|    Oct 21 Sun, 2018 5:24 am
FLASH NEWS

മാലിന്യ പ്രശ്‌നം ; പ്രതിഷേധക്കാരെ പോലിസ് നേരിട്ടത് മൃഗീയമായി

Published : 25th September 2017 | Posted By: fsq

 

കെ വിജയന്‍ മേനോന്‍

ഗുരുവായൂര്‍: മാലിന്യംകൊണ്ട് പൊറുതി മുട്ടിയ ചൂല്‍പ്പുറത്തുകാര്‍ ജീവന്‍ പോലും കളയാന്‍ തയ്യറായാണ് പോലിസിനെ പ്രതിരോധിച്ചത്. പോലിസാകട്ടെ യാതൊരു ദയാദാക്ഷണ്യവുമില്ലാതെയാണ് മുതിര്‍ന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ നേരിട്ടത്. അമ്പതോളം വരുന്ന സ്ത്രീകളെ നേരിടാന്‍ ഒരു വനിത പോലിസ് മാത്രമാണ് ഉണ്ടായിരുന്നത്. മാലിന്യ വാഹനം കടത്തി വിടാതിരിക്കാനായി കവാടത്തിന് മുന്നില്‍ ഉപരോധിച്ച വയോവൃദ്ധരെ വലിച്ചിഴച്ചാണ് പോലിസ് നീക്കിയത്. ബലപ്രോയാഗത്തിനിടെയാണ് 66 കാരനായ രാജന്‍ കുഴഞ്ഞ് വീണത്. ഇയാളെ ആശുപത്രിയിലെത്തിക്കാനും പോലിസ് തയ്യറായില്ല. നാല് പോലിസ് ജീപ്പുകള്‍ പരിസരത്ത് കിടന്നിരുന്നെങ്കിലും പോലിസ് കണ്ട ഭാവം നടിച്ചില്ല. നൂറ് മീറ്ററോളം നാട്ടുകാര്‍ ചുമന്നു കൊണ്ടുപോയി ഓട്ടോറിക്ഷയിലാണ് രാജനെ ആശുപത്രിയിലാക്കിയത്. നൂറോളം പോലിസുകാര്‍ ഈ സമയത്രയും കാഴ്ചക്കാരായി നിന്നു. രാജന്റെ ഭാര്യ ഭാര്‍ഗവിക്കും ഇടിയേറ്റ് നെഞ്ച് വേദനയുനഭവപ്പെട്ടു. ഇവരുടെ മക്കളായ രാജേഷിനെയും സന്തോഷിനയും ബൂട്ടിട്ട കാല് കൊണ്ട് പോലിസ് തുടരേ ചവിട്ടി. ഇതുകണ്ട് ഇവരുടെ കൊച്ചുമക്കള്‍ അലമുറയിട്ട് കരഞ്ഞു. ഖദീജക്ക് പുറത്താണ് ഇടിയേറ്റത്. കാലിന് ലാത്തികൊണ്ടുള്ള അടിയേറ്റാണ് കബീര്‍ഷാക്ക് പരിക്കേറ്റത്. ജീവന്‍ പോയാലും മാലിന്യം നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്ന് മുതിര്‍ന്ന സ്ത്രീകള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. വരുന്ന തലമുറക്ക് വേണ്ടിയെങ്കിലും ഇത് അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു. വര്‍ഷങ്ങളായി മാലിന്യപ്രശ്‌നത്താല്‍ പൊറുതി മുട്ടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മതിയായ സംസ്‌കരണ സംവിധാനം ഒരുക്കാതെ ട്രഞ്ചംഗ് ഗ്രൗണ്ടില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന് കോടതി വിധിയും സമ്പാദിച്ചു. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ സമരം ശക്തമാക്കിയത്. എന്നാല്‍ കോടതി വിധി വളച്ചൊടിച്ചാണ് നഗരസഭ വീണ്ടും മാലിന്യ നിക്ഷേപം തുടരുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇതിനെതിരെ സമരം ശക്തമാക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss