|    Nov 19 Mon, 2018 6:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാലിന്യപ്ലാന്റിന് പിന്നാലെ മാലിന്യസംസ്‌കരണ പ്ലാന്റും

Published : 11th November 2018 | Posted By: kasim kzm

മുഹമ്മദ് റാഫി

പാലോട് (തിരുവനന്തപുരം): ഒരുപറയില്‍ മാലിന്യ പ്ലാന്റ് യാഥാര്‍ഥ്യമാവുന്നതോടെ ഓടുചുട്ടപടുക്കയില്‍ ബയോ മെഡിക്കല്‍ പ്ലാന്റ് പദ്ധതിയും നടപ്പാവും. ഇതിനായുള്ള പ്രാരംഭഘട്ട നടപടികള്‍ പുരോഗമിക്കുന്നതായി അറിയുന്നു. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ, ലോകത്ത് അവശേഷിക്കുന്ന അപൂര്‍വ ജൈവവൈവിധ്യ മേഖലയായ അഗസ്ത്യാര്‍ വന താഴ്‌വരയില്‍ മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കു അധികൃതര്‍ പച്ചകൊടി കാട്ടിയിരിക്കുകയാണ്. നിലവില്‍ ജനകീയ പ്രതിഷേധങ്ങള്‍ക്കിടയില്‍ മാലിന്യപ്ലാന്റിന് പിന്നാലെ ആശുപത്രി മാലിന്യസംസ്‌കരണ പ്ലാന്റിനും ശ്രമം ഊര്‍ജിതമാക്കി്.
ഇതിന്റെ ഭാഗമാണ് ഓടുചുട്ട പടുക്കയിലെ ആശുപത്രി മാലിന്യസംസ്‌കരണ പ്ലാന്റ് പദ്ധതിയില്‍ നിന്നു പിന്നോട്ടു പോയിട്ടില്ലെന്ന് കഴിഞ്ഞദിവസം ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി ആവര്‍ത്തിച്ചത്. പെരിങ്ങമ്മല പഞ്ചായത്തിലെ അഗസ്ത്യാര്‍ വനതാഴ്‌വരയില്‍ ഓടുചുട്ട പടുക്കയില്‍ ആശുപത്രി മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഐഎംഎ പദ്ധതിയില്‍ നിന്നു പിന്‍മാറി. എന്നാല്‍ ഇതുവരെയും പിന്മാറ്റം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സമരം നടക്കുന്നതിനിടെയാണു തൊട്ടടുത്ത പ്രദേശമായ ഒരുപറയില്‍ ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നത്.
ജില്ലാ കൃഷിത്തോട്ടമായ അഗ്രി ഫാമില്‍ അഗസ്ത്യാര്‍ വന താഴവരയില്‍ ചിറ്റാര്‍ നദിക്കരയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്താണ് ഈ മാലിന്യപ്ലാന്റ് പദ്ധതിക്ക് സ്ഥലം കണ്ടത്. ഇതിനെതിരേ നാട്ടുകാര്‍, ആദിവാസികള്‍ ആരംഭിച്ച ജനകീയസമരം പിന്നീട് രാഷ്ട്രീയപ്പാര്‍ട്ടികളടക്കം വിവിധ സംഘടനകള്‍ ഏറ്റെടുത്തു നടന്നു വരികയാണ്. പെരിങ്ങമ്മല പഞ്ചായത്ത് ഭരിക്കുന്ന സിപിഎം, സിപിഐ പാര്‍ട്ടികളൊഴികെയുള്ളവര്‍ ഇപ്പോഴും സമരമുഖത്താണ്. ഐഎംഎ പ്ലാന്റ് വരുന്നുവെന്നറിഞ്ഞു സമരം ആരംഭിച്ചപ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ പെരിങ്ങമ്മല പഞ്ചായത്ത് ഒരുമിച്ചു നിന്നാണു സമരം ചെയ്തത്. പഞ്ചായത്ത് അടിയന്തിര പ്രമേയം പാസാക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മാലിന്യ പ്ലാന്റ് വരുന്നുവെന്നും ഇതിനായി ഒന്നാംഘട്ടമെന്ന നിലയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി പ്രാരംഭ ജോലികള്‍ തീര്‍ന്നതായി ചീഫ് സെക്രട്ടറി കഴിഞ്ഞ ആഴ്ച ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നിസാര്‍ മുഹമ്മദ്— സുല്‍ഫിക്ക് നല്‍കിയ വിവരാവകാശ മറുപടിയില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഏഴ് മാലിന്യപ്ലാന്റുകളില്‍ തിരുവനന്തപുരം ജില്ലയില്‍ പെരിങ്ങമ്മല പഞ്ചായത്തില്‍ നിര്‍ദിഷ്ട പ്രദേശത്തു തന്നെയാണ് പ്ലാന്റ് എന്ന് വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഈ മാലിന്യ പ്ലാന്റ് പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ഐഎംഎയുടെ ബയോ മെഡിക്കല്‍ മാലിന്യ പ്ലാന്റും ഓട് ചുട്ട പടുക്കയില്‍ കൊണ്ടുവരാനാണ് ശ്രമം. ഓടുചുട്ട പടുക്കയിലെ ബയോ മെഡിക്കല്‍ മാലിന്യ പ്ലാന്റ് പദ്ധതി ഉപേക്ഷിച്ചു എന്നതരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നുമാണ് ഐഎംഎ സെക്രട്ടറി ഡോ. സുല്‍ഫി മാധ്യമങ്ങളോട് പറഞ്ഞത്.
ആവശ്യം മനസ്സിലാക്കി രണ്ടു ജില്ലകളിലായി ഒരു ബയോ മെഡിക്കല്‍ മാലിന്യപ്ലാന്റ് എന്ന നിലയില്‍ തുടങ്ങാനാണ് ഐഎംഎയുടെ തീരുമാനം. ഒരു പറയിലെ മാലിന്യ പ്ലാന്റിന്റെ മറപിടിച്ച് ഓടുചുട്ട പടുക്കയിലും ബയോ മെഡിക്കല്‍ പ്ലാന്റ് കൊണ്ട് വരാനുള്ള അധികൃതരുടെ നീക്കത്തിന്റെ ഭാഗമാണ് നിലവിലുള്ള മാലിന്യപ്ലാന്റ് വിരുദ്ധ സമരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ചില കേന്ദ്രങ്ങളില്‍ ശ്രമം തുടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss