമാണ് വളം നിര്‍മാണം നടത്തുക. എസ്‌സി-എസ്ടി വിദ്യാര്‍ഥികള്‍ക്കായി ലാപ്‌ടോപ്പ് വിതരണം നല്‍കുന്ന പദ്ധതിക്ക് പകരം എസ്‌സി-എസ്ടി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതിന് യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന് ലാപ്‌ടോപ്പ് നല്‍കുന്ന തരത്തിലുള്ള പദ്ധതി നടപ്പാക്കുന്നതിന് അനുവാദമില്ലാത്ത സാഹചര്യത്തിലാണ് പദ്ധതിയില്‍ മാറ്റം വരുത്തിയത്. 1,10 00000 രൂപയുടെയാണ് പദ്ധതി. പദ്ധതിയനുസരിച്ച് സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം നടത്തുന്നവര്‍ക്ക് 25000 രൂപയും മറ്റ് സംസ്ഥാനങ്ങളില്‍ പഠനം നടത്തുന്നവര്‍ക്ക് അര ലക്ഷവും എന്‍ട്രന്‍സ് കോച്ചിങ്ങിനായി അയ്യായിരവും വര്‍ഷത്തില്‍ നല്‍കും.
തെരുവ് നായ്ക്കള്‍ ജനങ്ങളില്‍ ഭീതി പരത്തുന്ന സാഹചര്യത്തില്‍ അക്രമ—കാരികളായ പട്ടികളെ കൊല്ലുന്നതിന് ഗ്രാമപ്പഞ്ചായത്തുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. ആടുകളെയും കോഴികളെയും കൊല്ലാം എന്നാല്‍ ജനങ്ങളെ കടിക്കുന്ന പട്ടികളെ കൊല്ലരുതെന്ന് പറയുന്നത് ശരിയല്ലെന്ന് പ്രസിഡന്റ് ബാബു പറശേരി ചൂണ്ടിക്കാട്ടി. കുടിവെള്ള പദ്ധതികള്‍ക്കായി പഞ്ചായത്തുകള്‍ അടക്കേണ്ട ഭീമമായ തുക അടക്കുന്നതിലേക്കായി ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെടുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ പ്രസിഡന്റ് ബാബു പറശേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാടന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ പി ജി ജോര്‍ജ്ജ് മാസ്റ്റര്‍,മുക്കം മുഹമ്മദ്,സുജാത മനക്കല്‍, പി കെ സജിത,അംഗങ്ങളായ അഹമ്മദ് പുന്നക്കല്‍, എ എം വേലായുധന്‍,വി ഡി ജോസഫ്, സി കെ കാസിം, അന്നമ്മമാത്യു, എ ടി ശ്രീധരന്‍, പി ടി എം ഷറഫുന്നിസ,എം എ ഗഫൂര്‍ മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക