|    Oct 15 Mon, 2018 3:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാറുന്ന സര്‍ക്കാര്‍ നയം വിദ്യാഭ്യാസ മേഖലയെ അനിശ്ചിതത്വത്തിലാക്കുന്നു

Published : 8th September 2017 | Posted By: fsq

 

കൊച്ചി: സര്‍ക്കാര്‍ നയങ്ങള്‍ ഇടയ്ക്കിടെ മാറുന്നത് വിദ്യാഭ്യാസ മേഖലയെ അനിശ്ചിതത്വത്തിലാക്കുന്നുവെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന് വേണ്ടത്ര ഗുണനിലവാരമില്ലെന്നതു കൊണ്ടാണ് വിദ്യാര്‍ഥികള്‍ പുറത്തു പഠിക്കാന്‍ പോവുന്നത്. ഇവിടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെങ്കിലും സര്‍ക്കാര്‍ നയങ്ങള്‍ അടിക്കടി മാറുന്നതിനാലും നയം നടപ്പാക്കുന്നതിലെ ന്യൂനതകളും മൂലം പ്രവേശന നടപടികളില്‍ അനിശ്ചിതത്വം നേരിടുകയാണെന്നും സ്വാശ്രയ മേഖലയില്‍ പുതിയ കോളജുകള്‍ അനുവദിക്കില്ലെന്ന സംസ്ഥാനസര്‍ക്കാരിന്റെ 2016 ആഗസ്ത് 28ലെ ഉത്തരവുമായി ബന്ധപ്പെട്ട കേസില്‍ വിധിപറഞ്ഞ് ഹൈക്കോടതി നിരീക്ഷിച്ചു. കേരളത്തില്‍ നിന്നുള്ള പ്രവാസികളാണ് ഏറ്റവും കൂടുതല്‍ പണം നാട്ടിലേക്ക് അയക്കുന്നത്. സംസ്ഥാനത്ത് തൊഴില്‍ പരിശീലന പ്രഫഷനല്‍ കോഴ്‌സുകള്‍ ലഭ്യമാക്കിയാല്‍ മാത്രമേ ഇത് തുടരാനാവൂ. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തദ്ദേശീയര്‍ക്കു മാത്രമാണെന്നതു തെറ്റായ ധാരണയാണെന്നും രാജ്യത്തെ പൗരന്‍മാരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ പരിഗണിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത തലമുറയെ വാര്‍ത്തെടുക്കാനുള്ള രാജ്യത്തിന്റെ ആസ്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തദ്ദേശവാസികള്‍ക്കുള്ളതാണെന്ന കാഴ്ചപ്പാട് സങ്കുചിതമാണ്. ഇത് എത്രയും വേഗം തള്ളിക്കളയുന്നോ അത്രയും നല്ലതാണ്. ദാരിദ്ര്യത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും സ്വാതന്ത്ര്യം നേടാനും ജീവിതമാര്‍ഗം നേടാനുമുള്ളതാണ് വിദ്യാഭ്യാസം. 100 ശതമാനം സാക്ഷരത നേടിയ രാജ്യത്തെ ഒരേയൊരു സംസ്ഥാനം ഒരുപക്ഷേ കേരളമായിരിക്കും. പക്ഷേ, എഴുതാനും വായിക്കാനുമാണ് പഠിപ്പിക്കുന്നത്. ജീവിക്കാന്‍ ഒരു ജോലിക്ക് അതു പോരാതെ വരും. കേരളത്തില്‍ ജോലി സാധ്യതയില്ലാത്തതിനാല്‍ ആളുകള്‍ ഇതര സംസ്ഥാനങ്ങളിലേക്കു മാത്രമല്ല, വിദേശത്തേക്കും പോവുകയാണ്. ഇതിനു തൊഴില്‍ പരിശീലനവുമായി ബന്ധപ്പെട്ട ഡിഗ്രികളോ സര്‍ട്ടിഫിക്കറ്റുകളോ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമുണ്ടെന്നതിന്റെ പേരില്‍ കേരളീയരെ ജോലിക്കായി തേടിയ ഒരു കാലമുണ്ടായിരുന്നു.വിദ്യാഭ്യാസ സ്ഥാപനം നടത്താനുള്ള മൗലികാവകാശത്തെ നിസ്സാരമായൊരു നയതീരുമാനം കൊണ്ട് സര്‍ക്കാരിന് റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അവകാശം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. പോളി ടെക്‌നിക് ആവശ്യമുള്ളതിനാലാണ് ആളുകള്‍ ഇത് നടത്താനായി പണം നിക്ഷേപിക്കുന്നത്. ആവശ്യമില്ലെങ്കില്‍ നിക്ഷേപം ഉണ്ടാവില്ല. കേന്ദ്രസര്‍ക്കാര്‍ നിയമവും മുമ്പ് സുപ്രിംകോടതി വിധിയുമുള്ളപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ബുദ്ധിശാലിയാവേണ്ടതില്ലെന്നും കോടതി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss