|    Aug 18 Sat, 2018 12:18 am
FLASH NEWS

മാലിന്യം കുഴിച്ചിട്ടത് ജനവാസ കേന്ദ്രത്തില്‍; പ്രതിഷേധം ശക്തമായി

Published : 26th September 2017 | Posted By: fsq

 

മുക്കൂട്ടുതറ: മാലിന്യങ്ങള്‍ നീക്കാന്‍ ടെന്‍ഡര്‍ എടുത്ത കരാറുകാരന്‍ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ ജനവാസ കേന്ദ്രത്തിനടുത്ത് സ്വകാര്യ പറമ്പില്‍ കുഴിച്ചുമൂടിയതിനെ തുടര്‍ന്ന് പ്രദേശമാകെ ദുര്‍ഗന്ധം. മുക്കൂട്ടുതറ കെഒടി റോഡിലാണ് സംഭവം. രാത്രിയിലാണ് ലോറികളിലെത്തിച്ച് മാലിന്യങ്ങള്‍ കുഴിയിലിട്ട് മണ്ണിട്ട് മൂടിയത്. ഇത് അശാസ്ത്രീയമായ സംസ്‌കരണമാണെന്ന് പ്രതിഷേധവുമായി എത്തിയ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു. മാലിന്യങ്ങളിലെ പ്ലാസ്റ്റിക് സാധനങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങളും വേര്‍തിരിച്ച് മാറ്റാതെയാണ് ഒന്നിച്ചു കുഴിച്ചുമൂടിയത്. ഇത് പൊതുജനാരോഗ്യത്തെയും മണ്ണിനെയും അപകടത്തിലാക്കും. പ്രദേശത്തെ കിണറുകളും കുടിവെളള സ്രോതസുകളും മലിനമാകുമെന്ന് സിപിഎം ലോക്കല്‍ സെക്കട്ടറി എം വി ഗിരീഷ് കുമാര്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്കട്ടറി റാഫി എന്നിവര്‍ പറഞ്ഞു. എതിര്‍പ്പിനെ തുടര്‍ന്ന് മാലിന്യമിടുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഭവം സംബന്ധിച്ച് പഞ്ചായത്തധികൃതര്‍ക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കാനായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഒപ്പ് ശേഖരണം ആരംഭിച്ചു. എരുമേലി പഞ്ചായത്തിന്റെ കമുകിന്‍കുഴിയിലുളള യൂനിറ്റില്‍ വര്‍ഷങ്ങളായി നീക്കം ചെയ്യാതെ കിടന്ന മാലിന്യങ്ങളാണ് ടെന്‍ഡര്‍ നല്‍കി നീക്കാന്‍ തുടങ്ങിയത്. ഇവിടെയും നാട്ടുകാരുടെ എതിര്‍പ്പ് മൂലം മാലിന്യമിടുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ശബരിമല തീര്‍ത്ഥാടന കാലത്ത് മാലിന്യ സംസ്‌കരണത്തിന് ഒരു മാര്‍ഗവും ഇല്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഭരണസമിതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss