|    Jan 24 Tue, 2017 10:42 pm
FLASH NEWS

മാലിന്യവാടിയായി മാനന്തവാടി

Published : 16th September 2016 | Posted By: SMR

മാനന്തവാടി: ഓണവും ബക്രീദും ഒന്നിച്ചെത്തിയതിന്റെ തിരക്കില്‍ വീര്‍പ്പുമുട്ടിയ മാനന്തവാടി നഗരം. ഉത്രാട ത്തിരക്ക് കഴിഞ്ഞതോടെ തിരുവോണപ്പുലരിയില്‍ മാലിന്യവാടിയായി മാറി. ഓണപ്പൂക്കളമൊരുക്കാന്‍ മറുനാടന്‍ കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പൂക്കളുമായി നഗരത്തിന്റെ തെരുവോരങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കയ്യടക്കിയിരുന്നു. ഗാന്ധി പാര്‍ക്ക് മുതല്‍ മൈസൂര്‍ റോഡിന്റെ ഒരു ഭാഗത്ത് പൂക്കച്ചവടക്കാരും മറുഭാഗത്ത് തുണി കച്ചവടക്കാരുമായിരുന്നു. ഉത്രാടദിനത്തില്‍ ഉച്ചക്ക് ശേഷം ഉണ്ടായ കനത്ത മഴയില്‍ കിട്ടുന്ന വിലയക്ക് പൂവിറ്റൊഴിവാക്കുകയായിരുന്നു. ബാക്കി വന്ന പൂക്കളും പ്ലാസ്റ്റിക്കുകളും റോഡരികില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഇതു മൂലം തിരുവോണ ദിനം പുലര്‍ന്നപ്പോള്‍ മാലിന്യം കുമിഞ്ഞുകൂടിയ കാഴ്ചയാണ് കാണാനായത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധി ആയതിനാല്‍ ശുചീകരിക്കാന്‍ നഗരസഭയുടെ ശുചീകരണ ജീവനക്കാര്‍ ദിവസങ്ങളായി ശുചീകരണത്തിനെത്താറില്ല. ഇനി ശുചീകരണം നടക്കണമെങ്കില്‍ ശനിയാഴ്ചയാകണം. എല്ലാ വര്‍ഷങ്ങളിലും ആഘോഷവേളകളിലെത്തുന്ന വഴിവാണിഭക്കച്ചവടക്കാര്‍ക്കായി പ്രത്യേക സ്ഥലം നിശ്ചയിച്ചുനല്‍കണമെന്ന ആവശ്യം ഇതോടെ ശക്തമാവുകയാണ്. നഗര മധ്യത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ വഴിവാണിഭക്കാരെ കച്ചവടം ചെയ്യാന്‍ അനുമതി നല്‍കുന്നതിനാല്‍ തിരക്കുള്ള ദിവസങ്ങളില്‍ ഗതാഗത തടസ്സം പതിവാണ്. ജില്ലാആശുപത്രി റോഡില്‍ പോലും കച്ചവടക്കാര്‍ കാരണം ആംബുലന്‍സുകള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. ഉത്രാട നാളില്‍ നഗരം മുഴുവന്‍ ശക്തമായ ഗതാഗതക്കുരുക്കിലായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക