|    Feb 25 Sun, 2018 9:16 pm
FLASH NEWS
Home   >  Kerala   >  

മാര്‍ച്ചില്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്താന്‍ നീക്കം

Published : 13th January 2017 | Posted By: mi.ptk

load-shedding

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായതോടെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ മാര്‍ച്ച് മുതല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ നീക്കം. കത്തുന്ന വേനലില്‍ വൈദ്യുതി ഉപഭോഗം കൂടുകയും ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് വന്‍തോതില്‍ കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലോഡ്‌ഷെഡിങിന് വൈദ്യുതി ബോര്‍ഡ് നിര്‍ബന്ധിതരായിരിക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെയോ ബോര്‍ഡിന്റെയോ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. സംസ്ഥാനത്തെ ജലസംഭരണികളില്‍ 30 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ജലവൈദ്യുത പദ്ധതികളിലെ ജലനിരപ്പ് അപകടകരമാംവിധം താഴുകയാണ്. ഇടുക്കിയില്‍ ബുധനാഴ്ചത്തെ ജലനിരപ്പ് 37 ശതമാനം മാത്രമാണ്. കഴിഞ്ഞവര്‍ഷം ഇതേദിവസം 44 ശതമാനം വെള്ളമുണ്ടായിരുന്നു. മാര്‍ച്ചിലെ ആവശ്യം നേരിടാന്‍ പുറത്തുനിന്നു വൈദ്യുതി വാങ്ങിയാലും തികയാത്ത അവസ്ഥയാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. കുറച്ചൊക്കെ തണുപ്പു ശേഷിക്കുന്ന ജനുവരിയില്‍ പോലും പ്രതിദിന ഉപഭോഗം 68 ദശലക്ഷം യൂനിറ്റാണ്. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ചില്‍ ഇത് 80 ദശലക്ഷം യൂനിറ്റിനു മുകളില്‍ പോവാനാണു സാധ്യത. ഏപ്രില്‍, മെയ് മാസങ്ങളിലും ഇതേ നില തുടരും. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 29ന് 80.44 ദശലക്ഷം യൂനിറ്റ് വൈദ്യുതി കേരളം ഉപയോഗിച്ചിരുന്നു. ഇതാണ് സര്‍വകാല റെക്കോഡ്. ശരാശരി എട്ടു ദശലക്ഷം യൂനിറ്റ് മാത്രമാണു കേരളത്തിലെ ഇപ്പോഴത്തെ പ്രതിദിന ഉല്‍പ്പാദനം. ബാക്കി വൈദ്യുതി പുറത്തുനിന്നു വാങ്ങുകയാണ്. ദിവസം 10 ദശലക്ഷം യൂനിറ്റ് വൈദ്യുതിയുടെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. പരീക്ഷാക്കാലമായതിനാല്‍ മാര്‍ച്ചില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതു വലിയ പ്രതിഷേധത്തിനിടയാക്കും. അതുകൊണ്ടുതന്നെ എങ്ങനെയും പ്രതിസന്ധി നേരിടുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss