|    May 29 Mon, 2017 1:38 pm
FLASH NEWS

മാപ്പുപറയണമെന്ന് എംപി: കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ ചെയ്ത് കോഴിക്കോട് കലക്ടര്‍

Published : 2nd July 2016 | Posted By: SMR

കോഴിക്കോട്: പാര്‍ലമെന്റ് അംഗം എം കെ രാഘവനും ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തും തമ്മിലെ ശീതസമരം സാമൂഹികമാധ്യമങ്ങളില്‍നിന്ന് നിയമയുദ്ധത്തിലേക്ക്. മാപ്പു പറയണമെന്ന എംപിയുടെ ആവശ്യത്തിന് ചെവികൊടുക്കാതെ കലക്ടര്‍ നിലപാട് കടുപ്പിച്ചതോടെ നിയമനടപടിയല്ലാതെ എംപിക്കു മുന്നില്‍ മറ്റു പോംവഴികള്‍ ഇല്ലാതായി. ഇതോടെ ജില്ലാ കലക്ടര്‍ തന്നെയല്ല, തന്നെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് അവഹേളിക്കുന്നത് എന്ന പ്രസ്താവനയോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എംപി.
തന്നെ അപമാനിച്ച കലക്ടര്‍ മാപ്പു പറയണമെന്ന് എംപി വാര്‍ത്താസമ്മേളനം വിളിച്ച് ആവശ്യപ്പെട്ടതിനു പിന്നാലെ, തന്റെ ഫേസ്ബുക്കില്‍ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്ത ജില്ലാ കലക്ടറുടെ നടപടിയോടെ തര്‍ക്കത്തിന് പുതിയമാനം കൈവരുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നു കാണിച്ച് പ്രിവിലേജ് കമ്മിറ്റിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് എം കെ രാഘവന്‍.
എംപി ഫണ്ട് ഉപയോഗിച്ചു നടത്തിയ നിര്‍മാണ പ്രവൃത്തികളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് കര്‍ശന പരിശോധന നടത്തിയിരുന്നു. പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള ഒന്നരക്കോടി രൂപയുടെ 33 പ്രവൃത്തികളുടെ പുനപ്പരിശോധന നടത്താനുള്ള ജില്ലാ കലക്ടറുടെ തീരുമാനമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.
അതേസമയം, കലക്ടറും എംപിയും തമ്മിലെ തര്‍ക്കം രൂക്ഷമായതോടെ ജില്ലാ കലക്ടറെ അനുകൂലിച്ചും രാഘവനെ എതിര്‍ത്തും സിപിഎം ജില്ലാ കമ്മിറ്റി രംഗത്തെത്തി. എംപി എന്ന നിലയിലെ കഴിവുകേട് മറച്ചുവയ്ക്കാനും അഴിമതിക്ക് കൂട്ടുപിടിക്കാനുമാണ് എം കെ രാഘവന്‍ കലക്ടര്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day