|    Dec 16 Sun, 2018 11:17 am
FLASH NEWS
Home   >  Editpage  >  Article  >  

മാറുന്ന കാലം, മാറാത്ത പോലിസ്

Published : 14th May 2017 | Posted By: fsq

ബാബുരാജ് ബി എസ്

സാന്ദ്രയെ ഞാന്‍ നേരിട്ടറിയില്ല. പക്ഷേ, സാന്ദ്രയുടെ അച്ഛനെ എനിക്കറിയാം. ചിലപ്പോള്‍ ഈ കുറിപ്പ് വായിക്കുന്ന പലര്‍ക്കും അറിയുമായിരിക്കും. പേര് സി വി സത്യന്‍. സിനിമാക്കാരനായിരുന്നു. ഒഡേസ സത്യന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. നമ്മളെപ്പോലെയുള്ള പലര്‍ക്കും അദ്ദേഹത്തെ അറിയാം. എന്റെ കോളജ് കാലത്താണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. പരിചയപ്പെടുന്നത് എന്നൊന്നും പറഞ്ഞുകൂടാ, കാണുന്നത്. തൊണ്ണൂറുകളുടെ ആദ്യത്തില്‍. കൊല്‍ക്കത്തയിലേക്കു പോവുന്ന മദ്രാസ്-കോറമണ്ടല്‍ എക്‌സ്പ്രസ് ഒറീസയിലെ ഏതോ ഒരു പൊടിനിറഞ്ഞ സ്റ്റേഷനില്‍ സിഗ്നലിനായി നിര്‍ത്തിയതായിരുന്നു. പ്ലാറ്റ്്‌ഫോമിലൂടെ നടന്നുപോവുന്ന മെലിഞ്ഞ ഒരാളെ രമേശേട്ടനാണു കാണിച്ചുതന്നത്, ഒഡേസ സത്യന്‍. ഞങ്ങള്‍ അഞ്ചെട്ടുപേര്‍ റിസേര്‍വ്ഡ് കൂപ്പയിലായിരുന്നു, സത്യന്‍ ജനറലിലും. അന്നൊക്കെ അന്താരാഷ്ട്ര ചലച്ചിത്രമേള ഗോവയില്‍ ഉറച്ചുപോയിരുന്നില്ല. അത് ഓരോ കൊല്ലവും സഞ്ചരിച്ചുകൊണ്ടിരിക്കും. അത്തവണ കൊല്‍ക്കത്തയിലായിരുന്നു. അങ്ങോട്ടുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. സത്യന്റെ യാത്ര മാത്രമായിരുന്നില്ല, ഭക്ഷണവും ജനറലായിരുന്നു- അവിലും തേങ്ങാക്കൊത്തും. യാത്രയിലുടനീളം സത്യന്‍ ആ ഭക്ഷണവുമായാണ് കഴിഞ്ഞുകൂടിയതെന്ന് പിന്നീട് ഞങ്ങള്‍ മനസ്സിലാക്കി. അതിനുശേഷം സത്യനെ പലയിടത്തു വച്ചും കണ്ടു. തന്റെ അവസാനത്തെ ഡോക്യുമെന്ററി “വിശുദ്ധപശു’ പൂര്‍ത്തിയാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതു മുഴുമിക്കാനാവാതെ തന്നെ അദ്ദേഹം മരിച്ചു. അമ്മ അറിയാനിലെ കരാത്തെ മാസ്റ്ററിലൂടെ സിനിമയിലെത്തിയ സത്യന്‍ തന്റെ പ്രവര്‍ത്തനമേഖലയായി സിനിമ കണ്ടെത്തുകയായിരുന്നു.  ഇതൊക്കെ ഇപ്പോള്‍ പറഞ്ഞത് സത്യന്റെ മകള്‍ സാന്ദ്രയുടെ ഒരു എഫ്ബി പോസ്റ്റ് കണ്ടതുകൊണ്ടാണ്. അവര്‍ തന്റെ ഒരു അനുഭവം തുറന്നെഴുതുകയാണ്. കോഴിക്കോട് വീടിനോടു ചേര്‍ന്ന് ഒരു കലാകേന്ദ്രം നടത്തുകയാണ് സാന്ദ്രയും ഭര്‍ത്താവ് ശരത്തും. യാദൃച്ഛികമായി എഗിസ് ബെഞ്ചമിന്‍ എന്നു പേരായ ഒരു വിദേശിയും ബംഗളൂരുവിലെ അവരുടെ സുഹൃത്ത് അപൂര്‍വയും സാന്ദ്രയുടെ വീട്ടിലെത്തി. അങ്ങോട്ടായി വന്നതായിരുന്നില്ല. കോറോമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരു രാത്രി താമസത്തിനായി വന്നതായിരുന്നു. അപരിചിതരെങ്കിലും ആത്മീയാന്വേഷകരായ രണ്ടുപേര്‍ക്ക് തങ്ങളുടെ വീട്ടില്‍ ഒരുദിവസം അഭയം നല്‍കുന്നതില്‍ സാന്ദ്രയ്ക്ക് സന്തോഷമേയുണ്ടായിരുന്നുള്ളു.  ഒരു വിദേശി തങ്ങളുടെ വീട്ടില്‍ താമസിക്കാനെത്തിയ വിവരം പോലിസ് സ്‌റ്റേഷനില്‍ അറിയിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് സാന്ദ്ര കരുതി. സാന്ദ്ര എഴുതുന്നു: “”ഞാനും ശരത്തും അവരും കൂടി വടകര സ്‌റ്റേഷനിലേക്കു പോയി. മൂന്നു മണിക്കൂറോളം അവിടെ ചൂടും സഹിച്ച് കാത്തിരിക്കേണ്ടിവന്നു. ഞങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചു. സമയം മെനക്കെടുത്തി. ഒടുവില്‍ കാര്യം അനുവദിച്ച പോലിസ് ഉദ്യോഗസ്ഥന്‍ അവര്‍ നമ്മുടെ അതിഥികളാണെന്നും അവരെ ശ്രദ്ധിക്കണമെന്നും ഉപദേശിച്ചു.’’ പിറ്റേന്നു കാലത്ത് വിദേശികള്‍ കോറോമിലേക്ക് യാത്ര തിരിച്ചു. അക്കാര്യവും സ്ഥലത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസുകാരെ സാന്ദ്ര അറിയിച്ചിരുന്നു. കാര്യങ്ങള്‍ അവിടംകൊണ്ടു തീരുമെന്നാണ് കരുതിയത്. ഇല്ലെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ തെളിയിച്ചു. അടുത്ത ദിവസം രാവിലെ സാന്ദ്രയുടെ വീട്ടിലേക്ക് രണ്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വന്നു. സാന്ദ്രയ്ക്കും നാട്ടുകാര്‍ക്കുമെതിരേ അസംബന്ധമായ ചില ചോദ്യങ്ങള്‍ എറിഞ്ഞ് എന്തോ സംശയാസ്പദമായ സംഭവം അവിടെ ഉണ്ടായിരിക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ചാണു മടങ്ങിയത്. പിറ്റേന്ന് എഗിസിന്റെ ഫോണില്‍ നിന്ന് സാന്ദ്രയ്ക്ക് ഒരു മെസേജ്. എഗിസിനെയും കൂട്ടാളിയെയും രാവിലെ കോറോമില്‍ വച്ച് പോലിസ് ചോദ്യംചെയ്തുവത്രേ. സാന്ദ്രയെയും സത്യനെയും എങ്ങനെയാണ് പരിചയമെന്നാണ് അവര്‍ക്കറിയേണ്ടത്. ആ കുടുംബത്തിലുള്ളവര്‍ ഭീകരവാദികളാണെന്നും പോലിസ് ആവര്‍ത്തിച്ചു. മരിച്ചുപോയ സത്യനെ കൊടുംഭീകരനാണെന്നാണ് വിശേഷിപ്പിച്ചത്. തങ്ങള്‍ക്ക് അവരെ ഒരുദിവസത്തെ പരിചയമേയുള്ളൂവെന്ന് എഗിസ് പറഞ്ഞു. എന്തായാലും എഗിസ് അവരുടെ നേരിട്ടുള്ള ശത്രുവല്ലാത്തതിനാലാവാം പോലിസ് അവരെ പോവാനനുവദിച്ചു. വിദേശികള്‍ താമസിക്കുന്ന വിവരം സാന്ദ്ര തന്നെ മുന്‍കൂട്ടി പോലിസിലറിയിച്ചതിനു ശേഷമാണ് ഇതൊക്കെ സംഭവിക്കുന്നത്. തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാകേന്ദ്രത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ നുണപ്രചാരണങ്ങളിലൂടെ അകറ്റാനും അതുവഴി തങ്ങളുടെ ജീവിതോപാധികള്‍ തകര്‍ക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സാന്ദ്ര പറയുന്നു. ഇതുവരെയുള്ള കാര്യങ്ങള്‍ വച്ചുകൊണ്ട് അതു ശരിയുമാണ്. കൂടാതെ സത്യനെ പോലെയുള്ള ഒരാളെ ഭീകരനായി അവതരിപ്പിക്കാനുള്ള ശ്രമവുമുണ്ട്. വളര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസത്തെ തന്റെ രചനകളിലൂടെ ചോദ്യംചെയ്ത സത്യനെപ്പോലുള്ള ഒരാളെയാണ് മരണശേഷവും പോലിസ് വേട്ടയാടുന്നത്. എഗിസിനോട് ചോദിച്ച ചില ചോദ്യങ്ങള്‍ വച്ചുകൊണ്ട് തന്റെ ഫോണ്‍ ചോര്‍ത്തുന്നതായും സാന്ദ്ര സംശയിക്കുന്നു. ഒരു പൗരന്റെ ജീവിക്കാനുള്ള അവകാശവും സ്വകാര്യതയ്ക്കുള്ള അവകാശവും നിഷേധിക്കുന്ന ഇത്തരം ശ്രമങ്ങള്‍ അധികാരത്തിന്റെ ഫാഷിസവല്‍ക്കരണത്തിന്റെ ഭാഗമായേ കാണാനാവൂ. പോലിസ് മാറിയെന്ന് ചിലരൊക്കെ പറയുന്നു, ഉവ്വോ? ഇതു പഴയ പോലിസ് ഏമാന്‍ കുട്ടന്‍പിള്ള തന്നെയല്ലേ?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss