|    Jan 19 Thu, 2017 4:00 am
FLASH NEWS

മാരക വിഷം; പഞ്ഞി മിഠായി പിടിച്ചെടുത്ത് നശിപ്പിച്ചു

Published : 19th August 2016 | Posted By: SMR

എ അബ്ദുല്‍ സമദ്

കുമളി: അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കു കാരണമാവുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച പഞ്ഞി മിഠായി ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നിറം ലഭിക്കുന്നതിനായി റോഡാമിന്‍ ബി എന്ന മാരക രാസവസ്തുവാണ് പഞ്ഞി മിഠായിയില്‍ കലര്‍ത്തുന്നത്.
ഇന്‍ഡസ്ട്രിയല്‍ ഡൈയായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വന്‍കിട സ്ഥാപനങ്ങളാണ് ഇതിന്റെ പ്രധാന നിര്‍മാതാക്കള്‍. മാരക രാസപദാര്‍ഥം അടങ്ങിയ പഞ്ഞി മിഠായി വില്‍പ്പന നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു നടപടി.കുമളി ടൗണില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. വില്‍പ്പനക്കാര്‍ താമസിക്കുന്ന മുറികളില്‍ നടത്തിയ പരിശോധനയില്‍ നിരവധി പാക്കറ്റ് റോഡാമിന്‍ ബി കണ്ടെടുത്തു. ഇന്നലെ മാത്രം നൂറുകണക്കിന് പായ്ക്കറ്റു മിഠായികളാണ് നശിപ്പിച്ചത്.
കുട്ടികളെ ആകര്‍ഷിക്കുന്ന നിറം ലഭിക്കുന്നതിന് വേണ്ടിയാണ് പഞ്ചസാരയും മൈദയും ചേര്‍ത്ത് നിര്‍മിക്കുന്ന പഞ്ഞി മിഠായിയില്‍ റോഡാമിന്‍ ബി ചേര്‍ക്കുന്നത്. പ്ലാസ്റ്റിക് ചാക്കുകളിലും മറ്റും ഉല്‍പ്പനത്തിന്റെ പേരും മറ്റ് വിവരങ്ങളും വിവിധ നിറങ്ങളില്‍ പ്രിന്റ് ചെയ്യുന്നത് റോഡാമിന്‍ ബി ഉപയോഗിച്ചാണ്. വ്യവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് നിറം കൊടുക്കുന്നതും റോഡാമിന്‍ബിയില്‍ മുക്കിയാണ്. ഇത്തരം രാസവസ്തുക്കള്‍ കലര്‍ത്തിയ ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുന്നത് കാന്‍സറിന് ഇടയാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം പറയുന്നു. കൂടാതെ കുടല്‍ രോഗത്തിനു കാരണമാവുന്നതോടെ ദഹന വ്യവസ്ഥയെ കാര്യമായി ബാധിക്കും. കിഡ്‌നിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതിനും കാരണമാവും.
അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇതിന്റെ വില്‍പ്പനക്കാര്‍. ഇവര്‍ക്ക് സ്ഥിരമായ മേല്‍വിലാസമില്ലാത്തതിനാല്‍ ഇവരുടെ പേരില്‍ കേസെടുക്കാന്‍ കഴിയില്ല. സാംപിള്‍ ശേഖരിച്ച് ഇതിന്റെ പരിശോധനാ ഫലം വരുമ്പോഴേക്കും ഇവര്‍ അടുത്ത നാട്ടില്‍ എത്തിയിരിക്കും.
ഇതിനാല്‍ ഇവ പിടികൂടി നശിപ്പിക്കുക മാത്രമാണ് നിലവിലുള്ള പോംവഴിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഇന്‍സ്‌പെക്ടര്‍മാരായ ബെന്നി ജോസഫ്, ബേബിച്ചന്‍ എംടി എന്നിവര്‍ പറഞ്ഞു. മുമ്പ് കുമളി ടൗണിനു സമീപമുള്ള റോസാപ്പൂക്കണ്ടം, താമരക്കണ്ടം, അമ്പാടിക്കവല എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു ഇവ നിര്‍മ്മിച്ചിരുന്നത്.ഏതാനും മാസം മുമ്പ് പരിശോധന നടത്തിയതോടെ ഇപ്പോള്‍ തമിഴ്‌നാട്ടിലെ കമ്പത്തു നിന്നുമാണ് ഇവ കേരളത്തിലേക്ക് കൊണ്ടു വരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക