|    Mar 18 Sun, 2018 9:02 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മാറാട് കേസ് സിബിഐ ഏറ്റെടുക്കുമ്പോള്‍

Published : 12th November 2016 | Posted By: SMR

രണ്ടാം മാറാട് കലാപം സംബന്ധിച്ചുള്ള ഗൂഢാലോചനയും ആസൂത്രണവും സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നു സിബിഐയും പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുസ്‌ലിംലീഗ് നേതാവ് കെ പി എ മജീദും അന്വേഷണത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. സിബിഐ വന്ന് സത്യം തെളിയിക്കുന്നതില്‍ എല്ലാവര്‍ക്കും പെരുത്തു സന്തോഷം. പശുവും ചത്ത് മോരിലെ പുളിയും പോയ ശേഷം 13ാം കൊല്ലത്തില്‍ നടക്കുന്ന സിബിഐ അന്വേഷണം കൊണ്ട് എന്തു ഗുണം എന്നൊക്കെയുള്ള സംഗതി വേറെ.
മാറാട് കേസ് സിബിഐ അന്വേഷിക്കുന്നത് എതിര്‍ക്കപ്പെടേണ്ട കാര്യമല്ല. അതിനു പിന്നില്‍ ആസൂത്രണവും ഗൂഢാലോചനയും ഉണ്ടെങ്കില്‍ തീര്‍ച്ചയായും കണ്ടുപിടിക്കേണ്ടതുമാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും വേണം. എന്നാല്‍, സിബിഐ അന്വേഷണത്തെ ആദ്യഘട്ടത്തില്‍ എതിര്‍ത്തവര്‍ നടത്തുന്ന ഇപ്പോഴത്തെ മലക്കംമറിച്ചില്‍ പരിഹാസ്യമാെണന്നു പറയാതെ വയ്യ. മാറാട് കേസ് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന്‍ മുമ്പാകെ പിണറായി വിജയന്‍ കൈെക്കാണ്ട നിലപാട് സിബിഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ടുള്ളതായിരുന്നു. കേന്ദ്രത്തില്‍ ബിജെപിയാണ് അധികാരത്തില്‍ എന്നതിനാല്‍ സിബിഐയെ ദുരുപയോഗപ്പെടുത്തുമെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് പിണറായി വിജയനു പ്രസ്തുത ആശങ്ക ഇപ്പോള്‍ ഇല്ലാത്തത്?
സിബിഐ അന്വേഷണത്തെ ഇപ്പോള്‍ സ്വാഗതം ചെയ്യുന്ന മുസ്‌ലിംലീഗും ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്ന നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ്സിന്റേതും മറിച്ചൊരു നിലപാടായിരുന്നില്ല. ഈ രാഷ്ട്രീയകക്ഷികള്‍ മുഴുവനും സിബിഐ അന്വേഷണത്തിന് അനുകൂലമായി നിലപാടെടുക്കുന്നത് ഏതു കാരണം കൊണ്ടാവാം എന്നു വ്യക്തമല്ല. നേരത്തേ അവര്‍ ഏതു കാരണത്താലാണോ അന്വേഷണത്തെ എതിര്‍ത്തത്, ആ സാഹചര്യം തന്നെ നിലനില്‍ക്കുമ്പോള്‍.
13 കൊല്ലം മുമ്പ് നടക്കുകയും കേസ് വിചാരണ പൂര്‍ത്തിയാവുകയും ലീഗുകാരും സിപിഎമ്മുകാരുമായ കുറേ പേര്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത കേസില്‍ സിബിഐ അന്വേഷണം എന്തു പുരോഗതിയാണ് ഉണ്ടാക്കുക എന്നും ആലോചിക്കേണ്ടതുണ്ട്; മാറാട് പ്രദേശത്തെ സാമുദായിക അന്തരീക്ഷത്തില്‍ സമൂലമായ മാറ്റം വന്ന അവസ്ഥയില്‍ വിശേഷിച്ചും. ക്രൈംബ്രാഞ്ച് രേഖകളെ ആശ്രയിച്ചു വേണം അന്വേഷണം. അതെല്ലാം ഇത്രയും വര്‍ഷത്തിനു ശേഷം എത്രത്തോളം സുഗമമായി നടക്കുമെന്നും ആലോചിക്കണം.
മറ്റൊരു കാര്യം, സിബിഐ അന്വേഷണം എത്രത്തോളം കുറ്റമറ്റതായിരിക്കും എന്നുള്ളതാണ്. സിബിഐ അന്വേഷണം തെറ്റായ ദിശയില്‍ നീങ്ങിയതിന്റെ ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. ഒരുപാട് കേസുകളില്‍ അവര്‍ സുല്ലുപറഞ്ഞിട്ടുമുണ്ട്. വന്‍ കൊട്ടിഘോഷത്തോടെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രങ്ങള്‍ കോടതികളില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന അനുഭവങ്ങള്‍ വേറെ. അതിനാല്‍ സിബിഐ, മറ്റു ചികില്‍സകള്‍ ഫലിക്കാത്തപ്പോഴുള്ള മറുമരുന്നാണെന്ന വിചാരത്തിലൊന്നും യാതൊരു അര്‍ഥവുമില്ല. കേസ് സിബിഐ അന്വേഷിച്ചുകൊള്ളട്ടെ, കുഴപ്പമൊന്നുമില്ല. പക്ഷേ, മാറാടിന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുകയും അവിടെ പരസ്പര സൗഹാര്‍ദം സ്ഥാപിക്കുകയും ചെയ്യേണ്ടത് മാറാട്ടെ ജനങ്ങള്‍ തന്നെയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss