|    Apr 24 Tue, 2018 2:57 am
FLASH NEWS

മാലിന്യ സംസ്‌കരണം; നഗരസഭ സ്വകാര്യ കമ്പനികളുടെയും സംഘടനകളുടെയും സഹായം തേടും

Published : 12th November 2016 | Posted By: SMR

പാലക്കാട്: മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് സ്വകാര്യ കമ്പനികളുടെയും സംഘടനകളുടേയും സഹായം തേടാന്‍ പാലക്കാട് നഗരസഭാ പ്രത്യേക കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭാപരിധിയില്‍ മാലിന്യപ്രശ്‌നം രൂക്ഷമായതോടെയാണ് കൗണ്‍സിലര്‍മാരുടെ ആവശ്യപ്രകാരം ഇന്നലെ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നത്. വിശദമായ ചര്‍ച്ച നടന്ന യോഗത്തില്‍ മാലിന്യ സംസ്‌കരണത്തിന് ഉതകുന്ന കമ്പനികളേയും സംഘടനകളേയും കണ്ടെത്തുന്നതിനായി ജനപ്രതിനിധികളും നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരുമടങ്ങുന്ന ഉപസമിതി രൂപീകരിക്കാന്‍ തീരുമാനമായി. ഇത്തരം കമ്പനികളുടേയും സംഘടനകളുടേയും പ്രദര്‍ശന മേള പാലക്കാട്ട് വിപുലമായ രീതിയില്‍ സംഘടിപ്പിക്കും. ഉപസമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റേയും പ്രദര്‍ശനമേളയിലെ പ്രകടനത്തിന്റേയും അടിസ്ഥാനത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരന്‍ പറഞ്ഞു. മാലിന്യസംസ്‌കരണം ഒരു കമ്പനിയെമാത്രം ഏകപക്ഷീയമായി ഏല്‍പ്പിക്കാനുള്ള നീക്കം ശരിയല്ലെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തന്നെ അഭിപ്രായമുന്നയിച്ചതിനേത്തുടര്‍ന്നാണ് ഉപസമിതി രൂപീകരിക്കാനും സംഘടനകളേയും കമ്പനികളേയും തിരഞ്ഞെടുക്കാനും തീരുമാനമായത്. നിലവില്‍ കേരളത്തിനുപുറത്തുള്ള കമ്പനികളും സംഘടനകളുമാണ് ഏറേയും നഗരസഭയിലെ മാലിന്യസംസ്‌കരണത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതെങ്കിലും അവര്‍ക്കാര്‍ക്കും ശുചിത്വമിഷന്റെ അംഗീകാരമില്ലാത്തതിനാല്‍ ഉപസമിതി കണ്ടെത്തുന്ന കമ്പനിക്കോ സംഘടനക്കോ നഗരസഭ തയ്യാറാക്കുന്ന വിശദമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ശുചിത്വമിഷന്‍ പ്രവര്‍ത്തനാനുമതി നല്‍കും. നാല് കേന്ദ്രങ്ങളില്‍ പുതുതായി മാലിന്യ സംഭരണകേന്ദ്രങ്ങള്‍ തുറക്കും. നിലവിലുള്ള ട്രഞ്ചിങ്ഗ്രൗണ്ട് ആധുനിക രീതിയില്‍ നവീകരിക്കും.നഗരസഭയിലെ മാലിന്യപ്രശ്‌നത്തില്‍ നടന്ന ചര്‍ച്ചയില്‍ ഭൂരിഭാഗം അംഗങ്ങളും ശുചീകരണ തൊഴിലാളികളുടെ അനാരോഗ്യവും പ്രവര്‍ത്തന സാമഗ്രികളുടേയും വാഹനങ്ങളുടേയും അഭാവവും ചൂണ്ടിക്കാട്ടി. പാലക്കാട് നഗരസഭയുടെ കൊടുമ്പ് പഞ്ചായത്തിലെ മാലിന്യനിക്ഷേപകേന്ദ്രവുമായി കഴിഞ്ഞ ഭരണസമിതിയുണ്ടാക്കിയ കരാര്‍ വെളിപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം കൗണ്‍സിലര്‍മാര്‍ കാര്യക്ഷമമായി ഇടപെട്ടാല്‍ മാലിന്യസംസ്‌കരണത്തിന്റെ നിലവിലെ രീതി കാര്യക്ഷമമാക്കി നടപ്പാക്കാനാകുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പ്ലാസ്റ്റിക് കവര്‍ നിരോധനം കാര്യക്ഷമമായി നടപ്പാക്കണമെന്നും 50 മൈക്രോണില്‍ താഴെയുള്ള കവറുകള്‍ കൂടിയ വില ഈടാക്കണമെന്നും ആവശ്യമുണ്ടായി. 20 ലോഡ് പാസ്റ്റിക് മാലിന്യം ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്ന് നീക്കിയതായും മരുതറോഡ്, പിരായിരി പഞ്ചായത്തുകള്‍ നഗരസഭാപരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നത് നേരിട്ടറിയാമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.  ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു. 18 ഓവര്‍സിയര്‍മാരുടെ തസ്തികയില്‍ ആളില്ലെന്നും ശുചീകരണത്തിന് നാലു വാഹനങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കണമെന്നും അത്തരം സംഘടനകള്‍ക്ക് നികുതിയിളവ് നല്‍കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ആശുപത്രികളില്‍ നിന്നുള്ള മലിനജലം റോഡിലൂടെ പരന്ന് പരിസരവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത് തടയണമെന്നും ആവശ്യമുയര്‍ന്നു. പിഴ സംഖ്യ വര്‍ധിപ്പിക്കണം. മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് ഏപ്രില്‍ മുതല്‍ ഇതുവരെ 316 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പിഴയിനത്തില്‍ രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ ഈടാക്കിയതായും വൈസ് ചെയര്‍മാന്‍ അറിയിച്ചു. 41 പ്ലാസ്റ്റിക് മാലിന്യ റെയ്ഡുകള്‍ നടത്തിയതായും അതില്‍ മാത്രം 41, 120 രൂപ പിഴയീടാക്കിയതായും പറഞ്ഞു. സാനിറ്ററി ജീവനക്കാരുടെ 21 ഒഴിവില്‍ ഡിഎല്‍ആറില്‍ നിന്ന് താല്‍ക്കാലികമായി തൊഴിലാളികളെ നിയമിച്ചു. മാലിന്യ സംസ്‌കരണത്തില്‍ പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനനല്‍കണമെന്ന് നഗരസഭാ ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറഞ്ഞു. ആരോഗ്യമുള്ള തൊഴിലാളികളെ ജോലിക്ക് നിയമിക്കണം. കൂടുതല്‍ വാഹനങ്ങള്‍ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.യോഗത്തില്‍ ആദ്യഘട്ടത്തില്‍ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരനും പിന്നീട് വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാറും അധ്യക്ഷത വഹിച്ചു. എസ് ആര്‍ ബാലസുബ്രഹ്മണ്യം, സുനില്‍, മോഹന്‍ബാബു, കെ മണി, കുമാരി, പ്രമീളാശശീധരന്‍, വി നടേശന്‍, പ്രിയ, സെയ്തലവി, നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരായ സജി, ശ്രീമതി ചര്‍ച്ചയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss