|    Jun 25 Mon, 2018 9:34 pm
FLASH NEWS

മാറുന്ന നിലപാടുകള്‍

Published : 22nd May 2016 | Posted By: mi.ptk

heartരു വ്യക്തി വളരെക്കാലം കൊണ്ടുനടന്ന ഒരു ആശയം എന്നും അയാള്‍ പിന്തുടര്‍ന്നേ തീരൂ എന്നില്ല. തെറ്റെന്നോ യാഥാസ്ഥിതികമെന്നോ ബോധ്യപ്പെടുമ്പോള്‍ മറ്റൊരാശയത്തെ ആശ്ലേഷിക്കാവുന്നതും പിന്തുടരാവുന്നതുമാണ്. ജനിച്ചുവളര്‍ന്ന മതം ഉപേക്ഷിച്ച് ഒരാള്‍ക്ക് മറ്റൊന്നിലേക്കു പരിവര്‍ത്തനം ചെയ്യാം. ആശയമാറ്റത്തിന്റെയും മതപരിവര്‍ത്തനത്തിന്റെയും പ്രേരണയായി വര്‍ത്തിക്കുന്നത് സ്വയം ബോധ്യപ്പെടലോ ചിന്താപരമായ സത്യസന്ധതയോ ആണെങ്കില്‍ വിപ്ലവകരവും പുരോഗമനപരവുമായ നിലപാടുമാറ്റമായി മാത്രമേ അതിനെ കാണാവൂ. ഒരു ആശയം തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും അതില്‍ ഉറച്ചുനില്‍ക്കുന്നത് യഥാസ്ഥിതികമായ സമീപനമാണ്.എന്നാല്‍, നിക്ഷിപ്ത താല്‍പര്യങ്ങളോ ബാഹ്യസമ്മര്‍ദ്ദങ്ങളോ പ്രതിച്ഛായ നിര്‍മിതിയോ ആണ് ആശയവും നയനിലപാടുകളും മാറ്റാന്‍ പ്രേരണകളായി വര്‍ത്തിക്കുന്നതെങ്കില്‍, കാലുമാറ്റമായും കരിങ്കാലിപ്പണിയുമായി മാത്രമേ അതിനെ കാണാനാവൂ. നിലപാടുകളിലുള്ള മാറ്റം പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പുവേളപോലുള്ള അവസരങ്ങളിലാവുമ്പോള്‍ അത് അവസരവാദപരമായ ചുവടുമാറ്റമായേ പരിഗണിക്കപ്പെടുകയുള്ളൂ. നേതൃതലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ സ്വാര്‍ഥലാഭങ്ങള്‍ക്കായി പഴയ കൂട്ടായ്മകളെ തള്ളിപ്പറയുമ്പോള്‍ അവരുടെ സഹപ്രവര്‍ത്തകരായും സഖാക്കളായും കഴിഞ്ഞുകൂടിയവര്‍ക്കുണ്ടാവുന്ന അപമാനവും ലജ്ജയും നൊമ്പരവും എത്രമാത്രമായിരിക്കും.പണ്ടു തങ്ങള്‍ എഴുതിവച്ച വിപ്ലവമുദ്രാവാക്യങ്ങളും പാടിയും പറഞ്ഞും നടന്ന മോചനഗീതികകളും ഇപ്പോള്‍ തങ്ങളുടെ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നു കരുതി ഏത് അവഹേളനത്തിനും തയ്യാറായി നിന്നുകൊടുക്കുന്നവരെ കുറിച്ചുള്ള ചില വരികള്‍ ഇങ്ങനെ-’ക്ഷുഭിത യൗവനങ്ങളെ സൂക്ഷിക്കുക/ ഒരുപക്ഷേ അവര്‍ പണ്ടുനല്ല/ വായനശീലമുള്ളവരും/ചില വാരികകളുടെ സ്ഥിരം വായനക്കാരുമായിരിക്കാം/ അവര്‍ ഭിത്തിയില്‍ നിന്ന്/ ചെയുടെ പടം കീറിക്കളഞ്ഞു/മുട്ടിയുരുമ്മി നില്‍ക്കുന്ന സ്ത്രീയുടെ പടം ചില്ലിട്ടുവയ്ക്കും/ അമ്മായിഅപ്പന്റെ മരണസമയത്ത് /സര്‍വേയറെ വിളിക്കാന്‍ ഓടും.ആശയപരമായ ദൗര്‍ബല്യത്തെ മറികടക്കാന്‍ തയ്യാറല്ലാത്തവര്‍ അന്യവല്‍ക്കരണത്തിനും സ്വാംശീകരണത്തിനും എളുപ്പം ഇരകളായിത്തീരും. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് വിസ്മൃതനാവുകയോ സ്വന്തത്തോടുതന്നെ അപരിചിതത്വം തോന്നുകയോ ചെയ്യുന്ന അനുഭവമാണ് അന്യവല്‍ക്കരണം. സ്വന്തം പശ്ചാത്തലം മറന്നുപോവുകയും അന്യരുടെ പെരുമാറ്റവും ശീലങ്ങളും പിന്തുടരുകയും ചെയ്യുന്നതിനാണ് സ്വാംശീകരണം എന്നു പറയുന്നത്. വ്യക്തിത്വത്തെ ശക്തിപ്പെടുത്താന്‍ കഴിയാതെ വരുമ്പോള്‍, ഉളവാകുന്ന അപകര്‍ഷതാബോധവും ക്ഷമാപണ മനസ്ഥിതിയുമാണ് ഈ ദുരന്തത്തിന് കാരണമായി വര്‍ത്തിക്കുന്നത്. മുഹമ്മദ് നബിയെ തന്റെ നിലപാടില്‍നിന്ന് മാറ്റിയെടുക്കാന്‍, മക്കക്കാര്‍ അധികാരവും കുലീനകുടുംബങ്ങളില്‍ നിന്നുള്ള വിവാഹവും സമ്പത്തും വാഗ്ദാനം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു. എന്റെ വലംകൈയില്‍ സൂര്യനെയും ഇടംകൈയില്‍ ചന്ദ്രനെയും വച്ചുതന്നാലും ഈ സംരംഭത്തില്‍ നിന്നു ഞാന്‍ പിന്മാറുകയില്ല’നബിയുടെ ഈ വാക്യം അഭിമാനപൂര്‍വം പറഞ്ഞുനടന്നവര്‍, ആ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ ഭീരുക്കളായി ചിത്രീകരിച്ചവര്‍, ചിലരെ എസ്റ്റാബ്ലിഷ്‌മെന്റിന്റെയും സ്റ്റാറ്റസ്സുകോയുടെയും ഭാഗമെന്ന് ആക്ഷേപിച്ചവര്‍ തന്നെ ജനവികാരവും ജനഹിതവും തങ്ങള്‍ക്കനുകൂലമാക്കാന്‍ തങ്ങളുടെ പശ്ചാത്തലവും അതുപോലെ തന്നെ പഴയകാലവും പഴയകാല സൗഹൃദങ്ങളും മറക്കുന്നതും മറന്നുവെന്ന് അഭിനയിക്കുന്നതും അനുവര്‍ത്തിച്ചുവന്ന നിഷ്ഠയും ജീവിതരീതിയും വലിച്ചെറിയുന്നതും വളരെ വളരെ ദാരുണമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss