|    Oct 20 Sat, 2018 6:21 am
FLASH NEWS
Home   >  News now   >  

‘മായാത്ത സിന്ധുരക്കുറി’ കൊറിയ ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം സിന്ധുവിന്

Published : 18th September 2017 | Posted By: ev sports

2-1ന് ഒക്കുഹാരയെ തോല്‍പ്പിച്ചു
 സിന്ധുവിന്റെ ആദ്യ കൊറിയന്‍ ഓപണ്‍

സോള്‍: പക വീട്ടാനുള്ളതാണ്. ലോക ചാംപ്യന്‍ഷിപ്പില്‍ കിട്ടിയ അടിക്ക് കൊറിയന്‍ ഓപണില്‍ തിരിച്ചടിച്ചപ്പോള്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ പി വി സിന്ധുവിന് കിരീടം. ലോക ചാംപ്യന്‍ഷിപ്പില്‍ തന്നെ തോല്‍പ്പിച്ച ജപ്പാന്റെ നൊസോമി ഒക്കുഹാരയെ ഫൈനല്‍ കോര്‍ട്ടില്‍ മലര്‍ത്തിയടിച്ചാണ് സിന്ധു കിരീടം ചൂടിയത്. ഒരു മണിക്കൂറും 50 മിനിറ്റും നീണ്ട മൂന്ന് ഗെയിം പോരാട്ടത്തില്‍ രണ്ട് ഗെയിമും സിന്ധു പിടിച്ചടക്കി. 22-20, 11-21, 21-18 എന്ന സ്‌കോറില്‍ സിന്ധു വെന്നിക്കൊടി പാറിച്ചു. ആദ്യ കൊറിയന്‍ ഓപണ്‍ കിരീടം ചൂടിയ സിന്ധു, ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തം പേരില്‍ ചേര്‍ത്തു. ഇന്ത്യന്‍ താരത്തിന്റെ മൂന്നാം സൂപ്പര്‍ സീരിസ് കിരീടം കൂടിയാണിത്.
റിയോ ഒളിംപിക്‌സില്‍ ഒക്കുഹാരയെ തോല്‍പ്പിച്ച് വെള്ളിമെഡല്‍ കഴുത്തിലണിഞ്ഞ സിന്ധുവിന് ലോക ചാംപ്യന്‍ഷിപ്പില്‍ ജപ്പാന്‍ താരം മറുപടി നല്‍കിയിരുന്നു. ഒളിംപിക്‌സ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റായ ലോക ചാംപ്യന്‍ഷിപ്പില്‍ 21-19, 20-22, 22-20 എന്ന സ്‌കോറിന് സിന്ധു പരാജയം സമ്മതിക്കുകയായിരുന്നു. എന്നാല്‍, മൂന്നാമത്തെ വലിയ ചാംപ്യന്‍ഷിപ്പായ കൊറിയന്‍ ഓപ്പണ്‍ സിന്ധുവിന്റെ മധുരപ്രതികാരത്തിനുള്ള വേദിയായിരുന്നു. മല്‍സരത്തിലെ ആദ്യ ഗെയിമില്‍ ഇഞ്ചോടിഞ്ച് മുന്നേറ്റവുമായി സിന്ധു ഗെയിം പിടിച്ചെടുത്തു. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചുവന്ന ഒക്കുഹാര, സിന്ധുവിനെ നന്നായി പരീക്ഷിച്ചു. അതിനാല്‍ 11-21ന് ഗെയിം സിന്ധു കൈവിട്ടു. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും കീഴടങ്ങാതെ സിന്ധു പൊരുതുകയായിരുന്നു. എതിരാളിക്ക് ലീഡ് നേടാനുള്ള അവസരം പോലും നല്‍കിയില്ല. അവസാനത്തില്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും സിന്ധുവിന്റെ കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഒക്കുഹാരയ്ക്ക് സാധിച്ചില്ല.
സിന്ധു 19ാം പോയിന്റ് നേടിയ റാലി 56 ഷോട്ടാണ് നീണ്ടുനിന്നത്. ജയത്തോടൊപ്പം ഒരു വര്‍ഷം രണ്ട് സൂപ്പര്‍ സീരീസ് കിരീടങ്ങളെന്ന നേട്ടവും സിന്ധു നേടിയെടുത്തു. ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യന്‍ ഓപണിലാണ് സിന്ധു കിരീടം നേടിയത്. ഒക്കുഹാരയ്‌ക്കെതിരേ സിന്ധു നേടുന്ന നാലാമത്തെ ജയമാണ് ഇത്. ഇരുവരും ആകെ എട്ടു തവണ മുഖാമുഖം ഏറ്റുമുട്ടിയിട്ടുണ്ട്. അവസാന അഞ്ച് പോരാട്ടങ്ങളില്‍ മൂന്നിലും ജയം സിന്ധുവിനൊപ്പമായിരുന്നു.
കിരീട നേട്ടത്തോടെ ലോക റാങ്കിങിലും സിന്ധുവിന് നേട്ടമുണ്ടാക്കാനാവും. നിലവില്‍ ആറാം സ്ഥാനത്തുള്ള സിന്ധു മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയേക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss