|    Apr 25 Wed, 2018 2:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മാറ്റമില്ലാതെ നെല്ലി; അധികം കിട്ടിയത് പോലിസ് സ്‌റ്റേഷന്‍ മാത്രം

Published : 8th April 2016 | Posted By: SMR

ഗുവാഹത്തി: 1800… അല്ല 3000. അസമിലെ നെല്ലിയില്‍ കണക്കുകളിലെ ഈ അവ്യക്തതയ്ക്ക് 33 വര്‍ഷം പിന്നിട്ടു. ബംഗ്ലാദേശികളെന്നാരോപിച്ച് കൂട്ടക്കൊല ചെയ്യപ്പെട്ട മുസ്‌ലിം സ്ത്രീകളും കുട്ടികളും വൃദ്ധരും എത്രയെന്ന് ഇപ്പോഴും നിശ്ചയമില്ല. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരെ സംബന്ധിച്ച് എല്ലാ തിരഞ്ഞെടുപ്പുകാലത്തും സംവാദങ്ങള്‍ പതിവാണ്. ഇത്തവണയും അതു തുടരുന്നു. മധ്യ അസമിലെ സംവരണ മണ്ഡലമായ ജാഗിറോഡില്‍ ഭിന്നതയ്ക്ക് ആക്കംകൂട്ടി വോട്ട് പെട്ടിയിലാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന ഒരടവാണ് കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക-അനൗദ്യോഗിക കണക്കുവച്ചുള്ള ഈ കളി.
പക്ഷേ, ആംലിഗട്ടിനും ധരംപുലിനുമിടയിലെ കൊലോങ് നദിക്കരയില്‍ താമസിക്കുന്നവര്‍ക്ക് 1983 ഫെബ്രുവരിയിലെ കറുത്ത വെള്ളിയാഴ്ചയില്‍ നിന്നു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇവിടുത്തെ കുടിലുകളെല്ലാം ഇന്നും മുളകൊണ്ടുള്ളതാണ്. അക്രമികള്‍ അഴിഞ്ഞാടിയ ആ ദിനത്തില്‍ ഇവിടുത്തുകാരെ കരിക്കട്ടകളാക്കിയത് എളുപ്പത്തില്‍ കത്തിപ്പിടിക്കുന്ന ഈ കുടിലുകളാണ്. ബംഗാളി സംസാരിക്കുന്ന പ്രത്യേകിച്ചും മുസ്‌ലിംകളെയാണു സംഘപരിവാരത്തിന്റെ പിന്തുണയോടെ ഗോത്രവര്‍ഗക്കാര്‍ അന്ന് കൂട്ടക്കൊല ചെയ്തത്.
എനിക്കെത്ര വയസ്സാണെന്നു കൃത്യമായി ഓര്‍മയില്ല, ക്രൂരമായി മര്‍ദ്ദിച്ചശേഷം മഴുകൊണ്ട് തന്നെ വെട്ടിയ അക്രമികള്‍ മാതാവിനെയും സഹോദരിയെയും കൊലപ്പെടുത്തി. ബംഗ്ലാദേശികളെ കൊല്ലൂ എന്ന് ആക്രോശിച്ചാണ് അവരെത്തിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 5000 രൂപയും കൊന്നവര്‍ക്ക് പിന്നീട് 50,000 രൂപയും സര്‍ക്കാര്‍ ‘നഷ്ടപരിഹാരമായി”നല്‍കി- കൈക്കും പിന്‍ഭാഗത്തും മാരകമായി മുറിവേറ്റ പാടുകള്‍ കാണിച്ച് അതാഉര്‍ റഹ്മാന്‍ തലവര മാറ്റിവരച്ച ആ ദിവസം ഓര്‍ത്തെടുത്തു. ജുമുഅ നമസ്‌കാരത്തിനു മുമ്പ് ഗോക്രക്കാര്‍ കൂട്ടക്കൊല— നടത്തിയതും ദിവസങ്ങള്‍ക്കു ശേഷം തൊട്ടടുത്ത് തന്നെ അഭയാര്‍ഥി ക്യാംപ് പ്രവര്‍ത്തനം തുടങ്ങിയതും മൃഗ ഡോക്ടര്‍ മുഹമ്മദ് സൈദുല്‍ ഇസ്‌ലാം മറന്നിട്ടില്ല. 668 പരാതികള്‍ നല്‍കിയെങ്കിലും കേസെടുത്തത് 299ല്‍ മാത്രം.
വിവേകാനന്ദ ദുലുയിയാണു മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അദ്ദേഹം പ്രചാരണത്തിനു വരുന്ന ദിവസം കവലകളില്‍ ആളുകള്‍ ഒത്തുകൂടും. കോണ്‍ഗ്രസ്സിന്റെ നേട്ടങ്ങള്‍ പറഞ്ഞ് യോഗം അവസാനിപ്പിക്കും.
കൊതുകുജന്യ രോഗങ്ങള്‍ വ്യാപകമായ നെല്ലിയില്‍ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം മാത്രമാണുള്ളത്. അവിടെയാണെങ്കില്‍ ആവശ്യത്തിനു മരുന്നുകളുമില്ല. എല്ലാ ദിവസവും കുറച്ചുനേരം മാത്രമേ വൈദ്യുതി ലഭിക്കൂ. കൂട്ടക്കൊലയ്ക്കു ശേഷം നെല്ലിക്ക് ഒരു പോലിസ് സ്‌റ്റേഷന്‍ ലഭിച്ചതു മാത്രമാണ് മാറ്റം. ബിജെപിയും അസം ഗണപരിഷത്തും ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തുന്ന നീക്കങ്ങളുടെ ഫലമായി സംശയമുള്ള വോട്ടര്‍ (ഡി വോട്ടര്‍മാര്‍) മാരുടെ എണ്ണം 5000 കവിഞ്ഞിട്ടുണ്ട്. ഈ ഗണത്തില്‍പ്പെട്ടവരെല്ലാം മുസ്‌ലിംകളായതും ഗൂഢാലോചനയുടെ ഭാഗമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss