|    Jun 21 Thu, 2018 2:23 am
FLASH NEWS

മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം; ഗൃഹതല വിവര ശേഖരണം ഊര്‍ജിതമാക്കും

Published : 6th August 2017 | Posted By: fsq

 

പൈനാവ്: ജില്ലയിലെ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കലക്ടറേറ്റില്‍ ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കര്‍മ്മസമിതി യോഗം അവലോകനം ചെയ്തു. മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപനം ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് ആറ് മുതല്‍ 13വരെ നടക്കുന്ന ഗൃഹതല വിവര ശേഖരണം ഊര്‍ജ്ജിതമായി നടത്തുവാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഓരോ വീട്ടിലും ഉണ്ടാകുന്ന മാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനും ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിന് ഏതെല്ലാം മാര്‍ഗ്ഗങ്ങളാണ് അനുയോജ്യമെന്ന് കണ്ടെത്തുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമാണ് ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തുന്നത്. ഇന്നുമുതല്‍ (6.8.17) 13വരെയുള്ള ദിവസങ്ങളില്‍ രണ്ട് പേര്‍ അടങ്ങിയ ടീമുകളാണ് 40 50 വീടുകളില്‍ വിവരശേഖരണം നടത്തുക. ഇതിനായി സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി അധ്യാപകര്‍, എന്‍എസ്എസ് വാളണ്ടിയര്‍മാര്‍, സ്‌കൗട്ട്, ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. സമഗ്ര ശുചിത്വ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ മാലിന്യസംസ്‌കരണ മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രോജക്ട് ക്ലിനിക്കുകള്‍ സംഘടിപ്പിച്ചു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പു സാമ്പത്തികവര്‍ഷം വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, എന്‍ജിഒകള്‍ എന്നിവ വഴി 3,30,000 പച്ചക്കറി വിത്ത് പാക്കറ്റുകള്‍ നല്‍കി പച്ചക്കറി കൃഷി വികസനത്തിന് പ്രോത്സാഹനം നല്‍കി. ജനകീയ ജൈവഗ്രാം ഫെഡറേഷന്‍ തുടങ്ങിയ സന്നദ്ധ സംഘടനകള്‍ മുഖേന 200 ഹെക്ടറില്‍ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. വിജ്ഞാന വ്യാപനത്തിന്റെ ഭാഗമായി 41 ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. 30 ഹെക്ടറില്‍ തരിശു നിലത്ത് നെല്‍ക്കൃഷി ആരംഭിക്കാന്‍ നടപടി തുടങ്ങി. ജില്ലയില്‍ 40 ഹെക്ടര്‍ സ്ഥലത്ത് പ്രോജക്ട് അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍, എന്‍.ജി.ഒകള്‍ മുതലായവവഴി പുതുതായി നെല്‍ക്കൃഷി ചെയ്യാന്‍ 10 ലക്ഷം രൂപയുടെ പദ്ധതിക്ക് തുടക്കം കുറിച്ചു. അഞ്ച് സെന്റ് മുതല്‍ 50 സെന്റ് വരെയുള്ള കൃഷിക്കാണ് സബ്‌സിഡി നല്‍കുന്നത്. ഗ്രാമ, ബ്ലോക്ക് ജില്ലാപഞ്ചായത്തുകള്‍ ഹരിതകേരളം പദ്ധതിക്കായി 7.69 കോടി രൂപയുടെ വിവിധ പ്രോജക്ടുകള്‍ ആവിഷ്‌ക്കരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2017 മാര്‍ച്ച് മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ 461 കിണറുകള്‍ നിര്‍മിച്ചു. 102 കിണറുകള്‍ പുനരുജ്ജീവിപ്പിച്ചു. 33 കിണറുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. ജലസേചനത്തിനും കുടിവെള്ളത്തിനുമായി 262 കുളങ്ങള്‍ നിര്‍മ്മിക്കുവാന്‍ കഴിഞ്ഞു. 103 കുളങ്ങള്‍ പുനരുജ്ജീവിപ്പിച്ചു. 11 ചിറകള്‍ വൃത്തിയാക്കി. 55432 മീറ്റര്‍ നീളത്തില്‍ തോടുകള്‍ വൃത്തിയാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി. 2132 മീറ്റര്‍ നീളത്തില്‍ ജലസേചന കനാലുകള്‍ വൃത്തിയാക്കുകയും ചെയ്തു. 4102 മീറ്റര്‍ നീളം തോടുകളുടെ പുനരുജ്ജീവന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്, ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, ചെറുകിട ജലസേചന എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാര്‍ജ്ജ് ഡാനിയേല്‍, ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. ജി.എസ്. മധു, ഡോ. വി.ബി വിനയന്‍, ബേബി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss