|    Dec 16 Sat, 2017 1:30 am
FLASH NEWS

മാലിന്യങ്ങള്‍ കുന്നുകൂടി; നഗരം ശുചീകരിക്കാന്‍ നഗരസഭാ ചെയര്‍മാന്‍ ചൂലെടുത്തു

Published : 16th September 2016 | Posted By: SMR

കാഞ്ഞങ്ങാട്: ഓണം-ബക്രീദ് കച്ചവടത്തിന്റെ മാലിന്യങ്ങള്‍ നഗരത്തില്‍കുന്നുകൂടി കിടക്കുന്നത് തടയാന്‍ നഗരസഭാ ചെയര്‍മാന്‍ രംഗത്തെത്തി. ചൂലെടുത്ത് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ തന്നെ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ബക്രീദ്-ഓണം വഴിയോര കച്ചവടത്തിന്റെ മാലിന്യങ്ങള്‍ നിറഞ്ഞുകവിഞ്ഞ നഗരം ഒറ്റ രാത്രി കൊണ്ട് ക്ലീന്‍ സിറ്റിയായി. ഓണത്തലേന്ന് രാത്രി പത്തോടെയാണ് നഗരസഭാ ചെയര്‍മാന്‍ വി വി രമേശനും സഹപ്രവര്‍ത്തകരും ഒരുപറ്റം ശുചീകരണ തൊഴിലാളികളുമായി നഗരത്തിലിറങ്ങിയത്.
ചെയര്‍മാന് പുറമെ വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ സന്തോഷ് കുശാല്‍ നഗര്‍, രതീഷ് ബല്ല, എം എം നാരായണന്‍, നഗരസഭാ കൗണ്‍സില്‍ ക്ലര്‍ക്ക് വേണുഗോപാലന്‍, മുന്‍ കൗണ്‍സിലര്‍മാരായ സുഷാന്ത്, മോഹനന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാത്രികാല ശുചീകരണ പ്രവര്‍ത്തനം നടന്നത്. അതിയാമ്പൂര്‍ പാര്‍കോ ക്ലബ്ബ് പ്രവര്‍ത്തകരും സഹായത്തിനെത്തി.
പെരുന്നാള്‍-ഓണം പോലുള്ള ആഘോഷവേളകളിലെ വഴിയോര കച്ചവടങ്ങളുടെ അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞ് ദിവസങ്ങളോളം നഗരം ദുര്‍ഗന്ധം പേറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ചെയര്‍മാനും സഹപ്രവര്‍ത്തകരും ഓണത്തലേന്ന് രാത്രി തന്നെ ശുചീകരണ പ്രവര്‍ത്തനവുമായി നഗരത്തിലിറങ്ങിയത്. രാത്രി പത്തിന് ആരംഭിച്ച ശുചീകരണം പുലര്‍ച്ചെ അഞ്ച് വരെ നീണ്ടു.
കച്ചവടം പൊടിപൊടിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ പ്ലാസ്റ്റിക് മാലിന്യങ്ങളും പൂക്കളുടെ അവശിഷ്ടങ്ങളും ഓണത്തലേന്ന് തന്നെ കുമിഞ്ഞ് കൂടിയിരുന്നു. ഇതൊക്കെയും ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ കൂടിയാണ് ചെയര്‍മാനും സഹ പ്രവര്‍ത്തകരും യുദ്ധകാലടിസ്ഥാനത്തില്‍ നഗരം ശുചീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക