|    Dec 10 Mon, 2018 9:20 pm
FLASH NEWS

മാരകായുധങ്ങളുമായെത്തിയ സംഘം വീടുകൡ കവര്‍ച്ച നടത്തി

Published : 4th June 2018 | Posted By: kasim kzm

ചവറ: ഇടിയും മഴയും ഭീതി വിതച്ച രാത്രിയില്‍ പന്മനയില്‍ തസ്‌ക്കര സംഘത്തിന്റെ വിളയാട്ടം. മാരകായുധങ്ങളുമായെത്തിയ സംഘം ഏഴ് വീടുകള്‍ കുത്തിത്തുറന്നു. രണ്ട് വീടുകളില്‍ നിന്നായി അഞ്ചര പവന്‍ സ്വര്‍ണം കവര്‍ന്നു. അക്രമി സംഘത്തിന് പിറകെ ഓടിയ യുവാവിനെ മാരകായുധം കാട്ടി ഭയപ്പെടുത്തി.
ഇന്നലെ പുലര്‍ച്ചെ 12.45 മുതല്‍ 1.50 വരെയുള്ള സമയങ്ങളില്‍ പന്മന കണ്ണന്‍കുളങ്ങര, വടുതല പ്രദേശങ്ങളിലാണ് മോഷണസംഘം എത്തിയത്. കണ്ണന്‍കുളങ്ങര നല്ല വീട്ടില്‍ ഷിഹാബിന്റെ ഭാര്യ സബൂറയുടെ കാലില്‍ നിന്നും മൂന്ന് പവന്‍ പാദസ്വരങ്ങളാണ് ആദ്യം കവര്‍ന്നത്. തുടര്‍ന്ന് പന്മന മിടാപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണന്‍കുളങ്ങര ഉള്ളിരുപ്പില്‍ രതീഷിന്റെ സഹോദരി രേഷ്മയുടെ രണ്ടു വയസുള്ള കുട്ടിയുടെ കഴുത്തിലെ രണ്ട് പവന്‍ തൂക്കമുള്ള മാല കവര്‍ന്ന സംഘം രേഷ്മയുടെ അമ്മയുടെ സഹോദരി തങ്കമണിയുടെ കഴുത്തിലെ മാല കവരാനുള്ള ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ അരപ്പവനോളം പൊട്ടിച്ചു കൊണ്ട് ഓടി രക്ഷപ്പെട്ടു. വീട്ടുകാരുടെ ബഹളം കേട്ടുണര്‍ന്ന രതീഷ് അക്രമികളുടെ പിറകെ ഓടിയെങ്കിലും റോഡില്‍ കാത്തുനിന്ന സംഘം വടിവാള്‍ റോഡിലുരച്ച് ഭയപ്പെടുത്തി രക്ഷപ്പെടുകയായിരുന്നെന്ന് രതീഷ് പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വീടിന്റെ അടുക്കള വാതില്‍ അടുക്കളയില്‍ നിന്നും ഹാളിലേക്ക് വരുന്ന വാതിലുകളുടെ കുറ്റികള്‍ തകര്‍ത്താണ് സംഘം അകത്തു കടന്നത്. മുഖംമൂടി ധരിച്ച സംഘത്തില്‍ നാല് പേരുണ്ടായിരുന്നതായി രതിഷ് പറഞ്ഞു. ഷിഹാബിന്റെ വീടിന്റെ അടുക്കള കതക് പൂട്ടുഭാഗത്ത് പാര പോലുള്ള ആയുധം വെച്ച് ഇളക്കിയ ശേഷം അകത്ത് കടന്നായിരുന്നു മോഷണം. 12.45 ഓടെ വടുതല കിഴവറത്ത് പടിഞ്ഞാറ്റതില്‍ റഹിയാനത്തിന്റെ വീട്ടിലാണ് സംഘം ആദ്യം എത്തിയത്. കതക് തകര്‍ക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാര്‍ ഉന്നര്‍ന്നതോടെ സംഘം രക്ഷപ്പെട്ടു. മോഷ്ടാക്കളുടെതെന്ന് കരുതുന്ന ചെരിപ്പ് ഇവിടെ നിന്നും ലഭിച്ചു. കണ്ണന്‍കുളങ്ങര മാനാമ്പറയില്‍ ഷിഹാബ്, മുളന്താഴത്ത് അന്‍സര്‍, മിടാപ്പള്ളി പുത്തന്‍പുരയില്‍ പ്രസാദ്, പുതുശ്ശേരി തെക്കതില്‍ അലിയാര്‍ എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു. എല്ലാ വീടുകളുടെയും അടുക്കള വാതിലുകളാണ് തകര്‍ത്തത്. സംഭവം അറിഞ്ഞ്ഉടന്‍ തന്നെ പോലിസെത്തി പ്രദേശമാകെ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ 11 മണിയോടെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും വീടുകളിലെത്തി തെളിവെടുത്തു. വ്യാപകമായി നടന്ന മോഷണ ശ്രമങ്ങളില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അധികൃതര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss