|    Aug 18 Fri, 2017 10:36 am

മാലിന്യം; കായലില്‍ മല്‍സ്യ സമ്പത്ത് നശിക്കുന്നു

Published : 24th November 2016 | Posted By: SMR

പൂച്ചാക്കല്‍: കായലില്‍ മാലിന്യം കൂടിയതോടെ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ നശിക്കുന്നു. പരമ്പരാഗതമായ മല്‍സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍. വേമ്പനാട് കായല്‍, കൈതപ്പുഴ കായല്‍ എന്നിവിടങ്ങളിലാണ് വന്‍ തോതില്‍ മാലിന്യം അടിഞ്ഞ് കൂടുന്നത്. പ്രധാനമായും വ്യവസായശാലകളില്‍ നിന്നും പുറംതള്ളുന്ന രാസ വസ്തുകളുടെ അളവ് കായലില്‍ ക്രമാതീതമായി വര്‍ധിച്ചതാണ് മല്‍സ്യങ്ങള്‍ കൂട്ടത്തോടെ നശിക്കുന്നതിന് കാരണമാവുന്നത്.  മാസങ്ങള്‍ക്ക് മുമ്പ് പാണാവള്ളി, അരൂക്കുറ്റി മേഖലയില്‍ വ്യാപകമായി ആമകള്‍ കൂട്ടതോടെ ചത്ത് പൊങ്ങിയിരുന്നു. മാത്രമല്ല കായലുമായി ചേര്‍ന്ന ജലാശയങ്ങളില്‍ നിന്ന് ആമകള്‍ കൂട്ടത്തോടെ കുളങ്ങളിലേക്കും മറ്റും കുടിയേറിപാര്‍ത്തതായും നിരീക്ഷണമുണ്ട്. കായലില്‍ രാസമാലിന്യങ്ങളുടെ അളവ് കൂടിയതിനാലാവാം ഇതെന്ന് ബന്ധപ്പെട്ടവര്‍ കരുതുന്നു. കായലില്‍ നഞ്ച് കലക്കി മീന്‍ പിടിക്കലും വ്യാപകമാണ്. ഇത് മല്‍സ്യങ്ങളുടെ പൂര്‍ണമായ ഉന്‍മൂലനത്തിന് കാരണമാവും. കായലില്‍ സുലഭമായിരുന്ന പള്ളത്തി, കാര ചെമ്മീന്‍ എന്നിവ അപ്രത്യക്ഷമായ അവസ്ഥയിലാണ്. സാധാരണ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇത്തരം മല്‍സ്യങ്ങള്‍ കായല്‍ കരകളില്‍ സുലഭമായി ലഭിക്കുന്നതാണ്. കൊലാന്‍, വരയന്‍ കൊഴുവ, പാണന്‍പള്ളത്തി എന്നീ മല്‍സ്യങ്ങള്‍ പൂര്‍ണമായും വംശമറ്റ അവസ്ഥയിലാണ്. കൈതപുഴ കായലില്‍ കരിമീന്‍, വരാല്‍ എന്നിവകള്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. മല്‍സ്യങ്ങളുടെ പുറത്ത് വെളുത്ത നിറത്തിലുള്ള മുറിവുകളാണ് കാണുന്നത്. ഇത്തരം മുറിവുകളുള്ള മല്‍സ്യങ്ങള്‍ ദിവസങ്ങള്‍ക്കകം ചത്ത് പൊങ്ങുകയും ചെയ്യും. വ്യാവസായ ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ക്ക് പുറമെ കൊച്ചിയിലെ ചില ആശുപത്രികളിലെ അവശിഷ്ടങ്ങളും കായലിലേക്കാണ് ഒഴുക്കുന്നതെന്ന് ആരോപണമുണ്ട്. ഇതിലൂടെ എത്തുന്ന രാസവസ്തുക്കള്‍ മല്‍സ്യസമ്പത്ത് ഇല്ലാതാക്കുന്നു. ഇതോടെ നൂറുകണക്കിന് മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക