|    Jul 16 Mon, 2018 8:07 pm
FLASH NEWS

മാലിന്യം തള്ളിയിരുന്ന കുപ്പത്തൊട്ടി ഇനി മനോഹരമായ പൂന്തോട്ടമാവും

Published : 3rd August 2017 | Posted By: fsq

 

കാക്കനാട്: മാലിന്യം തള്ളിയിരുന്ന കുപ്പത്തൊട്ടി ഇനി മനോഹരമായ പൂന്തോട്ടമാവും. വിവിധ നിറങ്ങളില്‍ പൂത്തു നില്‍ക്കുന്ന ജമന്തികളായിരിക്കും കാക്കനാട് ഐഎംജിക്ക് സമീപം ഇന്‍ഫോപാര്‍ക്ക് റോഡിരികിലെ 50 സെന്റ് പുറമ്പോക്ക് ഭൂമിയില്‍ പൂവിടുക. ഒരു രൂപ ചെലവില്ലാതെയാണ് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പൂന്തോട്ടം നിര്‍മിക്കുന്നത്. ഇന്നലെ വരെ മാലിന്യം വലിച്ചെറിഞ്ഞവര്‍ക്ക് പൂക്കളാകുമ്പോള്‍ അതിന് കഴിയില്ലെന്ന തിരിച്ചറിവാണ് കുപ്പത്തൊട്ടി പൂന്തോട്ടമാവുന്നതോടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. പൂക്കളെ സ്‌നേഹിക്കുന്നവരുടെ നിതാന്ത ജാഗ്രത കൈയേറ്റക്കാരില്‍ നിന്നും ഭൂമിയുടെ സംരക്ഷണവും ഉറപ്പുവരുത്താനാവും. നഗരസഭയുടെ ഉദ്യാന ലൈബ്രറിയുടേയും പാര്‍ക്കിന്റെയും തൊട്ടടുത്താണ് ശ്രമദാനത്തിലൂടെ പൂന്താട്ടം ഉയരുന്നത്. പെട്ടിക്കടകളും പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞു കിടന്നിരുന്ന പുറമ്പോക്ക് സ്ഥലം ജെസിബി ഉപയോഗിച്ച് നിരപ്പാക്കി പുന്തോട്ടം നിര്‍മാണത്തിന് ഇടം കണ്ടെത്തുകയായിരുന്നു. 50 സെന്റില്‍ പൂര്‍ണമായും ജമന്തി തൈകളാണ് വച്ച് പിടിപ്പിക്കുന്നത്. വൈവിധ്യാമാര്‍ന്ന ജെമന്തികള്‍ ഓണത്തോടെ മൊട്ടിട്ട് പൂക്കളാവുമെന്നാണ് സംഘാടകര്‍ പറയുന്നത്. 42 ദിവസം മതി പൂക്കള്‍ വിരിയാന്‍. കമ്പിവേലി കെട്ടി തിരിച്ച് വെള്ളവും ജൈവളവും നല്‍കി നിശ്ചിത ദിവസത്തിനകം വിരിയുമെന്നും സംഘാടകര്‍ പറഞ്ഞു. ആയിരം ജമന്തി തൈകളാണ് നട്ടത്. മഴക്കാലമായതിനാല്‍ നട്ടതിലെല്ലാം പൂക്കള്‍ വിരിയും. വെള്ളത്തിനും പരിപാലത്തിനും വിദഗ്ധരായ പ്രവര്‍ത്തകരേയും നിയോഗിച്ചിട്ടുണ്ട്. ഓണത്തോടെ പൂന്തോട്ടത്തില്‍ വിളവെടുപ്പു നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് വില്ലേജ് ഓഫിസര്‍ പി പി ഉദയകുമാര്‍ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ കെ നീനു, കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല, വൈസ് ചെയര്‍മാര്‍ സാബു ഫ്രാന്‍സിസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ചിങ്ങംതറ, കൗണ്‍സിലര്‍ എന്‍ കെ പ്രദീപ്, സന്തോഷ് ബാബു എന്നവരുടെ നേതൃത്വത്തിലായിരുന്നു ജമന്തികള്‍ നട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss