|    Oct 19 Fri, 2018 12:14 pm
FLASH NEWS

മാലിന്യ സംസ്‌കരണം : പ്രൊജക്റ്റുകള്‍ തയ്യാറാക്കുന്നതില്‍ പുരോഗതിയില്ലെന്ന് വിമര്‍ശനം

Published : 16th September 2017 | Posted By: fsq

 

കണ്ണൂര്‍: എല്ലാ തദ്ദേശസ്ഥാപനങ്ങളും മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പ്രൊജക്റ്റുകള്‍ നിര്‍ബന്ധമായും ഈമാസം 25നകം സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ അടിസ്ഥാനത്തില്‍ മാലിന്യസംസ്‌കരണത്തിനും ശേഖരണത്തിനും ഏതെങ്കിലും സ്ഥിരം സംവിധാനം വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി 20 ലക്ഷം രൂപ ശുചിത്വ മിഷന്‍ വഴി നല്‍കും. ബാക്കി തുക അതാത് തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടില്‍നിന്ന് വിനിയോഗിക്കണം. സപ്തംബര്‍ 28 വരെയാണ് പ്രൊജക്റ്റുകള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അനുവദിച്ച സമയം. ഹരിത കേരളം മിഷന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടന്ന ജില്ലയില്‍ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രൊജക്റ്റ് തയ്യാറാക്കുന്നതില്‍ വേണ്ടത്ര പുരോഗതിയില്ലെന്ന് ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലെ ഉദാസീനത അംഗീകരിക്കാനാവില്ല. തദ്ദേശസ്ഥാപന ഭരണസമിതികള്‍ ശക്തമായ ഇടപെടല്‍ നടത്തി അടിയന്തരമായി പ്രൊജക്റ്റുകള്‍ തയ്യാറാക്കി സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡ് പ്രവൃത്തികള്‍ക്ക് പ്ലാസ്റ്റിക് ഉപയോഗപ്പെടുത്തുന്ന രീതി കൃത്യമായ സംവിധാനമായി പൊതുമരാമത്ത് വകുപ്പ് വഴി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് സമിതി മെംബര്‍ സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു. മഴക്കാലം കഴിയുന്നതോടെ ഇതു ഫല്രപദമായ രീതിയില്‍ നടപ്പാക്കും. അതിനാല്‍ സംസ്‌കരിക്കുന്ന പ്ലാസ്റ്റിക് എന്തുചെയ്യുമെന്ന് ഉല്‍ക്കണ്ഠ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വേണ്ട. പൊതുമരാമത്ത് വകുപ്പിന് ഇതു ലഭ്യമാക്കാന്‍ കഴിയണമെങ്കില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകളും ശേഖരണ കേന്ദ്രങ്ങളും സ്ഥാപിക്കണം.  കണ്ണൂര്‍ കോര്‍പറേഷനിലെ ആറ് സോണലുകളില്‍ കലക്ഷന്‍ സെന്ററുകളും ചേലോറയില്‍ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റും പ്ലാന്റും സ്ഥാപിക്കുന്നതിനുള്ള പ്രൊജക്റ്റ് തയ്യാറാക്കിയതായി മേയര്‍ ഇ പി ലത അറിയിച്ചു. ആന്തൂര്‍ നഗരസഭയില്‍ മാലിന്യസംസ്‌കരണ സംവിധാനത്തിനുള്ള പ്രൊജക്റ്റ് തയ്യാറായി വരുന്നതായി ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയും വ്യക്തമാക്കി.  ഗ്രാമപ്പഞ്ചായത്തുകളിലും ഇതിനുള്ള ്രപവര്‍ത്തനങ്ങള്‍  പുരോഗമിക്കുന്നതായി പ്രസിഡന്റുമാര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 244634 മഴക്കുഴികള്‍ നിര്‍മിച്ചതായി ദാരിദ്ര്യലഘൂകരണ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. 360 കിണറുകളിലാണ് മഴവെള്ളം റീച്ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയത്. ഇക്കാര്യത്തില്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബ്ലോക്ക്തല പദ്ധതി അവലോകന യോഗങ്ങളില്‍ ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നില്ലെന്ന് ചെയര്‍മാന്‍ കുറ്റപ്പെടുത്തി. 21 തദ്ദേശസ്ഥാപനങ്ങളുടെ ഭേദഗതി പ്രൊജക്റ്റുകള്‍ക്ക് യോഗം അംഗീകാരം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss