|    Dec 13 Thu, 2018 1:53 pm
FLASH NEWS

മാറാവ്യാധികള്‍ക്കു ശമനമില്;ല ജനങ്ങളുടെ ആശങ്കയകറ്റാനാവാതെ ആരോഗ്യവകുപ്പ്

Published : 3rd August 2016 | Posted By: SMR

കുറ്റിപ്പുറം: അതിസാരം ബാധിച്ച് മൂന്ന് സ്ത്രീകള്‍ മരിച്ചിട്ടും കോളറയടക്കമുള്ളവ റിപോര്‍ട്ട് ചെയ്തിട്ടും ജനങ്ങളുടെ ആശങ്കയകറ്റാനാവാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപ്പഞ്ചായത്തും. ഒരു  മാസത്തിനകം മൂന്ന് സ്ത്രീകളാണു കുറ്റിപ്പുറത്ത് അതിസാരം ബാധിച്ച് മരിച്ചത്. കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനു സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആയിഷ(81) ഒരുമാസം മുമ്പാണ് അതിസാരം ബാധിച്ചു മരിച്ചത്.
രണ്ടാഴ്ചയ്ക്കു ശേഷം ഇവരുടെ മകള്‍ ജമീല(41)യും ഇതേ അസുഖം ബാധിച്ചുതന്നെ മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കുറ്റിപ്പുറം ചെല്ലൂര്‍ സ്വദേശിനി കാര്‍ത്ത്യായനി (61) അസുഖം മൂലം മരിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അമ്പതോളം പേര്‍ അതിസാരം പിടിപെട്ട് വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. അതിസാരത്തിനു പുറമെയാണ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചത്.
ഇവരിപ്പോള്‍ ചികില്‍സയിലാണ്. അതിസാരം ബാധിച്ച് മൂന്നുപേര്‍ മരിച്ചതോടെ രോഗം ബാധിച്ച് ചികില്‍സയിലുള്ളവരും അവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ആശങ്കയിലാണ്. ഫലപ്രദമായ രീതിയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടുമില്ല. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉത്തരവാദപ്പെട്ടവരാരും തന്നെ രംഗത്തുവന്നില്ലെന്ന ആരോപണവും ശക്തമാണ്.
കുറ്റിപ്പുറം ടൗണിലെ അഴുക്കുചാലുകളില്‍ കെട്ടിനില്‍ക്കുന്ന മലിനജലത്തിലാണ് കോളറ ബാധയ്ക്കിടയാക്കിയ ബാക്ടീരിയയെ കണ്ടെത്തിയതെന്ന് പൂക്കോട് കാര്‍ഷിക സര്‍വകലാശാലയിലെ ക്വാളിറ്റി അഷ്വറന്‍സ് ലാബില്‍ നടന്ന പരിശോധനയില്‍ വ്യക്തമായിരുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴുക്കുചാലുകളിലെ മലിനജലം പൂര്‍ണമായും ഒഴിവാക്കാന്‍ നടപടിയെടുത്തിട്ടില്ല. ടൗണിലെ മലിനജലം ഒരു പരിധിവരെ ഭാരതപ്പുഴയിലേയ്ക്കാണ് ഒഴുകുന്നത്. ഭാരതപ്പുഴയിലെ വെള്ളത്തിലും രോഗബാധക്കിടയായ ബാക്ടീരിയ കണ്ടെത്തിയ സാഹചര്യത്തില്‍ ശാസ്ത്രീയമായ രീതിയില്‍ മലിനജലം ഒഴിവാക്കാനോ അടഞ്ഞുകിടക്കുന്ന ഡ്രൈനേജുകള്‍ തുറന്ന് ജലം ഒഴികിപ്പോകുന്നതിനോ ഉള്ളനടപടികളൊന്നും തന്നെ ഇതുവരെ കൈക്കൊണ്ടിട്ടില്ല.
പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യമന്ത്രി കെ കെ ശൈലജയും തദ്ദേശ മന്ത്രി കെ ടി ജലീലും പങ്കെടുത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അവലോകന യോഗം ചേര്‍ന്നെങ്കിലും യോഗതീരുമാനപ്രകാരമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളൊന്നും കാര്യമായി നടന്നിട്ടില്ല.
ബസ് സ്റ്റാന്റില്‍ ഗ്രാമപ്പഞ്ചായത്ത് അധീനതയില്‍ നിര്‍മിച്ചു നല്‍കിയ ബങ്കുകള്‍ അഴുക്കുചാലുകള്‍ക്കു മുകളില്‍ സ്ലാബിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. പത്തോളം ചായക്കടകളും കൂള്‍ബാറുകളും ഈ ബങ്കുകളിലാണു പ്രവര്‍ത്തിച്ചിരുന്നത്. മന്ത്രിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് സന്ദര്‍ശനം നടത്തിയ ജില്ലാ പഞ്ചായത്ത് ഡയറക്ടര്‍ ഈ ബങ്കുകളിലെ കച്ചവടം നിര്‍ത്തിവയ്ക്കാന്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബങ്കുകള്‍ക്കടിയിലെ മാലിന്യം നീക്കം ചെയ്യാതെ തിങ്കളാവ്ച ഇതിലെ ഏതാനും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അതിസാരം ബാധിച്ചുമരിച്ചവരില്‍ രണ്ടുപേര്‍ തൊഴിലുറപ്പു തൊഴിലാളികളാണ്.
കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫിലും മുസ്‌ലിംലീഗിലും രൂപം കൊണ്ടിട്ടുള്ള വിഭാഗീയതയും പഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചതായുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss