|    Oct 20 Sat, 2018 2:19 am
FLASH NEWS

മാപ്പ് മൈ ഹോം കണ്ണൂര്‍ വിജയകരം

Published : 14th September 2017 | Posted By: fsq

 

കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഗൂഗ്ള്‍ മാപ്പില്‍ ലഭ്യമാക്കി ജില്ലാ ഭരണകൂടം തയ്യാറാക്കിയ മാപ്പ് മൈ ഹോം കണ്ണൂര്‍ പദ്ധതി വന്‍ വിജയമായതായി ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്ഥാനം, ഫോണ്‍ നമ്പര്‍, പ്രവൃത്തി സമയം തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ നിരവധി പേരാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. ഓഫിസുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സന്ദര്‍ശകര്‍ ഓണ്‍ലൈനില്‍ കുറിച്ചിടുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടുതല്‍ മികച്ച സേവനങ്ങളൊരുക്കാന്‍ സഹായകമാവുമെന്നും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. പദ്ധതി കൂടുതല്‍ ജനങ്ങളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്ലാ സ്ഥാപന മേധാവികളും മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. പദ്ധതി ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാക്കുന്നതിന്റെ ഭാഗമായി സ്ഥാപനത്തിലെ പുതിയ സൗകര്യങ്ങള്‍, സംവിധാനങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗ്ള്‍ മാപ്പില്‍ ഉള്‍പ്പെടുത്തണം. രണ്ടാഴ്ചയ്ക്കുള്ളി ല്‍ ഇത് പൂര്‍ത്തീകരിക്കണം. പരിശോധനകള്‍ക്കും മറ്റുമായി ഓഫിസുകള്‍ സന്ദര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഓഫിസിനെ കുറിച്ചുള്ള അഭിപ്രായം ഓണ്‍ലൈനായി രേഖപ്പെടുത്താവുന്നതാണെന്നും കലക്ടര്‍ പറഞ്ഞു. അതോടൊപ്പം ഓഫിസുകള്‍ സന്ദര്‍ശിക്കുന്ന പൊതുജനങ്ങളെ അഭിപ്രായം രേഖപ്പെടുത്താന്‍ പ്രോല്‍സാഹിപ്പിക്കണം. സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റ് കണക്്ഷനും വ്യാപകമായ ഇക്കാലത്ത് ഇത്തരം സേവനങ്ങള്‍ പരമാവധി ജനങ്ങളിലെത്തിക്കുന്നത് വലിയ പ്രയോജനം ചെയ്യും. നല്ല രീതിയില്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ അംഗീകരിക്കപ്പെടുകയും അല്ലാത്തവ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ സര്‍ക്കാര്‍ ഓഫിസുകളുടെ നിലവാരം മെച്ചപ്പെടുകയുള്ളൂ. ഇതിനായി ഗൂഗ്ള്‍ മാപ്പിലെ റേറ്റ് ആന്റ് റിവ്യൂ സംവിധാനം പ്രയോജനപ്പെടുത്താന്‍ സന്ദര്‍ശകര്‍ തയ്യാറാവണമെന്നും കലക്ടര്‍ പറഞ്ഞു. മാപ്പ് മൈ ഹോം കണ്ണൂരിന്റെ ഭാഗമായി ജില്ലയിലെ 1300 വിദ്യാലയങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ തുടങ്ങി 170 സര്‍ക്കാര്‍ വകുപ്പുകള്‍ക്കു കീഴിലെ 2913 സ്ഥാപനങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തിയത്. ജില്ലയിലെ കുടുംബശ്രീയുടെ രണ്ടായിരത്തോളം സ്ഥാപനങ്ങള്‍ കൂടി ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കകയാണ്. സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ മാപ്പ് വഴി തെരഞ്ഞാല്‍ ഓഫിസുകള്‍ കണ്ടെത്താനാവും. ഓഫിസിന്റെ വിലാസം, സ്ഥാനം എന്നിവ ഉള്ളതിനാല്‍ ജില്ലയിലെ ഏത് ഓഫിസിലും അനായാസം എത്തിപ്പെടാനുമാവും. ഒപ്പം ലാന്റ് ഫോണ്‍ നമ്പറും ലഭ്യമായ സ്ഥലങ്ങളില്‍ മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്. മൊബൈലില്‍ നിന്ന് ഗൂഗ്ള്‍ മാപ്പ് വഴി ഓഫിസ് നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ഫോണ്‍ ചെയ്യാം. സ്ഥാപനത്തിന്റെ പേര് മലയാളത്തിലോ ഇംഗ്ലീഷിലോ ടൈപ്പ് ചെയ്ത് തിരയാനും സൗകര്യമുണ്ട്. ജില്ലാ ഐടി മിഷനാണ് ഓഫിസ് മാപ്പിങ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം മിഥുന്‍ കൃഷ്ണ, വകുപ്പ് മേധാവികള്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss