|    Jan 17 Tue, 2017 4:42 pm
FLASH NEWS

മാലിന്യം നിറഞ്ഞ് പാര്‍വതീ പുത്തനാര്‍; സംരക്ഷിക്കണമെന്ന് നാട്ടുകാര്‍

Published : 23rd August 2016 | Posted By: SMR

എം  എം  അന്‍സാര്‍

കഴക്കൂട്ടം: തിരുവനന്തപുരത്തിന്റെ ഹൃദയത്തിലൂടെ കഠിനംകുളം കായലില്‍ അവസാനിക്കുന്ന 18 കിലോമീറ്റര്‍ നീളമുള്ള പാര്‍വതീ പുത്തനാര്‍ മാലിന്യപ്പുഴയായി മാറിയിട്ട് വര്‍ഷങ്ങളായി. ഒരുകാലത്ത് ഇതിന്റെ പരിസരത്തു താമസിക്കുന്ന ജനതയ്ക്ക് തെളിനീര്‍ നല്‍കുകയും മൂന്നു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്തിരുന്ന ഈ പുഴ ചരിത്രത്തിന്റെ താളുകളില്‍ നിന്നും അപ്രത്യക്ഷമാവുകയാണ്.
ഇന്നീ പുഴ അറവുമാടുകളുടെ അവശിഷ്ടങ്ങളും മനുഷ്യ വിസര്‍ജ്യവും പായലും ചെളിയും കുളവാഴയും ഫഌറ്റുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും സമീപ പ്രേദേശത്തെ വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങളും നിറഞ്ഞ് മലിനമായിരിക്കുകയാണ്. കൂടാതെ സീവേജ് ഫാമിലെ  മാലിന്യങ്ങളും  വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളും പ്രധാന ഓടകളിലൂടെ ഒഴുകിയെത്തുന്നത് പുത്തനാറിലേക്കാണ്. കടലിലേക്കുള്ള ആറിന്റെ ഒഴുക്ക് നിലച്ചതിനാല്‍ കൊതുകുകള്‍ വളരുവാനുമിടയായി. കാലവര്‍ഷത്തെ ഒഴുക്ക് നിലച്ചു പുത്തനാര്‍ കരകവിഞ്ഞൊഴുകുന്നതോടെ ഇതിനിരുവശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ത്വക്ക് രോഗവും മാത്രം മിച്ചം.
പാര്‍വതീ പുത്തനാറില്‍ മാരകമായ രോഗം ക്ഷണിച്ചുവരുത്തുന്ന രാസവസ്തുക്കളുടെ സാന്നിധ്യം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്  നാറ്റ് പാക്ക് നടത്തിയ പഠനത്തിലാണ്  ഇതുകണ്ടെത്തിയത്.  ജൈവ വസ്തുക്കള്‍ ക്ലേ സള്‍ഫേറ്റ്, ക്‌ളോറൈഡ്, കാല്‍സ്യം നൈട്രേറ്റുകള്‍, മഗ്‌നീഷ്യം എന്നിവയുടെ അമിത സാന്നിധ്യവും ജലത്തില്‍ അമിതമായി ഉള്ളതായി കണ്ടെത്തിയിരുന്നു.
ഇവക്കൊപ്പം  നൈട്രേറ്റിന്റെ സാന്നിധ്യം ഒട്ടും തന്നെ ജലത്തില്‍ ഇല്ല എന്നും കണ്ടെത്തിയിരുന്നു. ചരിത്രാതീതമായ കാലഘട്ടം മുതല്‍ തിരുവനന്തപുരത്തെ വാണിജ്യ വ്യാപാരങ്ങള്‍ക്കും ജലഗതാഗതവും നടത്തിയിരുന്നതും ഈ പുഴയിലൂടെയാണ്. എന്നാല്‍ ഇന്നൊരു കൊതുമ്പു വള്ളത്തിനുപോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
ഭരണ സിരാകേന്ദ്രത്തിനു തൊട്ടു മുന്നിലൂടെ ഒഴുകുന്ന പാര്‍വതീ പുത്തനാറിനെ കോവളം നീലേശ്വരം ജലപാതയുടെ ഭാഗമാക്കുമെന്നു  കഴിഞ്ഞ സര്‍ക്കാരുകള്‍ വാഗ്ദാനം നല്‍കിയെങ്കിലും എല്ലാം കടലാസ്സിലൊതുങ്ങി .ജലഗതാഗതം പുനരാരംഭിക്കുന്നതിനും ടൂറിസം വികസനത്തിനും കോടികള്‍ ചിലവാക്കി ജോലികള്‍ നടത്തിയെങ്കിലും നടന്നത് കോടികളുടെ മണല്‍ക്കൊള്ളയായിരുന്നു.
വര്‍ങ്ങള്‍ക്കു മുമ്പ് പുത്തനാര്‍ ഒഴുകുന്ന കരിക്കകത്തും ചാന്നാങ്കരയിലും  സ്‌കൂള്‍ വാഹനങ്ങള്‍ മറിഞ്ഞു എട്ടു കുട്ടികളും ഒരു കെയര്‍ ടേക്കറും മരണമടഞ്ഞിരുന്നു. ഇതോടെ പ്രദേശത്തെ ജനങ്ങള്‍ക്ക് പുത്തനാര്‍ പേടിസ്വപ്‌നമായി മാറി. പുത്തനാറിന്റെ ഇരു വശങ്ങളും കൈവരികെട്ടി സംരക്ഷിക്കുമെന്നു മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വാഗ്ദാനം നല്‍കിയെങ്കിലും അതും പാഴ്‌വാക്കായി മാറി. പല സ്ഥലങ്ങളിലും സ്വകാര്യ വ്യക്തികള്‍ ഇരുവശവും മണ്ണിട്ട് നികത്തിയതുമൂലവും പുഴയില്‍ നിന്നും മണല്‍ കടത്തിയതോടെയും പ്രദേശവാസികള്‍ വന്‍ ഭീഷണിയാണ് നേരിടുന്നത്.
ഇപ്പോള്‍ തന്നെ പുത്തനാറിനെ മറികടക്കുന്ന ചാന്നാങ്കര, അണക്കപിള്ള, പുത്തന്‍തോപ്പ്, സെ ന്റ് ആന്‍ഡ്‌റൂസ്, പള്ളിത്തുറ, പൗണ്ട് കടവ് പാലങ്ങള്‍ വന്‍ അപകട ഭീഷണിയാണ് നേരിടുന്നത്. ഇതില്‍ ഗതാഗത യോഗ്യമല്ലാതെ കിടന്ന പുത്തന്‍തോപ്പ് പാലം അടുത്തിടെയാണ് പുതിയ നിര്‍മാണം തുടങ്ങിയത്. നഗരത്തിന്റെയും ഗ്രാമത്തിന്റെയും ഹൃദയത്തിലൂടെ മാലിന്യ പുഴയായി ഒഴുകുന്ന പാര്‍വതീ പുത്തനാറിനു ജീവന്‍ തിരിച്ചു നല്‍കുന്നതിനുവേണ്ടി പുതിയ സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ അമ്പതു കോടി രൂപ നീക്കിവച്ചതു ജനങ്ങളില്‍ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്. മുന്‍കാലങ്ങളിലെ പോലെ ഇതും വാഗ്ദാനമായി അവശേഷിക്കുമോ എന്നാണ് ജനങ്ങളുടെ ആശങ്ക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക