|    Feb 24 Fri, 2017 12:37 am

മാഫിയകള്‍ക്കെതിരേ നീങ്ങാന്‍ ചങ്കുറപ്പുണ്ടോ?

Published : 4th November 2016 | Posted By: SMR

എറണാകുളത്ത് വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേസില്‍ ഒന്നാംപ്രതി സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസയ്ന്‍. അയാളെ കൈമെയ്മറന്നു സഹായിച്ചത് തൃക്കാക്കര അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍. സക്കീര്‍ ഹുസയ്‌നെ ഇതേവരെ പിടികൂടാനായിട്ടില്ല. ഉന്നതങ്ങളില്‍ തനിക്കുള്ള സ്വാധീനം നിരന്തരം തെളിയിച്ചുകൊണ്ടാണ് പ്രതിയായ പാര്‍ട്ടിനേതാവിന്റെ ‘അജ്ഞാതവാസം.’ അതിനു തൊട്ടുപിന്നാലെയാണ് ഗുണ്ടാസംഘത്തെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന കേസില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റും മരട് നഗരസഭാ വൈസ് ചെയര്‍മാനുമായ ആന്റണി ആശാംപറമ്പില്‍ ഉള്‍പ്പെടെ പതിനഞ്ചുപേര്‍ക്കെതിരേ പോലിസ് ഗുണ്ടാവിരുദ്ധ നിയമമനുസരിച്ചു കേസെടുത്തത്. രണ്ടു സംഭവങ്ങളും വെളിപ്പെടുത്തുന്നത് ഒരേ കാര്യം: രാഷ്ട്രീയനേതാക്കളും ഭൂമാഫിയയും ഗുണ്ടാസംഘങ്ങളും പോലിസും ചേര്‍ന്നുള്ള ഒത്തുകളിയാണ് നടക്കുന്നത്; അതില്‍ ഭരണകക്ഷി-പ്രതിപക്ഷഭേദമില്ല.
എറണാകുളത്തു മാത്രം നടക്കുന്ന ഒരു പ്രതിഭാസമല്ല ഇത്. രാഷ്ട്രീയനേതാക്കളും പോലിസും ഗുണ്ടാസംഘങ്ങളും ഒത്തുചേര്‍ന്നുകൊണ്ടുള്ള ഭൂമിക്കച്ചവടവും വ്യവസായം നടത്തിപ്പും കേരളത്തിലുടനീളം വ്യാപകമാണ്. സംസ്ഥാനത്തിന്റെ വികസന പരിപ്രേക്ഷ്യം മാറിയതോടെ സ്ഥലമെടുപ്പും നിലംനികത്തലും കുന്നിടിക്കലും കെട്ടിടം പണിയലുമൊക്കെ തിരുതകൃതി. അത്തരം കച്ചവടങ്ങളുടെ ഭാഗമായി തട്ടിപ്പും തമ്മില്‍ത്തല്ലും തട്ടിക്കൊണ്ടുപോവലും സര്‍വത്ര. ഗുണ്ടാസംഘങ്ങളെയും പോലിസിനെയും ഉപയോഗിച്ചാണ് സകലതും. ഇതേക്കുറിച്ച് അന്വേഷണം നടത്തിയാല്‍, വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളുടെ താഴെത്തട്ട് മുതല്‍ ഉന്നതസ്ഥാനം വരെയുള്ള ഒട്ടുമുക്കാലും നേതാക്കന്‍മാര്‍ പ്രതിക്കൂട്ടിലാവും. യാതൊരു പണിയുമെടുക്കാതെ അലക്കിവെളുപ്പിച്ച കുപ്പായമിട്ട് ജനസേവനമെന്നു പറഞ്ഞ് തേരാപാരാ നടക്കുന്ന മണ്ഡലം-ഏരിയാ നേതാക്കന്‍മാര്‍ തൊട്ട് അത്യുന്നതങ്ങളില്‍ വിരാജിക്കുന്നവര്‍ വരെ എങ്ങനെയാണ് സുഖജീവിതത്തിന് വകയുണ്ടാക്കുന്നത് എന്നൊന്ന് അന്വേഷിച്ചുനോക്കിയാലറിയാം കഥ. റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്ലാത്ത ഏത് നേതാവുണ്ട് കേരളത്തില്‍? ജ്വല്ലറികളിലും ട്രാവല്‍ ഏജന്‍സികളിലും വിസക്കച്ചവടത്തിലും കുഴല്‍പ്പണ ഇടപാടുകളിലും മുഖ്യ ഷെയര്‍ മുഖ്യധാരാ രാഷ്ട്രീയനേതാക്കള്‍ക്കാണ്. ഇത്തരം കച്ചവട സ്ഥാപനങ്ങളുടെ ബിസിനസുകള്‍ കൊഴുപ്പിക്കുന്നതിന് ഏത് അവിഹിതമാര്‍ഗവും സ്വീകരിക്കാന്‍ ഈ രാഷ്ട്രീയക്കാര്‍ തയ്യാറുമാണ്. ഗുണ്ടാസംഘങ്ങളെയും പോലിസിനെയും അവര്‍ അതിന് ഉപയോഗിക്കുന്നു. ഭരണകക്ഷിയും പ്രതിപക്ഷവും ഒരേ കുളിമുറിയില്‍ നഗ്നരായി കുളിച്ചുകൊണ്ടിരിക്കുകയും ഒരേ കട്ടിലില്‍ സഹശയനം നടത്തുകയും ചെയ്യുമ്പോള്‍ അവരുടെ ഉപകരണങ്ങളായി വര്‍ത്തിക്കുന്ന ഗുണ്ടകളെ മാത്രം എന്തിനു കുറ്റം പറയണം? അവരുടേത് വയറ്റുപ്പിഴപ്പിന്റെ പ്രശ്‌നം മാത്രം. ഇക്കണ്ട രാഷ്ട്രീയ മാഫിയക്കെതിരേ നടപടിയെടുക്കാന്‍ ചങ്കുറപ്പുണ്ടോ പിണറായി വിജയന്; ഇടതുമുന്നണി സര്‍ക്കാരിന്?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക