|    Jan 21 Sat, 2017 7:34 am
FLASH NEWS

മാരക കീടനാശിനികള്‍ക്കെതിരേ ബോധവല്‍കരണവുമായി കൃഷിവകുപ്പ്

Published : 1st September 2016 | Posted By: SMR

തൊടുപുഴ: വിഷമുക്ത പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും പരമാവധി ഉല്‍പ്പാദനവും വിപണനവും ലക്ഷ്യമിട്ട് കൃഷിയിടങ്ങളില്‍ മാരക കീടനാശിനികള്‍ ഉപയോഗിക്കുന്നത് തടയുവാനായി കൃഷി വകുപ്പ് സംസ്ഥാന തലത്തില്‍ കാംപെയിന്‍ സംഘടിപ്പിക്കുന്നു.
40 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചാ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുകയും രാസ കീടനാശിനികളുടെ അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്തുകളെക്കുറിച്ചും രാസകീടനാശിനികള്‍ക്കു പകരമായി അനുവര്‍ത്തിക്കാവുന്ന നൂതന സസ്യസംരക്ഷണ മാര്‍ഗ്ഗങ്ങളെക്കുറിച്ചം മറ്റുകൃഷിരീതികളെക്കുറിച്ചും കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും.
സംസ്ഥാനത്ത് നിരോധിച്ച കീടനാശിനികളെ കുറിച്ചും നിയന്ത്രണ വിധേയമായി മാത്രം വിതരണം ചെയ്യേണ്ട കീടനാശിനികളെ സംബന്ധിച്ചും കര്‍ഷകര്‍ക്കും വില്‍പ്പനക്കാര്‍ക്കും അവബോധം നല്‍കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ജില്ലകളിലേക്ക് നിരോധിത കീടനാശിനികള്‍ എത്തപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ കീടനാശിനി വിതരണ/ വിപണന കേന്ദ്രങ്ങളിലും ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ കര്‍ശന പരിശോധന നടത്തും. നിരോധിത കീടനാശിനികളോ വില്‍പ്പനക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലാത്ത കീടനാശിനികളോ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന ശിക്ഷണ നടപടികള്‍ കൈക്കൊള്ളും.
നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള  കീടനാശിനികള്‍, മേലില്‍ കൃഷി ഓഫീസറുടെ ശുപാര്‍ശ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കീടനാശിനി ഡിപ്പോകളില്‍ നിന്നും കര്‍ഷകര്‍ക്ക് വില്‍പ്പന നടത്തുവാന്‍ പാടുള്ളൂ. ഇത് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം ഡിപ്പോകളുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നതിന് ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്  കൃഷി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അതിര്‍ത്തി ജില്ലകളിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കീടനാശിനികളുടെ  വരവ് നിരീക്ഷിക്കുവാന്‍ പ്രത്യേക സംവിധാനം ഒരുക്കും.
ഇതിനായി ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ള വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഇതിനുപുറമെ സംസ്ഥാനതല വിജിലന്‍സ് സ്‌ക്വാഡും ജില്ലകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും. മലയോര ജില്ലകളുടെ തോട്ടങ്ങളിലും മറ്റും കീടനാശിനി വിതരണക്കാര്‍ മാരക കീടനാശിനികള്‍ നേരിട്ട് എത്തിച്ചുകൊടുക്കുന്നതായും അത്തരം കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.അത്തരം പരാതികളില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍ ശക്തമായി നടപടി കൈക്കൊള്ളും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക