|    Oct 19 Fri, 2018 6:41 am
FLASH NEWS

മാലിന്യം കാനയിലേക്ക്; നഗരസഭ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം

Published : 28th September 2017 | Posted By: fsq

 

കളമശ്ശേരി: ജില്ലയുടെ മിക്ക ഭാഗങ്ങളിലും മാരകമായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന ്പിടിക്കുന്നതായും പകര്‍ച്ചവ്യാധികള്‍ മൂലം കുറച്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടും മാലിന്യം കാനയിലേക്കൊഴുക്കിയിട്ടും നടപടിയില്ല. പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടഞ്ഞ്  ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായ  ദുരന്തനിവാരണ സമിതി ശക്തമായ നടപടി എടുത്ത് പ്രവര്‍ത്തിക്കുന്ന സഹചര്യത്തിലാണ്  ഒരു പ്രദേശത്തെ ആകമാനം ദുരിതത്തിലാക്കുന്ന മാലിന്യം തള്ളല്‍ പതിവാകുന്നത്.  ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്ന രീതിയിലും ,കുടിവെള്ളം മലിനമാക്കുന്ന രീതിയിലും കക്കുസ് മാലിന്യം തെരുവിലേക്ക് ഒഴുക്കിയ സ്ഥാപനത്തിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി ഹോട്ടലുകള്‍, ബേക്കറികള്‍, മീന്‍, പച്ചക്കറി, തുടങ്ങിയ സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തുമ്പോള്‍ വ്യത്തിഹീനമായി കണ്ടാല്‍ അടച്ച്പൂട്ടലുള്‍പ്പെടെ കര്‍ശന നടപടി എടുക്കുന്ന സമിതിയും, നഗരസഭ ആരോഗ്യ വിഭാഗവും കക്കുസ് മാലിന്യം ദിവസങ്ങളോളം കാനയിലേക്കും റോഡിലേക്കും ഒഴുക്കിയ വിദ്യഭ്യാസ സ്ഥാപനത്തിനെതിരെ നടപടി എടുക്കാതെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 12-ാം തിയതി മുതല്‍ ആണ് കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനം സെപ്റ്റിടാങ്ക് മാലിന്യം കാനയിലേക്ക് ഒഴുക്കുന്നത് തദ്ദേശ വാസികളുടെ ശ്രദ്ധയില്‍ പെട്ടത്. നഗരസഭ ജനപ്രതിനിധികളും, നാട്ടുകാരും പൊതു പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥാപനത്തില്‍ എത്തുകയും തുടര്‍ന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നഗരസഭ വിദ്യഭ്യാസ സ്ഥാപനത്തിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. 48 മണിക്കുറിനകം കാനയിലേക്കുള്ള മലിന ജലം ഒഴുക്കുന്നത് നിര്‍ത്തിവെക്കണമെന്നും, സെപ്റ്റിക് ടാങ്കിന്റെ കേടുപാടുകള്‍ മാറ്റി സംരക്ഷിക്കേണ്ടതാണെന്നും നോട്ടിസില്‍ പറഞ്ഞിരുന്നു. അല്ലാത്തപക്ഷം മുന്‍സിപ്പാലിറ്റി നിയമം പ്രകാരം 337, 340 എ,440 പ്രകാരം നിയമപ്രകാരം നടപടികള്‍ എടുക്കുമെന്ന് അന്ന് നല്‍കിയ നോട്ടിസില്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് നഗരസഭ നല്‍കിയ നോട്ടിസ് പ്രകാരം വിദ്യഭ്യാസ സ്ഥാപനം യാതൊരു നടപടിയും എടുത്തില്ല. കുടാതെ കഴിഞ്ഞ 25-ാം തിയതി ടാങ്കില്‍ നിറഞ്ഞ മാലിന്യം താല്‍കാലികമായി കുഴിച്ച കുഴിയിലേക്ക് മോട്ടോര്‍ ഉപയോഗിച്ച് സെപ്റ്റിടാങ്ക് മാലിന്യം നീക്കുന്നതിനിടെ മാലിന്യം കാനയിലേക്കും റോഡിലേക്കും ഒഴുക്കുകയും, നാട്ടുകാര്‍ക്കും, വഴിയാത്രക്കാര്‍ക്കും ദുരിതം വിതക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ജനപ്രതിനിധികളും, നാട്ടുകാരും പ്രതിഷേധവുമായി എത്തി.  തുടര്‍ന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിദ്യഭ്യാസ്ഥാപനം മാലിന്യം തെരുവിലേക്കും മറ്റും ഒഴുക്കുന്നത് ബോധ്യപെട്ടതിനെ തുടര്‍ന്ന് മുന്‍സിപ്പല്‍ നിയമം 336,337,440 എന്നീ നിയമപ്രകാരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കുറ്റവും ശിക്ഷാര്‍ഹവുമായതിനാല്‍  പ്രവര്‍ത്തനം നിര്‍ത്തിവെച്ച് വിവരം നഗരസഭയില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി സ്ഥാപനത്തിന് കഴിഞ്ഞ 26 ന് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടിസ് നല്‍കി മണിക്കുറിനകം സ്ഥാപനത്തിന്റെ അധികാരികളെ നഗരസഭയില്‍വിളിച്ച് വരുത്തി നഗരസഭ നല്‍കിയ നോട്ടിസിന് നടപടി എടുക്കാതെ അവര്‍ക്ക് മാലിന്യം നീക്കം ചെയ്യാന്‍സമയം അനുവദിക്കുകയായിരുന്നു. പകര്‍ചവ്യാധിയുടെയും മറ്റും കാരണത്താല്‍ സമീപപ്രദേശത്തെ സര്‍ക്കാര്‍ വിദ്യഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലുകള്‍ അടപ്പിച്ച നഗരസഭ അധികൃതര്‍ ആണ് ഉന്നതര്‍ നടത്തുന്ന ഈ വിദ്യഭ്യാസ സ്ഥാപനത്തിന് സൗജന്യം ചെയ്ത് കൊടുത്തത്. പകര്‍ച്ചവ്യാധികളുടെ പേരില്‍ പരിശോധന നടത്തുകയും ചെറിയ കുറ്റത്തിന് കുടുംബം പുലര്‍ത്താന്‍് ചെറിയ ചായ കടകളും മറ്റും നടത്തുന്നവരെ പീഡിപ്പിക്കുന്ന ജില്ല ആരോഗ്യ വിഭാഗവും നഗരസഭ ആരോഗ്യ വിഭാഗവും ഉന്നതര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് വിട്ട് വിഴ്ച ചെയ്തതില്‍ പ്രതിഷേധവും ശക്തമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss