|    Mar 18 Sun, 2018 3:14 pm
FLASH NEWS

മാരത്തോണ്‍ ചര്‍ച്ചയ്ക്ക് ഫലപ്രാപ്തി ; സ്‌കൂള്‍ ഉപരോധസമരത്തിന് പര്യവസാനം

Published : 11th August 2017 | Posted By: fsq

 

പേരാമ്പ്ര: മുയിപ്പോത്ത് സ്‌കൂളില്‍ രണ്ട് ദിവസമായി രക്ഷാകര്‍ത്താക്കളും പിടിഎ കമ്മറ്റിയും സംയുക്തമായി നടത്തിവന്നിരുന്ന ഉപരോധസമരം പിന്‍വലിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെവരെ നീണ്ടു നിന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ഇതേത്തുടര്‍ന്ന് ഇന്നലെ സ്‌കൂള്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചു. സ്‌കൂളില്‍ നിന്ന്  പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തതിലും, വിദ്യാലയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ മാനേജര്‍ അലംഭാവം കാണിക്കുന്നതായി ആരോപിച്ചുമാണ് ഉപരോധമാരംഭിച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാനെത്തിയ മേലടി എഇഒ യെ തടഞ്ഞ് വെച്ചതോടെ സംഭവത്തിന് ചൂടേറുകയും ചെയ്തു. എന്നാല്‍ ഇതൊന്നും മാനേജര്‍ ശ്രദ്ധിക്കാതായതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മാനേജരുടെ നിലപാടിനെതിരെ രംഗത്തു വരികയുമുണ്ടായി. ഇതേത്തുടര്‍ന്നാണ് മാനേജര്‍ ചര്‍ച്ചക്ക് തയ്യാറായത്. തുടര്‍ന്നാണ്  ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ  കെ പി ബിജു വിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച നടന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനാധ്യാപകന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് എ ഇ ഒ ഓഫീസില്‍ നടക്കുന്ന ഹിയറിംഗില്‍, ഇദ്ദേഹത്തിന് അനുകൂലമായ രീതി അവലംബിക്കാനും, ഓണാവധിക്കാലത്ത് സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സംവിധാനമേര്‍പ്പെടുത്താനും ധാരണയായി. കെട്ടിടത്തിന്റെ അവസ്ഥ ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയര്‍ പരിശോധിച്ച്, അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണമുള്ള നടപടി കൈക്കൊള്ളും. അടുത്ത അധ്യയന വര്‍ഷത്തില്‍ നാല് പുതിയ ക്ലാസ് റൂമുകള്‍ സജ്ജമാക്കാനും തീരുമാനമായിട്ടുണ്ട്. സുഗമമായ പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും അംഗീകരിക്കപ്പെട്ടു.ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ സതി, ഗ്രാമപ്പഞ്ചായത്ത് മെംബര്‍മാരായ ജിജി രാഘവന്‍,  വി കെ  മോളി,  രമാദേവി നാഗത്ത് താഴെ, എന്‍ എം  കുഞ്ഞബ്ദുല്ല, പിടിഎ പ്രസിഡന്റ് റശീദ് മുയിപ്പോത്ത്,  എന്‍  പത്മനാഭന്‍, എന്‍ ആര്‍ രാഘവന്‍, ഇ പവിത്രന്‍,  സുനില്‍ കെ രാജന്‍, എ എം ശ്രീധരന്‍, അനിത,  പ്രധാനാധ്യാപകന്‍   രാജീവന്‍,  മാനേജര്‍  ഇ പ്രസന്നന്‍, പിടിഎ പ്രതിനിധികളായ  എം പ്രശാന്ത്, കെ കെ  പ്രേമദാസന്‍, പാറത്തൊടി രാധാകൃഷ്ണന്‍  ചര്‍ച്ചയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss