|    Nov 19 Mon, 2018 2:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാറും നവകേരളമായി

Published : 22nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ഒരുങ്ങുന്നു. പാലക്കാട് നെല്ലിയാമ്പതി ഒഴികെയുള്ള പ്രദേശങ്ങളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചിട്ടുണ്ട്. നെല്ലിയാമ്പതിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം, ദുരന്തം നേരിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനര്‍നിര്‍മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തകര്‍ന്ന കേരളത്തെ അതിനു മുമ്പുള്ള അവസ്ഥയിലേക്ക് പുനസ്ഥാപിക്കുകയല്ല ലക്ഷ്യം. പുതിയൊരു കേരളം സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് വലിയതോതില്‍ വിഭവസമാഹരണം നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കമ്പോളത്തില്‍ നിന്ന് സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഎസ്ഡിപി) മൂന്നു ശതമാനമാണ് ഇപ്പോള്‍ വായ്പയെടുക്കാനുള്ള പരിധി. അത് നാലരശതമാനമായി ഉയര്‍ത്താന്‍ ആവശ്യപ്പെടും. പരിധി ഈ തോതില്‍ ഉയര്‍ത്തിയാല്‍ നമുക്ക് 10,500 കോടി രൂപ അധികമായി കമ്പോളത്തില്‍ നിന്ന് സമാഹരിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പശ്ചാത്തലസൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും കൃഷിയിലും ജലസേചനം ഉള്‍പ്പെടെയുള്ള അനുബന്ധ മേഖലകളിലും സാമൂഹിക മേഖലയിലും ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുന്നതിനും പ്രത്യേക പദ്ധതികള്‍ക്കായി നബാര്‍ഡിനോട് ആവശ്യപ്പെടും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കേരളത്തിന് പ്രത്യേക പാക്കേജ് വേണം. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്ക് ഈ വര്‍ഷം 2,600 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മാണം എന്നിവ ചര്‍ച്ച ചെയ്യുന്നതിന് 30ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ ബാങ്ക് വായ്പകള്‍ക്ക് ഇതിനകം തന്നെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഇതു ബാധകമാണ്. ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഇതു വലിയ ആശ്വാസമായിരിക്കും. എന്നാല്‍, ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നിലപാട് വിഷമകരമാണ്. ചില ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ പോയി വായ്പാ കുടിശ്ശിക പിരിക്കാന്‍ ശ്രമിച്ച പരാതികളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരം ശ്രമങ്ങളില്‍ നിന്ന് അവര്‍ പിന്തിരിയണം. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന രീതിയിലുള്ള നിലപാട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കൂടുതല്‍ സഹായങ്ങള്‍ തേടി പ്രധാനമന്ത്രിയെ കാണാന്‍ കേരളത്തില്‍ നിന്ന് സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് ആവശ്യം. പ്രളയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും വിവിധ പാര്‍ട്ടിപ്രതിനിധികള്‍ വാഗ്ദാനം ചെയ്തു. പ്രശ്‌നങ്ങള്‍ നേരിടുന്നതിന് പഞ്ചായത്തുതലം മുതല്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുക, സാംക്രമിക രോഗങ്ങള്‍ തടയുന്നതിനായി കൂടുതല്‍ മെഡിക്കല്‍ സംഘങ്ങളെ നിയോഗിക്കുകയും മരുന്നുകള്‍ എത്തിക്കുകയും ചെയ്യുക, എസ്എസ്എല്‍സി, പിഎസ്‌സി പരീക്ഷകള്‍ ക്രമീകരിക്കുക, ദുരന്തത്തില്‍പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ ലീവുകള്‍ ക്രമീകരിക്കുക, രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ പുതിയത് നല്‍കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിലുയര്‍ന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss