|    Apr 24 Tue, 2018 6:26 pm
FLASH NEWS

മാലിന്യ പ്രശ്‌നം: നഗരസഭാ യോഗത്തില്‍ ഭരണസമിതിക്ക് രൂക്ഷവിമര്‍ശനം

Published : 14th July 2016 | Posted By: SMR

പത്തനംതിട്ട: നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന്റെ പേരില്‍ പത്തനംതിട്ട നഗരസഭാ ഭരണസമിതിക്കെതിരേ കൗണ്‍സിലര്‍മാരുടെ രൂക്ഷവിമര്‍ശനം. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് മാലിന്യ  നിര്‍മാര്‍ജനത്തിലെ പരാജയം ചൂണ്ടിക്കാട്ടി ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നത്. കുമ്പഴയോട് നഗരസഭ കാട്ടുന്ന അവഗണയില്‍ പ്രതിഷേധിച്ച് ഭരണ കക്ഷിയംഗമായ കേരള കോണ്‍ഗ്രസ്സിലെ ദീപു ഉമ്മന്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു.
അജണ്ടയില്‍ ഇല്ലാത്ത കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന ചെയര്‍പേഴ്‌സണ്‍ രജിനി പ്രദീപിന്റെ നിര്‍ദേശം വാക്കേറ്റതിന് ഇടയാക്കിയതിനെ തുടര്‍ന്ന് അടിയന്തര പ്രമേയമായി പരിഗണിച്ച് മാലിന്യ പ്രശ്‌നം ചര്‍ച്ച ചെയ്യുകയായിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമ്പോഴും നഗരസഭ തുടരുന്ന അനാസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് എല്‍ഡിഎഫ് കൗണ്‍സിലമാര്‍ കുറ്റപ്പെടുത്തി. യഥാസമയം ഒരിടത്തും മാലിന്യ നിര്‍മാര്‍ജനം നടക്കുന്നില്ല. ഭരണസമിതിയും ആരോഗ്യവകുപ്പും ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്. മാര്‍ക്കറ്റുകളില്‍ മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ്.
കുമ്പഴ മാര്‍ക്കറ്റില്‍ മല്‍സ്യവുമായി എത്തിയ കണ്ടെയ്‌നറില്‍ നിന്ന് മലിനജലം ഒഴുകി കെട്ടിക്കിടക്കുന്നത് കാരണം അസഹ്യമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. കുമ്പഴയിലെ മാലിന്യ നിര്‍മാര്‍ജനത്തിന് കാര്യമായ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് ദീപു ഉമ്മന്‍ ചൂണ്ടിക്കാട്ടി. തീരുമാനങ്ങള്‍ കാര്യക്ഷമായിനടപ്പാക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞില്ലെന്നും ദീപു കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹം യോഗം ബഹിഷ്‌കരിച്ചതായി പ്രഖ്യാപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ ഭരണസമിതി രാഷ്ട്രീയ ഇടപെടല്‍ നടത്തുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകള്‍ക്ക് പരിഗണന ലഭിക്കുന്നില്ല. പത്തനംതിട്ടയിലും കുമ്പഴയിലും നടത്തിയ മെഡിക്കല്‍ ക്യാംപുകള്‍ പ്രഹസനമായി. ആര്‍ക്കും ശരിയായ ചികില്‍സയും മരുന്നും ലഭിച്ചിട്ടില്ല. കൂടുതല്‍ ക്യാംപുകള്‍ നടത്തുന്ന കാര്യത്തില്‍ മൗനം പാലിക്കുകയാണ്. പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ അനധികൃത മല്‍സ്യ കച്ചവടം നിരോധിക്കണമെന്ന് നിരവധി കൗണ്‍സില്‍ യോഗങ്ങളില്‍ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ ഭരണ സമിതി തയ്യാറാവാത്തതും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. അനധികൃത മല്‍സ്യക്കച്ചവടം ഒഴിപ്പിക്കുന്നതിന് ചില കൗണ്‍സിലമാരുടെ ഇടപെടലാണ് തടസ്സമെന്ന് ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് അറിയിച്ചു.
കോടികള്‍ മുടക്കി നിര്‍മിച്ച പുതിയ ബസ് സ്റ്റാന്റിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. യാര്‍ഡിന്റെ ശോച്യാവസ്ഥ കാരണം ബസ്സുകള്‍ക്കും വെള്ളക്കെട്ട് കാരണം യാത്രക്കാര്‍ക്കും സ്റ്റാന്റില്‍ കയറിയിറങ്ങാന്‍ കഴിയുന്നില്ലെന്നും കെട്ടിടങ്ങള്‍ ചോര്‍ന്നൊലിക്കുകയാണെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
24ാം വാര്‍ഡില്‍ വ്യാഴിക്കടവ് റോഡിന് ഐറിഷ് ഓട നിര്‍മാണവുമായി ബന്ധപ്പെട്ട 3.5 ലക്ഷം രൂപയും 25ാം വാര്‍ഡില്‍ വ്യാഴിക്കടവ് റോഡ് നഴ്‌സിങ് സ്‌കൂള്‍ സംരക്ഷണ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട 1.10 ലക്ഷം രൂപയും കരാറുകാരന് പാസാക്കി നല്‍കാനുള്ള അജണ്ട മാറ്റിവച്ചു. 2015 ഒക്ടോബര്‍ മൂന്നിന് കൂടിയ കൗണ്‍സില്‍ യോഗം തുക പാസാക്കാനുള്ള തീരുമാനം അംഗീകരിച്ചതായാണ് അജണ്ടയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന ഈ ഘട്ടത്തില്‍ കൗണ്‍സില്‍ കൂടിയിട്ടില്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും കൗണ്‍സിലമാര്‍ ചൂട്ടിക്കാട്ടി. ഭരണപ്രതിപക്ഷ കൗണ്‍സിലമാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സെക്രട്ടറി അജണ്ട മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ചെയര്‍പേഴ്‌സണ്‍ രജിനി പ്രദീപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലമാര്‍മാരായ വി മുരളീധരന്‍, വി ആര്‍ ജോണ്‍സണ്‍, പി കെ അനീഷ്, വി എ ഷാജഹാന്‍, ശുഭാ കുമാര്‍, അശോക് കുമാര്‍, പി കെ ജേക്കബ്, റോഷന്‍ നായര്‍, ഏബല്‍ മാത്യു, സജി കെ സൈമണ്‍, കെ ആര്‍ അരവിന്ദാക്ഷന്‍ നായര്‍, ഷൈനി, സിന്ധു അനില്‍ പങ്കെടുത്തു.
വിധവാ പെന്‍ഷന്റെ പേരില്‍ പണം തട്ടിപ്പ് സംഘം
പത്തനംതിട്ട: വിധവാ പെന്‍ഷന്‍ വാങ്ങിനല്‍കാമെന്ന വാഗ്ദാനം നല്‍കി പണം തട്ടുന്ന സംഘം പത്തനംതിട്ട നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും കൗണ്‍സില്‍ യോഗം മുന്നറിയിപ്പ് നല്‍കി.
പെന്‍ഷന്‍ അനുവദിപ്പിച്ച് നല്‍കാമെന്ന വ്യാജേന അപേക്ഷാ ഫോറങ്ങളുമായി നടക്കുന്ന സംഘം പലരില്‍ നിന്നും 500 രൂപ വീതം വാങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഘങ്ങളുടെ ചതിക്കുഴിയില്‍ ആരും വീഴരുതെന്നും കൗണ്‍സിലമാര്‍ അറിയിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കുന്നതായി കൗണ്‍സിലമാര്‍ ചൂണ്ടിക്കാട്ടി. ചിലര്‍ക്ക് ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്.
ഇതില്‍ അടിയന്തര നടപടി ഉണ്ടാവണം. പെന്‍ഷന്‍ നിഷേധിക്കാനുള്ള കാരണം ഉദേ്യാഗസ്ഥര്‍ വാര്‍ഡ് കൗണ്‍സിലമാരെ ബോധ്യപ്പെടുത്തണം. പെന്‍ഷന് വേണ്ടി എത്തുന്ന പാവങ്ങളെ നഗരസഭയിലും അക്ഷയകേന്ദ്രങ്ങളിലേക്കിട്ട് പന്തുതട്ടുന്ന ഉേദ്യാഗസ്ഥ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss