|    May 29 Mon, 2017 12:06 am
FLASH NEWS

മാലിന്യം നിറഞ്ഞു കവിഞ്ഞു; ബയോഗ്യാസ് പ്ലാന്റുകളില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നു

Published : 10th July 2016 | Posted By: SMR

വെഞ്ഞാറമൂട്: ബയോഗ്യാസ് പ്ലാന്റിലെ മാലിന്യനിക്ഷേപത്തിനുള്ള ടാങ്ക് നിറഞ്ഞുകവിഞ്ഞും ഗ്യാസ് നിര്‍മാണത്തിനു ശേഷം അവശേഷിക്കുന്ന മാലിന്യങ്ങള്‍ ശേഖരിക്കുന്ന ടാങ്ക് പൊട്ടിയൊലിച്ചും ദുര്‍ഗന്ധം വമിക്കുന്നു. രോഗഭീതിയില്‍ നാട്ടുകാര്‍. നെല്ലനാട് പഞ്ചായത്തിനു കീഴില്‍ വെഞ്ഞാറമൂട് കിഴക്കേറോഡില്‍ കെഎസ്ആര്‍ടിസി ഗാരേജിനു സമീപം പ്രവര്‍ത്തിക്കുന്ന ചന്തയിലാണ് ഈ ദുരവസ്ഥ.
മൂന്നു വര്‍ഷം മുമ്പാണ് ഉറവിട മാലിന്യസംസ്‌കരണ പദ്ധതിയുടെ ഭാഗമായി ചന്തയില്‍ ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ബയോഗ്യാസ് പ്ലാന്റ് നിര്‍മാണത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ചന്തയിലെ ഇറച്ചിക്കടകളില്‍ നിന്നുള്ള മാലിന്യങ്ങളും മല്‍സ്യ മാര്‍ക്കറ്റില്‍ നിന്നുള്ളതും പച്ചക്കറിക്കടകളില്‍ നിന്നുള്ളതുമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുകയും അതില്‍ നിന്നു ഗ്യാസ് ഉല്‍പാദിപ്പിച്ച് ചന്തയില്‍ തന്നെയുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി. എന്നാല്‍, ക്രമത്തിലധികം മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുകയും ഉല്‍പാദിപ്പിക്കുന്ന ഗ്യാസിനു മതിയായ ആവശ്യക്കാര്‍ ഇല്ലാതാവുകയും ചെയ്തതോടെ പദ്ധതി അധികദിവസങ്ങള്‍ പിന്നിടും മുമ്പേ താളംതെറ്റി. ഈ സ്ഥിതി തുടരുന്നതിനിടെയാണ് ഇക്കഴിഞ്ഞ ദിവസങ്ങള്‍ വെഞ്ഞാറമൂട് ചന്തയില്‍ നിന്നുള്ള മാലിന്യങ്ങള്‍ക്കു പുറമേ അടുത്ത സ്ഥലങ്ങളിലെ ചന്തയില്‍ നിന്നുള്ള മാലിന്യങ്ങളും ഇവിടെ കൊണ്ടുവന്ന് നിക്ഷേപിച്ചത്. ഇതോടെ ടാങ്ക് നിറയുകയും ഗ്യാസ് ഉല്‍പാദനം തകരാറിലാവുകയും ചെയ്തു.
ഇതിനോടകംതന്നെ നിറഞ്ഞുകവിഞ്ഞിരുന്ന ടാങ്ക് പൊട്ടിയൊഴുകുകയും ചെയ്തതോടെ ചന്തയുടെ പരിസരവാസികളും കച്ചവടക്കാരും ദുര്‍ഗന്ധം സഹിക്കേണ്ട അവസ്ഥയാണ്. ഇതിനിടയില്‍ തന്നെ ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കുമെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day