|    Dec 11 Tue, 2018 4:01 am
FLASH NEWS

മാലിന്യനിര്‍മാര്‍ജനത്തിന് ആക്്ഷന്‍ പ്ലാന്‍ ഉടന്‍: മുഖ്യമന്ത്രി

Published : 10th June 2018 | Posted By: kasim kzm

താനൂര്‍: മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്ന് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന കനോലി കനാല്‍ ശുദ്ധീകരിക്കാനും മാലിന്യനിര്‍മാര്‍ജനത്തിനും ആക്്ഷന്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കുമെന്നും ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
കനോലി കനാല്‍ നവീകരണവുമായി ബന്ധപ്പെട്ട് താനൂര്‍ എംഎല്‍എ വി അബ്ദുര്‍റഹ്മാന്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് നിരവധി പദ്ധതികള്‍ ഒരേ സമയം കടന്നുപോയിരുന്ന കനോലി കനാല്‍ കൈയേറ്റങ്ങളെ തുടര്‍ന്ന് ഒഴുക്ക് നിലച്ച വെറുമൊരു നീര്‍ച്ചാലായി മാറിയെന്നും കനാലിന്റെ തീരങ്ങളിലെ വീടുകളില്‍നിന്നും വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും കനാലിലേയ്ക്ക് നേരിട്ട് മാലിന്യം തള്ളുന്ന അവസ്ഥയാണുള്ളതെന്നും കനാലിലെ മാരക വിഷാംശമുള്ള മാലിന്യം സമീപത്തെ ജലസ്രോതസ്സുകളെ മാലിന്യവാഹകരാക്കി മാറ്റിയിരിക്കുകയാണെന്നും ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തില്‍ അദ്ദേഹം വിശദീകരിച്ചു. കനാലിലെ ആറായിരത്തോളം സാംപിളുകള്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് പരിശോധിച്ചതില്‍ ലോകാരോഗ്യ സംഘടന സ്റ്റാന്റേര്‍ഡ് പ്രകാരം അനുവദനീയമായതിലും എത്രയോ ഇരട്ടി മാലിന്യമാണ് അടിഞ്ഞുകൂടിയതായി കണ്ടെത്തിയത്. കനോലി കനാലിന്റെ ഉപരിതലത്തിലും അടിത്തട്ടിലും അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യക്കൂമ്പാരം കേട്ടുകേള്‍വി പോലുമില്ലാത്ത രോഗങ്ങളടക്കം പടരുന്നു. ഇക്കാലത്ത് ജനത്തിന് ഭയവും ആശങ്കയും ഉളവാക്കുന്നതായി ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ എംഎല്‍എ അറിയിച്ചു. ചാലുകള്‍ കനാലിലേയ്ക്കു ചേരുന്ന ഭാഗങ്ങളില്‍ ബാര്‍ സ്‌ക്രീന്‍, ഇന്റര്‍സെപ്റ്ററുകള്‍ എന്നിവ ഏര്‍പ്പെടുത്തുക, കനാല്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുക, കനാലിനിരുവശവും വെര്‍ട്ടിക്കല്‍ സ്‌ക്രീന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് ആക്്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്താനുള്ള പ്രധാന നിര്‍ദേശങ്ങളെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വാണിജ്യ സമുച്ചയങ്ങള്‍, റെസ്റ്റോറന്റുകള്‍ മറ്റുസ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള മലിനജലം പബ്ലിക് ഡ്രൈനേജുകളിലൂടെ കനാലിലേയ്ക്ക് എത്തിച്ചേരുന്നത് തടയാന്‍ സമീപപ്രദേശങ്ങളിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും പ്രാഥമിക വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് സിസ്റ്റം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. കാക്കത്തുരുത്ത് മുതല്‍ പയ്യോളി വരെയുള്ള ദേശീയ ജലപാത മൂന്നാം റീച്ചായ കനോലികനാലിന്റെ നിര്‍മാണപ്രവര്‍ത്തനം ഇന്‍ലാന്റ് വാട്ടര്‍വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി  അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss