|    Feb 27 Mon, 2017 10:21 am
FLASH NEWS

മാര്‍ക്കറ്റിങ് സംവിധാനമില്ല; ബേക്കല്‍ കോട്ടയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറയുന്നു

Published : 24th October 2016 | Posted By: SMR

കാസര്‍കോട്: മാര്‍ക്കറ്റിങ് സംവിധാനവും പബ്ലിസിറ്റിയുമി ല്ലാത്തതിനാല്‍ ബേക്കല്‍ കോട്ടയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കുറയുന്നതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന് പുറത്ത് നിന്നുള്ളവരെ ഈ വിനോദ കേന്ദ്രത്തിലേക്ക് ആകര്‍ഷിപ്പിക്കാന്‍ മതിയായ സംവിധാനമൊന്നും നിലവിലില്ല. വെബ്‌സൈറ്റിലൂടെ ബേക്കലിന്റെ മനോഹാരിതയെ പുറംലോകം അറിയിക്കാനും ഇന്റര്‍നാഷണല്‍ ട്രാവല്‍ ഫെസിലിറ്റി ഉപയോഗിച്ച് ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കാനും സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വിദേശ ടൂറിസ്റ്റുകള്‍ യഥേഷ്ടം വരുമ്പോഴും അറബി കടലിന് അഭിമുഖമായി നില്‍ക്കുന്ന ബേക്കല്‍ കോട്ടയുടെ മനോഹാരിത ദര്‍ശിക്കാന്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് വേണ്ടത്ര പരിജ്ഞാനവുമില്ല. സാങ്കേതിക വിദ്യകള്‍ ഏറെ പുരോഗമിച്ചെങ്കിലും കേരളത്തിന്റെ ടൂറിസം രംഗത്ത് അധികൃതര്‍ കാണിക്കുന്ന അനാസ്ഥമൂലം അന്താരാഷ്ട്ര തലത്തിലേക്ക് ഇവിടത്തെ പ്രദേശങ്ങളെ പരിചയപ്പെടുത്താന്‍ വേണ്ടത്ര സംവിധാനമില്ലാത്തതാണ് ടൂറിസ്റ്റുകള്‍ വരാതിരിക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. ഡല്‍ഹി, മുംബൈ, ഗോവ, ചെന്നൈ തുടങ്ങിയ വന്‍കിട നഗരങ്ങളില്‍ ബേക്കല്‍ ടൂറിസത്തെ കുറിച്ച് അറിയിക്കുന്നതിന് കാര്യമായ സംവിധാനമൊന്നുമില്ല. മറ്റു സംസ്ഥാനങ്ങളില്‍ ബേക്കലിന്റെ ടൂറിസം കൗണ്ടറുകള്‍ ആരംഭിച്ചാല്‍ വിനോദ സഞ്ചാരികളെ ഒരു പരിധിവരെ ആകര്‍ഷിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രവുമല്ല അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഗതാഗത രംഗത്തെ പോരായ്മയും ടൂറിസ്റ്റുകള്‍ക്ക് വിനയാകുന്നുണ്ട്. 5000 രൂപയില്‍ താഴെ വാടകയുള്ള ഇന്റര്‍നാഷണല്‍ ലോഡ്ജുകളും ഇവിടെ കുറവാണ്. ഇതും വിദേശികളെ ആകര്‍ഷിക്കുന്നതിന് തടസ്സമാകുന്നുണ്ട്. പല ട്രെയിനുകള്‍ക്കും ബേക്കല്‍ ഫോര്‍ട്ട് സ്‌റ്റേഷനില്‍ സ്‌റ്റോപ്പില്ല. ദീര്‍ഘദൂര ട്രെയിനുകള്‍ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും യാത്രക്കാര്‍ കാസര്‍കോടോ, കണ്ണൂരോ ഇറങ്ങി ബേക്കലിലേക്ക് വരേണ്ട അസ്ഥയാണ്. ഇതിന് പരിഹാരമായി പെരിയയില്‍ എയര്‍സ്ട്രിപ് സ്ഥാപിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇതിന്റെ തുടര്‍ നടപടികളും ആരംഭിച്ചിട്ടില്ല. കാസര്‍കോട് ജില്ലയുടെ പ്രകൃതി രമണീയമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പലതും ഇപ്പോഴും കാടുപിടിച്ച് കിടക്കുകയാണ്. കോട്ടഞ്ചേരി, റാണിപുരം, അഡൂര്‍ റിസര്‍വ് വനം, വലിയപറമ്പ് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെ വേണ്ടത്ര പ്രോല്‍സാഹിപ്പിക്കാനും അധികൃതര്‍ തയ്യാറാവുന്നില്ല. കാസര്‍കോട് ജില്ലയില്‍ തീരദേശ ടൂറിസത്തിന് ഏറെ സാധ്യതയുണ്ടെങ്കിലും ഇതും ഉപയോഗപ്പെടുത്തിയിട്ടില്ല. മഞ്ചേശ്വരം കണ്വതീര്‍ത്ഥ ബീച്ച്, കാസര്‍കോട് കസബ ബീച്ച്, പള്ളിക്കര ബീച്ച് എന്നിവിടങ്ങളില്‍ വേണ്ടത്ര സംവിധാനങ്ങളില്ല. ബേക്കല്‍ ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിന് ഊന്നല്‍ നല്‍കുന്ന പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day