|    Oct 20 Sat, 2018 2:39 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

മാര്‍ക്‌സില്‍ നിന്നു മാര്‍ക്‌സിലേക്ക്…

Published : 27th September 2017 | Posted By: fsq

 

സഫീര്‍ ഷാബാസ്

മാര്‍ക്‌സില്‍ നിന്നു മാര്‍ക്‌സിലേക്കുള്ള അപനിര്‍മാണസാധ്യതയെ മുന്നോട്ടുവയ്ക്കുന്നതായിരുന്നു ‘ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റല്ല’ എന്ന മാര്‍ക്‌സിന്റെ മഹദ്‌വചനം. ജ്ഞാനശാസ്ത്രപരമായ വിച്ഛേദന സാധ്യതയുടെ അടയാളപ്പെടുത്തല്‍. മാര്‍ക്‌സിസം പുനര്‍വ്യാഖ്യാനങ്ങള്‍ക്കു വിധേയമാവേണ്ടതുണ്ടെന്ന അനന്ത സാധ്യതയെ തുറന്നിടുകയായിരുന്നു ആ ഉദ്ധരണി. മാര്‍ക്‌സിസം എല്ലാറ്റിനും ഒറ്റമൂലിയല്ലെന്നു വിവക്ഷ. എന്നാല്‍, കാലഗതിയില്‍ മാര്‍ക്‌സിന്റെ ഭൂതത്താല്‍ ആവാഹിക്കപ്പെട്ടവര്‍ മാര്‍ക്‌സിനെ ദൈവമായും മാര്‍ക്‌സിസത്തെ വേദഗ്രന്ഥമായും പ്രതിഷ്ഠിച്ചു. മനുഷ്യരാശിയുടെ വിമോചനത്തിന് മതങ്ങള്‍ നിര്‍വഹിക്കുന്ന ദൗത്യങ്ങള്‍ അപര്യാപ്തമെന്നു കണ്ട് രൂപപ്പെട്ട ഭൗതികവാദപരമായ ഒരു തത്ത്വസംഹിതയ്ക്ക് മതത്തിന്റെ തന്നെ ഗതി വന്നു. ദൈവമില്ലാത്ത മതം കണക്കെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഒന്നടങ്കം മതവല്‍ക്കരിക്കപ്പെട്ടു.കാള്‍ മാര്‍ക്‌സ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ മാര്‍ക്‌സിസ്റ്റ് എന്നു പറയാന്‍ സമ്മതിക്കില്ലെന്നാണു തളിപ്പറമ്പില്‍ മൂലധനം 150ാം വാര്‍ഷിക സെമിനാറില്‍ ബേബി പ്രസ്താവിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ പേരില്‍ സിദ്ധാന്തത്തെ നിര്‍വചിക്കുന്നത് ശാസ്ത്രീയമാണോ എന്നത് സംവാദവിഷയമാണ്. നോം ചോംസ്‌കിയും ഇക്കാര്യം വിശകലനം ചെയ്തിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാര്‍ക്‌സിസം മുന്നോട്ടുവയ്ക്കുന്ന നൈതിക പ്രമാണങ്ങളുടെ, ജനാധിപത്യ സങ്കല്‍പങ്ങളുടെ പ്രായോഗികത സംബന്ധിച്ച സന്ദേഹങ്ങളാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ എം എന്‍ റോയിയെ പാര്‍ട്ടി വിടുന്നതിനു പ്രേരിപ്പിച്ചത്. പ്രസ്ഥാനത്തിന് മതാത്മക സ്വഭാവം കൈവന്നതോടെ സംഘടനകള്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന ബോധ്യത്തില്‍നിന്നായിരുന്നു അദ്ദേഹം പാര്‍ട്ടി വിട്ട് റാഡിക്കല്‍ ഹ്യൂമനിസം എന്ന സ്വന്തം പ്രസ്ഥാനത്തിനു രൂപം നല്‍കിയത്. വര്‍ഗവിശകലനത്തിനുമപ്പുറം മനുഷ്യനാണ് എല്ലാറ്റിന്റെയും മാനദണ്ഡമെന്നായിരുന്നു ആ ആശയസംഹിത. എന്നാല്‍, കേവലം മനുഷ്യനെ മാനദണ്ഡമാക്കുന്നതിലെ പരിമിതി ചോദ്യംചെയ്തുകൊണ്ട് പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും പരിഗണിക്കുന്ന ഉദാത്ത മാനവികതയുടേതായ ചിന്തകളും ഉയര്‍ന്നുവന്നു. സ്വതന്ത്ര ചിന്തയുടെ സാധ്യതകളത്രയും തുറന്നിട്ട ഇക്കൂട്ടരും വ്യക്തിവാദികളെന്നും ആശയവാദികളെന്നും മറ്റും മുദ്രണംചെയ്യപ്പെട്ടു. ചരിത്രത്തിന്റെ ചരിത്രവല്‍ക്കരണത്തിലൂടെ, നിഷേധത്തിന്റെ നിഷേധത്തിലൂടെ രൂപപ്പെടേണ്ട ആശയങ്ങളുടെ ജൈവിക സാധ്യതയെ തിരിച്ചറിയലായിരിക്കണം ”ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റല്ല” എന്ന് മാര്‍ക്‌സിനെ പറയാന്‍ പ്രേരിപ്പിച്ചതെന്ന് സ്പഷ്ടം. ഇത്തരമൊരു വിചിന്തനത്തില്‍ നിന്നായിരുന്നു ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂള്‍ ചിന്തയുടെയും ബീജാവാപം. മാര്‍ക്‌സിസത്തെ സാമ്പത്തികമാത്ര വാദത്തില്‍ കെട്ടിയിടാതെ അതിന്റെ സാംസ്‌കാരികമായ സാധ്യതയെയും അതു പ്രശ്‌നവല്‍ക്കരിച്ചു. കലയിലും സാഹിത്യത്തിലും ഉള്‍പ്പെടെ സൗന്ദര്യശാസ്ത്രത്തിന്റെ യുക്തികളെ അതു സര്‍ഗാത്മകമാക്കി. എന്നാല്‍, പോസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ എന്ന അപരനാമമാണ് ഇവര്‍ക്ക് വ്യവസ്ഥാപിത മാര്‍ക്‌സിസ്റ്റുകള്‍ ചാര്‍ത്തിക്കൊടുത്തത്. വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തെയാണ് മാര്‍ക്‌സിസം വിഭാവന ചെയ്യുന്നത്. യാന്ത്രിക ഭൗതികവാദത്തിന്റെ യുക്തിയെ അതു നിരാകരിക്കുന്നു. എന്നാല്‍, മതാത്മക യുക്തിയെ ഓര്‍മപ്പെടുത്തുന്ന മട്ടില്‍ സ്മൃതിമണ്ഡപത്തിലെ പുഷ്പാര്‍ച്ചനയും പ്രഭാതഭേരിയുമെല്ലാം നിര്‍ബാധം തുടരുന്നു; പാര്‍ട്ടി മതവല്‍ക്കരിച്ചുവെന്നതിന്റെ ഉത്തമ സാക്ഷ്യവുമായി. മാര്‍ക്‌സിസം വിഭാവന ചെയ്യുന്ന സമഗ്രാധിപത്യവ്യവസ്ഥയുടെ വിപദ്‌സന്ദേശം ദീര്‍ഘദര്‍ശനം ചെയ്തായിരുന്നു സി ജെ തോമസ്, എം ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള ധൈഷണികര്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരേ വിമോചന സമരത്തില്‍ അണിനിരന്നത്. സ്റ്റാലിനിസത്തിന്റെ ഭൂതത്തില്‍ നിന്നു മാര്‍ക്‌സിനെ മോചിപ്പിക്കാന്‍ ഒരു ഇളക്കി പ്രതിഷ്ഠ ആഗ്രഹിച്ചവര്‍. എന്നാല്‍, അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധമായാണ് അതു വ്യാഖ്യാനിക്കപ്പെട്ടത്. സിഐഎ ചാരന്‍ എന്ന ആരോപണം വരെ സിജെ നേരിട്ടു. സമഗ്രാധിപത്യവ്യവസ്ഥയില്‍ സന്ദേഹം പ്രകടിപ്പിച്ച ഒ വി വിജയനെ ഹിന്ദുത്വ ഫാഷിസ്റ്റാക്കുന്നതാണു പിന്നീടു കണ്ടത്. പാര്‍ട്ടിയുടെ വലതുപക്ഷവല്‍ക്കരണത്തെ വിമര്‍ശിച്ച എം എന്‍ വിജയനെ പുരയിലേക്കു ചായുന്ന വന്‍മരമാക്കി നിര്‍ദയം വിമര്‍ശിച്ചു. ഇഎംഎസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പി ഗോവിന്ദപിള്ളയ്‌ക്കെതിരേ അച്ചടക്ക നടപടി. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ കാതലായ ആഭ്യന്തര വിമര്‍ശനത്തെ പാര്‍ട്ടി എക്കാലവും അസഹിഷ്ണുതയോടെയാണ് സമീപിച്ചതെന്നതിനുള്ള ദൃഷ്ടാന്തങ്ങള്‍. പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച് എഴുത്തുകാരുടെ സര്‍ഗാത്മക സൃഷ്ടികളെ വര്‍ഗസിദ്ധാന്തത്തിന്റെ പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തുന്നതുള്‍പ്പെടെയുള്ള പരിമിതികള്‍ വേറെ. കലയുടെ ലാവണ്യശാസ്ത്രപരമായ മൂല്യങ്ങള്‍ ഇവിടെ നിരാകരിക്കപ്പെടുന്നു. ഫിനാന്‍സ് മൂലധനത്തിന്റേതായ പുതിയ ലോകക്രമത്തിലും വരട്ടുവാദപരമായ രീതിശാസ്ത്രങ്ങളുടെ അപര്യാപ്തതകള്‍ തിരിച്ചറിയപ്പെടാതെ പോവുന്നു. നെഗ്രി നിര്‍വചിച്ച ജനസഞ്ചയത്തിന്റെ, ജൈവരാഷ്ട്രീയത്തിന്റേതായ കാലത്താണ് ഇതെല്ലാം. ‘ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റല്ല’ എന്ന മാര്‍ക്‌സിന്റെ വചനങ്ങളെ പിബി അംഗത്തിന് അണികളെ ഓര്‍മപ്പെടുത്തേണ്ടിവരുന്നതിലെ രാഷ്ട്രീയമാനങ്ങളേറെ. മാര്‍ക്‌സിസത്തില്‍ നിന്നു മാര്‍ക്‌സിലേക്ക് സഞ്ചരിക്കേണ്ടതിന്റെ സര്‍ഗാത്മകയുക്തി തന്നെ അതു തുറന്നുവിടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss