|    Feb 22 Wed, 2017 2:16 pm
FLASH NEWS

മാലിന്യമൊഴുക്കി മീന്‍വണ്ടികള്‍; മൂക്കുപൊത്തി ജനം

Published : 24th October 2016 | Posted By: SMR

നാറാത്ത്: വളപട്ടണം പാലത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ബദല്‍ ഗതാഗത പരിഷ്‌കാരം നിലനില്‍ക്കുന്ന പുതിയതെരു-കമ്പില്‍ റൂട്ടില്‍ മീന്‍വണ്ടികള്‍ മലിനജലം റോഡിലൊഴുക്കുന്നതായി പരാതി. ഇതു യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും സൃഷ്ടിക്കുന്ന പ്രയാസം ചെറുതല്ല. അസഹ്യമായ ദുര്‍ഗന്ധം കാരണം മൂക്കുപൊത്തി സഞ്ചരിക്കേണ്ട ഗതികേടിലാണ്. ദേശീയപാതയിലെ ഗതാഗതനിയന്ത്രണത്തെ തുടര്‍ന്ന് ഭാരവണ്ടികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് പുതിയതെരു-കമ്പില്‍ റൂട്ടിലൂടെ ദിനേന കടന്നുപോവുന്നത്. എന്നാല്‍, രാത്രികാലങ്ങളില്‍ മീന്‍വണ്ടികള്‍ പലതും മലിനജലം ഒഴുക്കുന്നതോടെ ദുര്‍ഗന്ധപൂരിതമാണ് റോഡ്. ഒഴുക്കുന്ന കൊഴുത്ത ദ്രാവകത്തില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഏറെയാണ്. മീന്‍ലോറികളില്‍ മാലിന്യം സംഭരിക്കാനുള്ള ടാങ്ക് സ്ഥാപിക്കണമെന്നാണ് ചട്ടം. മിക്ക വണ്ടികളിലും രണ്ടു ടാങ്കുകളുണ്ടാവും. ഇവ നിറയുന്നതിനനുസരിച്ച് പുറത്തേക്ക് ഒഴിവാക്കണം. ഇല്ലെങ്കില്‍ നിറഞ്ഞൊഴുകും. ചിലപ്പോള്‍ ടാങ്ക് തുറന്നുവിടേണ്ടിവരുമെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.  കര്‍ണാടക, തമിഴ്‌നാട്, ഗോവ സംസ്ഥാനങ്ങളി ല്‍ മീന്‍ലോറികളില്‍ നിന്നുള്ള മലിനജലം തുറന്നുവിടാന്‍ പ്രത്യേക സംവിധാനമുണ്ട്. ലോറികള്‍ അവിടെയെത്തി വെള്ളമൊഴുക്കി യാത്ര തുടരും. എന്നാല്‍, കേരളത്തില്‍ ഒരിടത്തുപോലും ഇത്തരം സംവിധാനം അധികൃതര്‍ ഒരുക്കിയിട്ടില്ല. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് പാതയിലൂടെയാണ് കൊച്ചി മുതലിങ്ങോട്ടുള്ള ലോറികള്‍ കര്‍ണാടകയിലെ ഫാക്ടറികളിലേക്ക് മീനുമായി പോവുന്നത്. മിക്കവയും മാലിന്യടാങ്ക് തുറന്നുവിട്ടാണ് യാത്ര. ഇതര സംസ്ഥാനങ്ങളില്‍നിന്ന് മീനുമായി കേരളത്തിലെത്തുന്ന ലോറികളില്‍നിന്നുള്ള മാലിന്യം കൂടിയാവുമ്പോള്‍ സ്ഥിതി സങ്കീര്‍ണമാവും. അതേസമയം, നാട്ടുകാര്‍ പരാതിപ്പെട്ടാലും ഇത്തരം വാഹനങ്ങള്‍ക്കെതിരേ കാര്യമായ നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവുന്നില്ല. മാലിന്യമൊഴുക്കുന്ന വണ്ടികള്‍ പിടിച്ചാല്‍ പോലിസ് ആക്ട്പ്രകാരം 1000 രൂപ പിഴ ഈടാക്കി വിടുകയാണ് പതിവ്. അഴുകുമെന്നതിനാല്‍ മീന്‍വണ്ടികള്‍ പിടിച്ചിട്ട് കേസെടുക്കാറുമില്ല. അതിനിടെ, വളപട്ടണം പാലത്തിന്റെ നവീകരണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. അടുത്തമാസം ആദ്യവാരത്തോടെ പാലം പൂര്‍ണമായും തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്ത ല്‍. കിഴക്കുവശത്തു നടന്നുവന്ന രണ്ടാംഘട്ട പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയായി. 50 മീറ്റര്‍  ൈദര്‍ഘ്യമുള്ള പാലത്തിന്റെ പ്രധാനപ്പെട്ട 14 സ്ലാബുകളെ തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന ജോലികള്‍ക്കൊപ്പം ജീര്‍ണിച്ച ഭാഗത്തെ സിമന്റും കമ്പിയും ഇളക്കിമാറ്റി പകരം കോണ്‍ക്രീറ്റ് ചെയ്തുറപ്പിക്കുന്ന ജോലിയാണു പൂര്‍ത്തിയായത്. ഇതു പൂര്‍ണമായും ഉറച്ചുകഴിഞ്ഞാല്‍ ഇരുഭാഗത്തു കൂടെയും നിയന്ത്രണവിധേയമായി വാഹനങ്ങളെ കടത്തിവിടാനാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക