|    Jun 20 Wed, 2018 10:51 am

മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം; ജില്ല ഒരുങ്ങിത്തുടങ്ങി

Published : 12th August 2017 | Posted By: fsq

 

കല്‍പ്പറ്റ: മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ ഒരുങ്ങി ജില്ല. സംസ്ഥാനം പൂര്‍ണ്ണമായും മാലിന്യ രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമഗ്ര ശുചിത്വ പദ്ധതി ജില്ലയില്‍ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം ഗൃഹതല സന്ദര്‍ശനവും അവബോധ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. പാരിസ്ഥിതിക സൗന്ദര്യംകൊണ്ടും പ്രകൃതിക്കനുയോജ്യമായ ആവാസ വ്യവസ്ഥയാലും മറ്റ് സ്ഥലങ്ങളില്‍ നിന്നും വയനാട് എന്നും വ്യത്യസ്തമാണ്. എന്നാല്‍ നിരന്തരം മാലിന്യ പ്രശ്‌നത്തില്‍ നിന്ന് പിടിവിടാത്ത അവസ്ഥയാണിന്ന്. കാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളും പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ നേരിട്ട് സന്ദര്‍ശിക്കുകയും മാലിന്യ പരിപാലന അവസ്ഥ നിര്‍ണയ പഠനത്തോടൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ വ്യക്തി, കുടുംബം സ്വകാര്യ വീടുകള്‍, കോളനികള്‍, ഫഌറ്റ് സമുച്ചയങ്ങള്‍ പൊതു സ്ഥാപനങ്ങള്‍, കച്ചവട വ്യവസായ ശാലകള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്ന മാലിന്യം കേരള മുനിസിപ്പാലിറ്റി ആക്ട് 1994 ലെ 334 എ വകുപ്പിലെ നിബന്ധന പ്രകാരം അതുല്‍പാദിപ്പിക്കുന്നവരുടെ ഉത്തരവാദിത്വത്തില്‍ സംസ്‌കരിക്കുക എന്നതാണ് സമീപനം. എന്നാല്‍ ജൈവ മാലിന്യത്തിനുപരിയായി അജൈവ അപകടകരമായ മാലിന്യത്തിന്റെ അളവും സ്വഭാവവും കണക്കിലെടുത്ത് വിവിധങ്ങളായ സംസ്‌കരണ രീതികള്‍ തദ്ദേക സ്വയംഭരണടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ച് മാലിന്യ സംസ്‌കരണം യാഥര്‍ത്ഥ്യമാക്കാവുന്നതാണ്. മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല, ബ്ലോക്ക്, പഞ്ചായത്ത്തല പരിശീലനങ്ങള്‍ നടത്തി വളണ്ടിയര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ച് അവസ്ഥ നിര്‍ണയ പഠനത്തിനായുളള ഭവന സന്ദര്‍ശന പരിപാടികള്‍ ജില്ലയില്‍ നടന്നു വരുന്നു. ജില്ലാ ശുചിത്വ മിഷന്റെയും ഹരിത കേരളമിഷന്റെയും നേതൃത്വത്തിലാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ശുചിത്വ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ഓരോ വീട്ടിലും ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ നിലവില്‍ ഏത് വിധേയനാണ് സംസ്‌കരിക്കുന്നത് മനസ്സിലാക്കുന്നതിനും, ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിന് അനുയോജ്യമായ വിവിധ സംവിധാനങ്ങള്‍ വിശദമായി ബ്രോഷറുകള്‍ നല്‍കി പരിചയപ്പെടുത്തുകയും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ശീലവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നല്‍കുക എന്നു കൂടി ഗൃഹതല സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്. 13നകം  ഗൃഹതല സന്ദര്‍ശനം വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ വിവിധ സാമൂഹ്യ പ്രതിനിധികള്‍, കുടുംബശ്രീ, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍, സാക്ഷരത പ്രേരക്മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വയോജനങ്ങള്‍ സന്നദ്ധ സംഘടനകള്‍ തുടങ്ങിയ നാനാ തുറകളില്‍പ്പെട്ടവരുടെ സഹകരണത്തോടെ പൂര്‍ത്തീകരിക്കും. 40 മുതല്‍ 50 വീടുകള്‍ 2 പേരടങ്ങുന്ന ഒരു ടീമാണ് സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് ടീമുകള്‍ ശേഖരിച്ച വിവരങ്ങള്‍ വാര്‍ഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡ്തല ക്രോഡീകരണം നടത്തും. വാര്‍ഡുതല ക്രോഡീകരണ രേഖ 15 ന് മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യ വേളയില്‍ വിശദമാക്കുകയും ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങിന് ശേഷം ത്രിതല പഞ്ചായത്ത് ജില്ലാതലത്തില്‍ നടക്കുന്ന വിവിധ സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ പ്രഖ്യാപിക്കുകയും ചെയ്യും. അന്നേ ദിവസം സംസ്ഥാനത്തെ മുഴുവന്‍ എംപി മാരും, എംഎല്‍എമാരും ജനപ്രതിനിധികളും ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യും. വാര്‍ഡ് തലത്തില്‍ വിപുലമായ ശുചിത്വ സംഗമ പ്രവര്‍ത്തനങ്ങളും, ഗ്രീന്‍ പ്രോട്ടോകോള്‍ മാതൃക പ്രവര്‍ത്തകരെ അനുമോദിക്കല്‍ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വാപ്പ് മേളകള്‍, പാഴ് വസ്തു ശേഖരണം ഊര്‍ജ്ജിതമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍, ശുചിത്വ ഗ്രാമസഭ, പ്രതിജ്ഞയും ശുചിത്വ സന്ധ്യ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ ക്രമീകരിക്കുന്നതായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss