|    Nov 14 Wed, 2018 12:10 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

മാറ്റത്തിന്റെ ചുഴലിക്കാറ്റ്

Published : 30th August 2016 | Posted By: SMR

അമിതവ് ഘോഷ്

1978 മാര്‍ച്ച് 17. ഉച്ചതിരിഞ്ഞ നേരം. നോര്‍ത്ത് ഡല്‍ഹിയില്‍ കാലാവസ്ഥ വിചിത്രമായ സ്വഭാവം കാണിച്ചു. ശൈത്യകാലത്തിന്റെ തണുപ്പെല്ലാം മാറി വേനലിന്റെ ആരംഭത്തിലെ ഇളം ചൂടിലേക്കു പ്രവേശിക്കുന്ന, തെളിഞ്ഞ ആകാശമുള്ള മാര്‍ച്ച് മാസത്തിന്റെ മധ്യഭാഗം പൊതുവെ ഏറ്റവും നല്ല സമയമാണ്. എന്നാല്‍, അന്ന് കറുത്ത മേഘങ്ങള്‍ പ്രത്യക്ഷപ്പെടുകയും കാറ്റും കോളും ഉണ്ടാവുകയും ചെയ്തു. അതോടൊപ്പം തന്നെ അപ്രതീക്ഷിതമായ ഒന്ന് സംഭവിക്കുകയും ചെയ്തു- കൊടുങ്കാറ്റ്.
ഞാനന്ന് ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ എംഎക്ക് പഠിക്കുകയായിരുന്നു. അതോടൊപ്പം തന്നെ പാര്‍ട്ട് ടൈം ജേണലിസ്റ്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. കാറ്റടിക്കുമ്പോള്‍ ഞാന്‍ ലൈബ്രറിയിലായിരുന്നു. എന്നാല്‍, മോശം കാലാവസ്ഥ കാരണം കുറേനേരം ലൈബ്രറിയിലിരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടിവന്നു. മുറിയിലേക്കു മറ്റൊരു വഴിയിലൂടെ പോവുമ്പോള്‍ ഒരു സുഹൃത്തിനെ കണ്ടുമുട്ടി. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കാലാവസ്ഥ മോശമായിക്കൊണ്ടിരുന്നതിനാല്‍  അത്ര സുപരിചിതമല്ലാത്ത ഒരു വഴി തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.
വളരെ തിരക്കേറിയ മോറിസ്‌നഗര്‍ കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. എവിടെനിന്നോ ഒരു മുഴക്കം ഞാന്‍ കേട്ടു. മെല്ലെ തലയുയര്‍ത്തി നോക്കിയപ്പോള്‍ കറുത്തിരുണ്ട മേഘങ്ങള്‍ക്ക് താഴ്ഭാഗത്തായി നീണ്ട ഒരു പാളി രൂപംകൊള്ളുന്നതായി കണ്ടു. ഞാന്‍ നോക്കിക്കൊണ്ടിരിക്കെ തന്നെ അതു വലുതാവുകയും എന്റെ നേര്‍ക്ക് വീശിയടിക്കുകയും ചെയ്തു. തെരുവിനെതിരായി ഒരു വലിയ സര്‍ക്കാര്‍ ഓഫിസ് ഉണ്ടായിരുന്നു. അതിന്റെ പ്രവേശനകവാടം എന്നു തോന്നിക്കുന്ന ഒരിടത്തേക്ക് ഞാന്‍ പെട്ടെന്നു തന്നെ കുതിച്ചു. എന്നാല്‍, ഗ്ലാസ് കൊണ്ട് നിര്‍മിച്ചിരുന്ന അതിന്റെ ഡോര്‍ അടഞ്ഞുകിടന്നിരുന്നു. പുറത്തേക്കു തള്ളിനില്‍ക്കുന്ന അതിന്റെ കൈവരിയില്‍ കുറച്ചാളുകള്‍ അഭയംതേടിയിരിക്കുന്നു. എനിക്കു നില്‍ക്കാന്‍ സ്ഥലം കിട്ടാത്തതുകൊണ്ട് ഞാന്‍ ബില്‍ഡിങിന്റെ മുന്‍വശത്തേക്ക് ഓടി. അവിടെ ഒരു ബാല്‍ക്കണി കണ്ട മാത്രയില്‍ തന്നെ ഞാന്‍ അതിന്റെ അരമതിലിലൂടെ ചാടി തറയില്‍ കൂനിക്കൂടി കിടന്നു.
ആ ശബ്ദം ക്രമേണ ഉച്ചത്തിലായിക്കൊണ്ടിരിക്കുകയും കാറ്റ് എന്റെ വസ്ത്രത്തെ പിടിച്ചുലയ്ക്കുകയും ചെയ്തു. അരമതിലിനു മുകളിലൂടെ നിമിഷാര്‍ധനേരത്തേക്ക് എത്തിനോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെ അമ്പരപ്പിച്ചു. എന്റെ ചുറ്റുപാടാകെ കറുത്തിരുണ്ട മേഘപടലങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. സൈക്കിളുകളും സ്‌കൂട്ടറും തെരുവുവിളക്കുകളും ചായക്കടകള്‍പോലും ഉയര്‍ന്നുപൊങ്ങി അന്തരീക്ഷത്തില്‍ കവചം തീര്‍ത്തു നില്‍ക്കുന്നു. ആ സമയത്ത് ഏതോ അറിയാത്ത ശക്തിയുടെ വിരല്‍ത്തുമ്പില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്ന ഒന്നായി ഗുരുത്വാകര്‍ഷണം അനുഭവപ്പെട്ടു.
തല കൈകള്‍ക്കിടയില്‍ പൂഴ്ത്തി ഞാന്‍ അങ്ങനെത്തന്നെ കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആ ശബ്ദം നിലയ്ക്കുകയും പകരം ഭയാനകമായ ഒരുതരം നിശ്ശബ്ദത അവിെടയാകെ പരക്കുകയും ചെയ്തു. അവസാനം ഒരുവിധം ബാല്‍ക്കണി പിടിച്ചു കയറിയപ്പോള്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം തെരുവ് വിജനമായിരുന്നു. ചുവരുകള്‍ അടര്‍ന്നുമാറിയിരിക്കുന്നു. ബസ്സുകള്‍ മറിഞ്ഞിരിക്കുന്നു. സ്‌കൂട്ടറുകള്‍ മരത്തിനു മുകളില്‍ വിശ്രമിച്ചിരിക്കുന്നു. ഞാനാദ്യം അഭയം തേടാമെന്നു കരുതിയിരുന്ന ഗ്ലാസ് ഡോറുള്ള ആ കെട്ടിടം തകര്‍ന്നു തരിപ്പണമായിരിക്കുന്നു. അതിന്റെ ചില്ലുകള്‍ പൊട്ടിത്തെറിക്കുകയും അതിന്റെ ചീളുകളേറ്റ് ധാരാളമാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. അവിടെത്തന്നെ നിന്നിരുന്നെങ്കില്‍ ആ പരിക്കേറ്റവരില്‍ ഞാനും ഉള്‍പ്പെടുമായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പരിഭ്രമത്തോടെ ഞാന്‍ തിരിച്ചുനടന്നു.
കുറേ കാലത്തിനു ശേഷം, എന്നാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല, മാര്‍ച്ച് 18നുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ ന്യൂഡല്‍ഹി എഡിഷന്‍ പത്രം ഞാന്‍ തേടിപ്പിടിച്ചു. അതിന്റെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് ഇന്നും എന്റെ കൈവശമുണ്ട്. അതിന്റെ തലക്കെട്ട് ഇങ്ങനെ വായിക്കാം: ‘നോര്‍ത്ത് ഡല്‍ഹിയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ 30 മരണം, 700 പേര്‍ക്ക് പരിക്ക്.’ റിപോര്‍ട്ടിലെ മറ്റു വിവരങ്ങള്‍ ഇങ്ങനെയാണ്: ”നോര്‍ത്ത് ഡല്‍ഹിയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ 30 മരണം. 700 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. വൈകീട്ട് മഴയോടൊപ്പം ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ തലസ്ഥാനത്തെ മോറിസ്‌നഗര്‍ കനത്ത നാശനഷ്ടത്തിനു വിധേയമായി. പ്രദേശം വിജനമായിരിക്കുന്നു. പരിക്കേറ്റവരെ തലസ്ഥാനത്തെ വ്യത്യസ്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍. ചുഴലിക്കാറ്റ് യമുനയുടെ തീരത്തുനിന്ന് ഉയര്‍ന്നുപൊങ്ങുകയും 20-30 അടി ഉയരുകയും ചെയ്തതായി സംഭവം കണ്ട ചിലയാളുകള്‍ റിപോര്‍ട്ട് ചെയ്യുന്നു. മരങ്ങളും ബസ്സുകളും ഇഷ്ടികക്കട്ടകളുമുള്‍പ്പെടെ എല്ലാം അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങി. റോഡിന്റെ വശങ്ങളില്‍ ഒരൊറ്റ മരം പോലും ശേഷിച്ചിട്ടില്ല.”
മേല്‍പറഞ്ഞ റിപോര്‍ട്ടുകളില്‍നിന്ന് എന്തുമാത്രം ആകസ്മികവും പേടിപ്പെടുത്തുന്നതുമായിരുന്നു ആ ദുരന്തമെന്നു നമുക്ക് കാണാവുന്നതാണ്. അതു വളരെ അപരിചിതമായിരുന്ന പ്രതിഭാസമായിരുന്നു. അതിനെ എന്തുവിളിക്കണമെന്ന് പത്രങ്ങള്‍ക്കുപോലും അറിയില്ലായിരുന്നു. അവരതിനെ വാക്കിന്റെ പരിമിതിക്കുള്ളില്‍ ‘കൊടുങ്കാറ്റെ’ന്നും ‘ചുഴലി’യെന്നുമൊക്കെ വിളിച്ചു. അതിനടുത്ത ദിവസവും അവര്‍ക്ക് അതിനെ വിശേഷിപ്പിക്കാന്‍ ശരിയായ പദം ലഭിച്ചില്ല. ‘വളരെ അപൂര്‍വമായ പ്രതിഭാസം’- മാര്‍ച്ച് 19ന് കാലാവസ്ഥ ഓഫിസ് അതിനെ ഇങ്ങനെയാണു വിശേഷിപ്പിച്ചത്. കാലാവസ്ഥാ വിഭാഗത്തിന്റെ നിഗമനപ്രകാരം ആ മേഖലയില്‍ തന്നെ അത്തരത്തിലൊന്ന് ആദ്യമായിട്ടായിരുന്നു. അതിനുശേഷം പിന്നീടൊരിക്കലും യൂനിവേഴ്‌സിറ്റിയിലേക്കു പോവാന്‍ ഞാന്‍ ആ വഴി തിരഞ്ഞെടുത്തിട്ടില്ല. കൊടുങ്കാറ്റ് എന്റെ നേരെ വീശിയടിച്ചെന്ന് പിന്നീടു മാത്രമാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അതിനെ വിശേഷിപ്പിക്കാന്‍ എന്തെങ്കിലും രൂപകമുണ്ടെന്ന് എനിക്കറിയില്ല. എന്റെ മനസ്സില്‍ ആഴത്തില്‍ വേരുറച്ച തികച്ചും നിഗൂഢമായ, എന്റെ മുമ്പിലുള്ളതിനെയെല്ലാം തച്ചുടച്ച, വിനാശകാരിയായ, എന്റെ ജീവിതത്തില്‍ തന്നെ വിഘാതം സൃഷ്ടിച്ച എന്തോ ഒന്നായാണ് എനിക്കത് അനുഭവപ്പെട്ടത്.
ആഗോളതാപനത്തിന്റെ കേന്ദ്രമായി ഏഷ്യ മാറിയിരിക്കുന്നു. മനുഷ്യന്റെ കൈകടത്തലാണ് പ്രധാനമായും ഇതിനു കാരണം. ഉദാഹരണത്തിനായി നമുക്ക് ബംഗാള്‍ തുരുത്ത് (ബംഗാള്‍ ഡെല്‍റ്റ- ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലുമായി ഇതു വ്യാപിച്ചുകിടക്കുന്നു) തന്നെയെടുക്കാം. ഗംഗയുടെയും ബ്രഹ്മപുത്രയുടെയും സംഗമസ്ഥലത്ത് രൂപംകൊണ്ട ഇവ ലോകത്തു വച്ചുതന്നെ വളരെ ജനസാന്ദ്രത ഏറിയ പ്രദേശമാണ്. ഏതാണ്ട് 250 ദശലക്ഷം ജനങ്ങള്‍ താമസിക്കുന്ന ഈ തുരുത്ത് ഏകദേശം നൈജീരിയയുടെ കാല്‍ഭാഗത്തോളം വരും.
(അവസാനിക്കുന്നില്ല.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss