|    Jul 21 Sat, 2018 1:45 am
FLASH NEWS

മാലിന്യവുമായെത്തിയ പഞ്ചായത്ത് ലോറി നാട്ടുകാര്‍ തടഞ്ഞു

Published : 28th September 2017 | Posted By: fsq

 

എരുമേലി: മാലിന്യങ്ങളുമായി വന്ന പഞ്ചായത്തിന്റെ ലോറി നാട്ടുകാര്‍ തടഞ്ഞു തിരിച്ചയച്ചു. ഇന്നലെ കമുകിന്‍കുഴിയിലാണു സംഭവം. ഇവിടെ വര്‍ഷങ്ങളായി സംസ്‌കരണമില്ലാത്ത യൂനിറ്റിലെ ഷെഡ്ഡുകളില്‍ മാലിന്യങ്ങള്‍ ടണ്‍ കണക്കിനു കെട്ടിക്കിടക്കുകയാണ്. ഇതു നീക്കം ചെയ്യാന്‍ ടെന്‍ഡര്‍ നല്‍കിയതാണ്. എന്നാല്‍ 15 ലോഡ് മാലിന്യങ്ങളാണ് നീക്കം ചെയ്യാനായത്. മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുകയും ശാസ്ത്രീയമായ ആധുനിക സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുകയും ചെയ്യാതെ മാലിന്യങ്ങള്‍ തള്ളരുതെന്നാണു നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പരാതികള്‍ നല്‍കുകയും മാലിന്യങ്ങളുമായി പഞ്ചായത്തിന്റെ ലോറി വന്നപ്പോഴൊക്കെ നാട്ടുകാര്‍ തടയുകയും ചെയ്തതാണ്. കഴിഞ്ഞയിടെ ലോറി തടഞ്ഞിട്ടപ്പോള്‍ പോലിസെത്തി ഇടപെട്ട് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ മാലിന്യങ്ങള്‍ നീക്കാമെന്നും സംസ്‌കരണം ആരംഭിച്ചതിനു ശേഷം മാലിന്യങ്ങളെത്തിക്കുമെന്നുമാണു ധാരണയായതെന്നു നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് മാലിന്യങ്ങള്‍ മാറ്റാന്‍ ടെന്‍ഡര്‍ നല്‍കിയത്. എന്നാല്‍ ആകെ നീക്കം ചെയ്ത 15 ലോഡ് മാലിന്യങ്ങളും മുക്കൂട്ടുതറ കെഒടി റോഡില്‍ സ്വകാര്യ പറമ്പില്‍ കരാറുകാരന്‍ രാത്രിയില്‍ രഹസ്യമായി കുഴിച്ചുമൂടുകയായിരുന്നു. ഇതു പ്രദേശവാസികള്‍ എതിര്‍ത്തതോടെ മാലിന്യങ്ങള്‍ കരാറുകാരന്‍ തിരികെ കയറ്റി കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇന്നലെ കമുകിന്‍കുഴിയിലെ സംഭവ വികാസം. കെഒടി റോഡിനടുത്ത് മാലിന്യങ്ങള്‍ കുഴിച്ചിട്ട സംഭവത്തില്‍ വാര്‍ഡംഗം പ്രകാശ് പുളിക്കന്റെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ഉള്‍പ്പെടെ നിരവധി പരാതികളാണ് പഞ്ചായത്തിനും കലക്ടര്‍ക്കും ആരോഗ്യവകുപ്പിനും ലഭിച്ചിരിക്കുന്നത്. വാര്‍ഡംഗത്തിന്റെ പരാതിയില്‍ പഞ്ചായത്ത് അസി. എന്‍ജിനീയറോട് റിപോര്‍ട്ട് നല്‍കാന്‍ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌കരണത്തിനു യാതൊരുവിധ സംവിധാനങ്ങളുമില്ലാതെ പ്രതിസന്ധിയിലായതിനു പുറമേ ദിവസവും നാട്ടിലുടനീളം കുമിയുന്ന മാലിന്യങ്ങള്‍ ശേഖരിച്ചിടാന്‍ സ്ഥലമില്ലാതെ അവതാളത്തിലായിരിക്കുകയാണ് പഞ്ചായത്ത് ഭരണ സമിതി. ശബരിമല സീസണില്‍ സംസ്‌കരണത്തിനു മാര്‍ഗം കണ്ടില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss