|    Dec 11 Tue, 2018 9:42 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാപ്പെഴുതി നല്‍കിയിട്ടില്ല; മന്ത്രിക്ക് നല്‍കിയത് ചെക്ക് റിപോര്‍ട്ട്

Published : 23rd November 2018 | Posted By: kasim kzm

പമ്പ: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞെന്ന പ്രചാരണം തെറ്റാണെന്ന് കോട്ടയം എസ്പി എസ് ഹരിശങ്കര്‍. മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന വൈകിവന്ന മറ്റൊരു വാഹനമാണ് തടഞ്ഞതെന്നും മന്ത്രിക്ക് മാപ്പെഴുതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
മന്ത്രിക്ക് മാപ്പെഴുതി നല്‍കിയെന്നത് തെറ്റാണ്. അങ്ങനെയൊരു രീതി പോലിസിനില്ല. വാഹനം പരിശോധിച്ചാല്‍ ചെക്ക് റിപോര്‍ട്ട് നല്‍കാറുണ്ട്. ഇതാണ് മന്ത്രിക്കും നല്‍കിയത്. വാഹനം പരിശോധിച്ചെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നുമാണ് ചെക്ക് റിപോര്‍ട്ടില്‍ എഴുതിനല്‍കിയത്. ഇത് പോലിസിന്റെ രീതിയാണ്. പമ്പയില്‍ നടന്നത് സാധാരണ പരിശോധനയാണെന്നും എസ്പി വ്യക്തമാക്കി. ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലിസ് പുറത്തുവിട്ടിട്ടുണ്ട്. വാഹനം തടഞ്ഞ് പരിശോധിച്ചത് പോലിസിന്റെ ഡ്യൂട്ടിയുടെ ഭാഗമാണെന്നും അല്ലാതെ മനപ്പൂര്‍വമല്ലെന്നും ചെക്ക് റിപോര്‍ട്ട് നല്‍കുമെന്നും മന്ത്രിയോട് നേരിട്ടു പറഞ്ഞു. ഇതെല്ലാം ബോധ്യപ്പെട്ട മന്ത്രി അപ്പോള്‍ തന്നെ അവിടെനിന്ന് മടങ്ങിപ്പോയതായും എസ്പി വ്യക്തമാക്കി. മന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും കടന്നുപോയതിന് ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞാണ് പരിശോധന നടത്തിയ വാഹനം കടന്നുവന്നത്. തുടര്‍ന്ന് വാഹനം തടഞ്ഞുവയ്ക്കുകയും പരിശോധിക്കുകയും ചെയ്തു. ശബരിമലയില്‍ നേരത്തെയുണ്ടായ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ രേഖാചിത്രങ്ങളും ഫോട്ടോകളും പോലിസുകാരുടെ കൈവശമുണ്ട്. പുലര്‍ച്ചെ രണ്ടുമണിയോടെ കടന്നുവന്ന വാഹനത്തില്‍ ഈ ഫോട്ടോയിലുള്ള ചിലരുമായി സാദൃശ്യമുള്ളവര്‍ യാത്രചെയ്തിരുന്നതായി സംശയമുണ്ടായിരുന്നു.
ഇതും വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ കാരണമായെന്നും എസ്പി പറഞ്ഞു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിപ്പോവുന്നതിനിടെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പമ്പയില്‍ പുലര്‍ച്ചെ പോലിസ് തടഞ്ഞുവെന്നും പിന്നീട് മാപ്പെഴുതിനല്‍കിയെന്നുമായിരുന്നു പ്രചാരണം. മൂന്ന് വാഹനങ്ങളായിരുന്നു മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. സ്വകാര്യ വാഹനങ്ങളായിരുന്നു ഇവ. ഇതില്‍ മൂന്നാമത്തെ വാഹനം വൈകിയെത്തിയപ്പോള്‍ പോലിസ് തടഞ്ഞു. വാഹനവ്യൂഹത്തിലെ ഒരു വാഹനം തടഞ്ഞതറിഞ്ഞ മന്ത്രി തിരികെയെത്തി. സംശയത്തെത്തുടര്‍ന്നാണ് വാഹനം തടഞ്ഞതെന്നും പോലിസ് അറിയിച്ചെങ്കിലും ചെറിയ രീതിയില്‍ തര്‍ക്കമുണ്ടായി. പമ്പയുടെ ചുമതലയുള്ള എസ്പി ഹരിശങ്കര്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ബുധനാഴ്ച മന്ത്രി പൊന്‍ രാധാകൃഷ്ണനെ എസ്പി യതീഷ്ചന്ദ്ര നിലയ്ക്കലില്‍ തടഞ്ഞതു വിവാദമായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss