|    Jun 23 Sat, 2018 11:36 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മാറ്റമില്ലാതെ അപ്പീല്‍ പ്രവാഹം; മുന്നില്‍ ആതിഥേയ ജില്ല

Published : 17th January 2017 | Posted By: fsq

 

കണ്ണൂര്‍: സ്‌കൂള്‍ കലോല്‍സവത്തില്‍ അപ്പീലുകള്‍ നിയന്ത്രിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും അപ്പീല്‍ പ്രവാഹത്തിന് ഇക്കുറിയും കുറവില്ല. ഇന്നലെ വൈകുന്നേരം മല്‍സരം തുടങ്ങുന്നതു വരെ 243 അപ്പീലുകളാണ് ലഭിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ അപ്പീലുമായി മല്‍സരിക്കാനെത്തിയത് ആതിഥേയ ജില്ലയില്‍നിന്നാണ്. കണ്ണൂരില്‍ നിന്ന് 50 അപ്പീലുകളാണെത്തിയത്. ഡിഡിഇ അനുവദിച്ച അപ്പീല്‍ പ്രകാരം 17ഉം ലോകായുക്തയിലൂടെ 17 പേരും മുന്‍സിഫ് കോടതിയിലൂടെ എട്ടുപേരും രണ്ടുപേര്‍ ബാലാവകാശ കമ്മീഷന്‍ വഴിയുമാണ് അവസരം നേടിയത്. തിരുവനന്തപുരമാണ് രണ്ടാംസ്ഥാനത്ത്. ഇവിടെനിന്ന് 30 അപ്പീലുകള്‍. ഇതില്‍ 18 ഉം ബാലാവകാശ കമ്മീഷന്‍ വഴിയെത്തിയതാണ്. കാസര്‍കോട്- 23, കൊല്ലം- 21, ആലപ്പുഴ- 11, പത്തനംതിട്ട- 6, കോട്ടയം- 10, എറണാകുളം- 12, തൃശൂര്‍- 16, പാലക്കാട്- 17, മലപ്പുറം- 7, കോഴിക്കോട്- 19, വയനാട്- 1 എന്നിങ്ങനെയാണ് അപ്പീലിലൂടെയെത്തിയത്. ഇതുവരെയും അപ്പീലുമായെത്താത്ത ജില്ല ഇടുക്കി മാത്രമാണ്. ഒരു ജില്ലയില്‍നിന്ന് ആകെ പങ്കെടുക്കുന്ന മല്‍സരാര്‍ഥികളുടെ 10 ശതമാനത്തിന് മാത്രമേ അപ്പീല്‍ നല്‍കാവൂവെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. എന്നാല്‍, ജില്ലാതലത്തില്‍ വിധികര്‍ത്താക്കളുടെ യോഗ്യതയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൂടുതല്‍ അപ്പീല്‍ അനുവദിക്കാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. ഉപജില്ലാതലത്തില്‍ അപ്പീലിലൂടെ എത്തിയവര്‍ വിജയം കൊയ്യുന്നത് അപ്പീല്‍ നല്‍കാനുള്ള താല്‍പര്യം വര്‍ധിക്കാനും ഇടയാക്കുന്നു. ജില്ലാതലത്തില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് 2,500 രൂപയാണ് ഫീസ് ഈടാക്കുന്നത്. അപ്പീല്‍ ലഭിച്ചില്ലെങ്കില്‍ ഈ പണം നഷ്ടപ്പെടും. എങ്കിലും സ്‌കൂളുകള്‍ അപ്പീല്‍ നല്‍കുന്നതില്‍ മല്‍സരിക്കുകതന്നെയാണ്. അപേക്ഷിച്ചതിന്റെ അഞ്ചിലൊന്നുപോലും അപ്പീല്‍ നല്‍കിയില്ലെന്ന് കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss