|    Jan 17 Tue, 2017 8:31 am
FLASH NEWS

മാറഞ്ചേരിയില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച് യു.ഡി.എഫ്.

Published : 4th October 2015 | Posted By: RKN

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍‘

പല കാര്യങ്ങളിലും സംസ്ഥാനത്തിന് മാതൃകയാക്കാവുന്ന പഞ്ചായത്താണ് മാറഞ്ചേരി. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടതു മുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഭരണരംഗത്തെ മികവിന് ആഴ്ചകള്‍ക്ക് മുമ്പാണ് മാറഞ്ചേരി പഞ്ചായത്തിന് ഐ.സ്.ഐ. അംഗീകാരം ലറ്റിച്ചത്. തൊഴിലുറപ്പ് പദ്ധതി ഇത്രയും കാര്യക്ഷമമായി നടപ്പാക്കിയ മറ്റൊരു പഞ്ചായത്തുണ്ടാവില്ലെന്ന് പ്രതിപക്ഷം പോലും സമ്മതിക്കും. പക്ഷേ, ഇത്തവണ ഇടതിന്റെ അമിത ആത്മവിശ്വാസമൊന്നും യു.ഡി.എഫ്. ക്യാംപില്‍ അങ്കലാപ്പ് ഉണ്ടാക്കിയിട്ടില്ല .അട്ടിമറി വിജയം നേടുമെന്ന പ്രതിക്ഷയിലാണ് വലതുപക്ഷ മുന്നണി.സംസ്ഥാനത്ത് ആദ്യമായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങിയത് മാറഞ്ചേരി പഞ്ചായത്തിലാണ്. തുടക്കം മുതല്‍ യു.ഡി.എഫിന്റെ കുത്തകയായിരുന്ന ഈ പഞ്ചായത്ത് കഴിഞ്ഞ 15 വര്‍ഷമായി ഇടതിന്റെ കൈയ്യില്‍ ഭദ്രമാണ്. 1963 മുതല്‍ 2000 വരെ യു.ഡി.എഫിന്റെ കൈയിലായിരുന്നു ഈ പഞ്ചായത്ത്. 1956ലെ ആദ്യ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് ഇടത് പാര്‍ട്ടിക്കൊപ്പമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെടെ എല്ലാത്തിലും ഇടതിനെ കൈവിട്ടപ്പോള്‍ മാറഞ്ചേരി പഞ്ചായത്ത് മാത്രമാണ് വലിയ ഭൂരിപക്ഷത്തില്‍ ഇടതിനൊപ്പം നിന്നത്. കോണ്‍ഗ്രസ് മാറഞ്ചേരി മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഗ്രൂപ്പ് വഴക്കാണ് കോണ്‍ഗ്രസ്സിനെ അലട്ടുന്നത്. ഗ്രൂപ്പ് പോര് ശക്തമാണിപ്പോള്‍. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിനാവട്ടെ ലീഗ് നേതൃത്തവുമായി തര്‍ക്കത്തിലാണ്. ഇത് യു.ഡി.എഫിന്റെ കെട്ടുറപ്പിനെതന്നെ ബാധിച്ച നിലയിലാണ്. സി.പി.എമ്മിലെ കനത്ത വിഭാഗീയതയാണ് ഇടതു മുന്നണിയെ അസ്വസ്ഥമാക്കുന്നത്. ബി.ജെ.പി. ശക്തിപ്പെട്ടത് സി.പി.എമ്മിന് ക്ഷീണം ചെയ്യും. ഇതിന് പുറമെ രണ്ടിലധികം വാര്‍ഡുകളില്‍ എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും നിര്‍ണായക ശക്തിയാണ്. ഇരുമുന്നണികളെയും ഇത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

വന്‍ വികസനം കൈവരിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ്
വന്‍ വികസനമാണ് പഞ്ചായത്ത് കൈവരിച്ചതെന്ന് പ്രസിഡന്റ് ഇ സിന്ധു പറയുന്നു. കാഞിരമുക്കില്‍ മൃഗാശുപത്രി നിര്‍മിക്കാന്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 10 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം. പെരിച്ചകത്ത് 10 ലക്ഷം രൂപ ചെലവില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ കെട്ടിടം നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ് നിര്‍മാണം. 14, 15 വാര്‍ഡുകളില്‍ സൗജന്യമായി വിട്ട് തന്ന സ്ഥലങ്ങളില്‍ അങ്കണവാണി കെട്ടിടങ്ങളുടെ നിര്‍മാണവും തുടങ്ങിക്കഴിഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ പദ്ധതികള്‍ നടപ്പാക്കി. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ സൗജന്യ ഡയാലിസിസ് കേന്ദ്രം തുടങ്ങി. കാന്‍സര്‍ രോഗികള്‍ക്കായി അതിജീവനം പദ്ധതി തുടങ്ങി. ശാരീരിക മാനസിക വൈകല്യമുള്ളവര്‍ക്കായി സൗജന്യ ഫിസിയോ തെറോപ്പി കേന്ദ്രം തുടങ്ങി. കുടുംബശ്രീ അംഗങ്ങള്‍ക്കായി സ്വയം തൊഴില്‍ പദ്ധതികളായ വനിതാ ഹോട്ടല്‍, കുട നിര്‍മാണ യൂനിറ്റ്, തയ്യല്‍ യൂനിറ്റ്, പേപ്പര്‍ നിര്‍മാണ യൂനിറ്റ് എന്നിവ പ്രവര്‍ത്തിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഴക്കൊയ്ത്ത് എന്ന പേരില്‍ 26 കുളങ്ങള്‍ നിര്‍മിച്ചു. 400 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണത്തിന് സഹായം നല്‍കി. ഐ.എസ്.ഒ. അന്താരാഷ്ട്ര അംഗീകാരം നേടാന്‍ കഴിഞ്ഞുവെന്നും പ്രസിഡന്റ് സിന്ധു പറഞ്ഞു.

വികസനങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രം: പ്രതിപക്ഷം

പഞ്ചായത്തില്‍ വികസനങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രമാണെന്ന് പ്രതിപക്ഷ അംഗം ടി മാധവന്‍ ആരോപിച്ചു. ഐ.എസ്.ഒ. അംഗീകാരം പഞ്ചായത്തിന് ലഭിച്ചിട്ടും നൂറ് കണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. 800 ഏക്കര്‍ വരുന്ന മുല്ലമാടം കോള്‍പടവില്‍ കൃഷിയിറക്കാന്‍ പഞ്ചായത്ത് നടപടികള്‍ എടുത്തില്ല. തീരദേശത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുത്തില്ല. സ്വന്തമായി കെട്ടിടമുണ്ടായിട്ടും ഗവ. ഐ.ടി.ഐ. കോളജ് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് പഞ്ചായത്ത് വാങ്ങിയ ട്രാക്ടര്‍ ഉപയോഗിക്കാതെ നശിച്ച നിലയിലാണ്. ഇതിപ്പോള്‍ എവിടെയാണ് ഉള്ളതെന്നു പോലും അധികൃതര്‍ക്കറിയില്ല. ലക്ഷംവീട് കോളനി പുനരുദ്ധാരണത്തിന് ഗുണഭോക്താക്കളെ കണ്ടെത്തിയെങ്കിലും ഫണ്ട് നല്‍കാതെ അവരെ കബളിപ്പിച്ചു. അതിജീവനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഹസനമായി മാറി. പകുതിയിലധികം അങ്കണവാടികള്‍ വാടക കെട്ടിടത്തിലാണ്. കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായിട്ടില്ല. ബിയ്യം തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി നടത്താനായില്ല. കാര്‍ഷികമേഖലയില്‍ ഒരു പദ്ധതിയും നടപ്പാക്കിയില്ല. അഞ്ച് വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്‍സറിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കാനായില്ല.

ഭരണം സമ്പൂര്‍ണ പരാജയം: എസ്.ഡി.പി.ഐ.

മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിക്കാരുടെ കാര്യസാധ്യത്തിനുള്ള ഒരു സംവിധാനമായി മാറിയിരിക്കുന്നുവെന്ന് എസ്.ഡി.പി.ഐ. മാറേഞ്ചരി പഞ്ചായത്ത് പ്രസിഡന്റ് നസീര്‍ ആരോപിച്ചു. ഗ്രാമസഭയില്‍ ഭൂരിപക്ഷത്തിന്റെ തീരുമാന പ്രകാരം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യേണ്ട ആനുകുല്യങ്ങള്‍ വാര്‍ഡ് മെമ്പര്‍ തന്നിഷ്ട പ്രകാരം വിതരണം ചെയ്യുന്നു. അടിസ്ഥാന വിഷയങ്ങില്‍ പോലും ക്രിയാത്മകമായ നടപടി സ്വീകരിക്കാത്ത ഭരണകക്ഷി കേവലം പ്രകടനാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ജനവഞ്ചന തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 135 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക