|    Jul 23 Mon, 2018 12:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാലിന്യവാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം

Published : 25th September 2017 | Posted By: fsq

 

ഗുരുവായൂര്‍: ചൂല്‍പ്പുറത്ത് പോലിസ് അകമ്പടിയോടെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം തള്ളാനെത്തിയ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പോലിസ് ബലപ്രയോഗത്തിനിടെ സ്ത്രീകളടക്കം 11 പേര്‍ക്ക് പരിക്കേറ്റു. വാര്‍ഡ് കൗണ്‍സിലര്‍ എ ടി ഹംസ അടക്കമുള്ള 10 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ചൂല്‍പ്പുറം സ്വദേശികളായ കൊട്ടരപ്പാട്ട് രാജന്‍, ഭാര്യ ഭാര്‍ഗവി, മക്കളായ രാജേഷ്, സന്തോഷ്, ചക്കരാത്ത് നളിനി, വല്ലാശ്ശേരി ശ്രീമതി, വലിയകത്ത് ഖദീജ, മങ്കേടത്ത് ഹനീഫ, വാലിപറമ്പില്‍ സജിത്ത്, അമ്പലത്ത് വീട്ടില്‍ കബീര്‍ഷ, തെരുവത്ത് വീട്ടില്‍ ഷിഹാബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറോടെയാണ് മാലിന്യവുമായി അഞ്ച് ട്രാക്ടറുകള്‍ എത്തിയത്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വാഹനങ്ങള്‍ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് കടത്തി വിടാനായില്ല. ഗുരുവായൂര്‍ അസി. പോലിസ് കമ്മീഷണര്‍ പി എ ശിവദാസന്റെ നേതൃത്വത്തില്‍ പോലിസുകാരെത്തി നാട്ടുകാരെ ബലം പ്രയോഗിച്ച് മാറ്റാന്‍ തുടങ്ങി. ഇതോടെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരാഹാരം കിടക്കുന്ന രണ്ട് പേര്‍ ട്രഞ്ചിങ് ഗ്രൗണ്ട് കവാടത്തിന് മുന്നില്‍ കിടന്നു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പത്തോളം നാട്ടുകാരും കവാടത്തിന് മുന്നില്‍ കിടന്നു. പോലിസ് ബലംപ്രയോഗിച്ച് ഇവരെ മാറ്റാന്‍ ശ്രമിച്ചതോടെ നാട്ടുകാരിലൊരാള്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സ്ത്രീകളുള്‍പ്പെടെയുള്ള മറ്റു ചിലര്‍ പെട്രോള്‍ ഒഴിക്കാന്‍ തുടങ്ങിയതോടെ പോലിസ് ബലം പ്രയോഗിച്ച് ഇവരെ നീക്കം ചെയ്ത് മാലിന്യവണ്ടികള്‍ കടത്തി വിട്ടു. അറസ്റ്റിലായ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. സംഭവസ്ഥലത്ത് കുഴഞ്ഞു വീണ രാജന്‍(66) തീവ്രപരിചരണ വിഭാഗത്തിലാണ്. പോലിസ് ഉന്തും തള്ളിലുമാണ് സ്ത്രീകളടക്കമുള്ളവര്‍ക്ക് പരിക്കേറ്റത്. സംസ്‌കരിക്കാന്‍ കഴിയുന്ന വേര്‍തിരിച്ച മാലിന്യം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളാന്‍ കഴിഞ്ഞദിവസം നഗരസഭയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന്  മാലിന്യം തള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇന്നലെ അതിരാവിലെ മാലിന്യവുമായെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss