|    Jun 20 Wed, 2018 1:24 pm
FLASH NEWS

മാപ്പിള സാഹിത്യത്തിന് ഒരു ഹെറിറ്റേജ് ലൈബ്രറി

Published : 7th May 2016 | Posted By: mi.ptk

vayana

 

യാസിര്‍ അമീന്‍

മാപ്പിളയുടെ സര്‍ഗാത്മക രാത്രികളില്‍ ചിമ്മിണിവിളക്കായി തെളിഞ്ഞിരുന്ന അറബി മലയാളത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് മാപ്പിള ഹെറിറ്റേജ് ലൈബ്രറി. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ മാപ്പിളമാരുടെ ബൗദ്ധിക സമ്പത്ത് കിട്ടാവുന്നതെല്ലാം ഒരുമിച്ചു കൂട്ടുക എന്നതാണ് ഗ്രേസ് എജ്യൂക്കേഷനല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സി എച്ച് ചെയറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രന്ഥാലയം ലക്ഷ്യം വയ്ക്കുന്നത്.  അറബി മലയാളം നഷ്ടമാവുന്നതോടെ ഒരു സമൂഹത്തിന്റെ സാംസ്‌കാരികവും സര്‍ഗാത്മകവുമായ നിലനില്‍പ് അപകടത്തിലാവും എന്ന ബോധ്യത്തില്‍ നിന്നാണീ സ്ഥാപനം പിറക്കുന്നത്. അറബി മലയാളം എന്നു കേള്‍ക്കുമ്പോള്‍ മാപ്പിളപ്പാട്ടായി മാത്രം തെറ്റിദ്ധരിക്കുന്ന ഈ കാലത്ത്, ഗ്രേസ് എജ്യൂക്കേഷനല്‍ അസോസിയേഷന്റെയും സി എച്ച് ചെയറിന്റെയും പ്രവര്‍ത്തനം ശ്ലാഘനീയവും പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതുമാണ്. 70,000 പേജുകളും 600 പുസ്തകങ്ങളും ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞു. താമസിയാതെ എല്ലാം ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് ലൈബ്രറി.1901 മുതല്‍ 1906 വരെ പുറത്തിറങ്ങിയ ‘സലാഹുല്‍ ഇഖ്‌വാന്‍’ എന്ന അറബിമലയാളം പത്രത്തിന്റെ 16 ലക്കങ്ങള്‍ യാദൃച്ഛികമായാണ് ഗ്രേസ് എജ്യൂക്കേഷനല്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടിയുടെ കൈയില്‍ കിട്ടിയത്. തിരൂര്‍ സ്വദേശിയായ സി സൈതാലികുട്ടി മാസ്റ്ററായിരുന്നു പത്രാധിപര്‍. സാധാരണ പത്രത്തിന്റെ വലുപ്പത്തിലും വീതിയിലും പുറത്തിറങ്ങിയിരുന്ന പത്രത്തിന് നാല് പേജുകളാണുണ്ടായിരുന്നത്. ഇതുപോലെ, അറബി മലയാളത്തില്‍ എഴുതപ്പെട്ട കേരള മുസ്‌ലിംകളുടെ ചരിത്രവും മാപ്പിള സാഹിത്യവും നിരവധിയുണ്ട്. എന്നാല്‍, അതു പലയിടങ്ങളിലായി, പഴമയോടു മുഹബ്ബത്തുള്ള പലരുടെയും കൈകളിലുമായി ചിതറിക്കിടക്കുകയാണ്. ഇതിന്റെയെല്ലാം കോപ്പികള്‍ ശേഖരിക്കുകയെന്ന വലിയ ലക്ഷ്യമാണ് ഹെറിറ്റേജ് ലൈബ്രറി നിറവേറ്റിക്കൊണ്ടിരിക്കുന്നത്. എവിടെയോ മറഞ്ഞ സാംസ്‌കാരിക ലിപിയിലെ വൈജ്ഞാനിക മുത്തുകള്‍ കേവലം ലൈബ്രറിയുടെ ചില്ലുകൂട്ടിലാക്കുക മാത്രമല്ല ചെയ്യുന്നത്, മുസ്‌ലിം സംഘടനകളുടെ പഴയകാല സമ്മേളനങ്ങളുടെ സുവനീറുകള്‍ ശേഖരിച്ച് വിഷയസൂചികാടിസ്ഥാനത്തില്‍ ക്രമീകരിച്ച്് ഗവേഷകര്‍ക്കു ലഭ്യമാക്കുക എന്നതും മലബാര്‍ ഹെറിറ്റേജ് ലൈബ്രറിയുടെ ലക്ഷ്യമാണ്. മുസ്‌ലിം സംഘടനകള്‍ ഓരോ വിഷയത്തിലും പുറത്തിറക്കിയ ലഘുലേഖകള്‍, നോട്ടീസ് തുടങ്ങിയവയും ഇവരുടെ ശേഖരണത്തിലുണ്ട്. വെള്ളം ചേര്‍ക്കാത്ത ചരിത്രരേഖകള്‍ ലോകത്തെ ഏതു ഗവേഷകര്‍ക്കും ലഭ്യമാക്കുന്ന രീതിയിലാണ് മലബാര്‍ ഹെറിറ്റേജ് ലൈബ്രറി സംവിധാനിക്കുന്നത്.ഈ ലൈബ്രറിക്ക് നേതൃത്വം നല്‍കുന്ന ഗ്രേസ് എജ്യൂക്കേഷനല്‍ അസോസിയേഷന്‍, കേരള മുസ്‌ലിം-സാംസ്‌കാരിക പഠനങ്ങള്‍ക്കു വേണ്ട നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സി എച്ച് ചെയര്‍ സ്‌പോണ്‍സര്‍ ചെയ്തത് ഗ്രേസ് ആയിരുന്നു. ന്യൂനപക്ഷ രാഷ്ട്രീയ നിരീക്ഷകനും മുന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡയറക്ടറുമായ പി എ റഷീദ് ആണ് സി എച്ച് ചെയറിന്റെ ഡയറക്ടര്‍. കേരള മുസ്‌ലിം ചരിത്രത്തില്‍ വിവിധ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ച വ്യക്തിത്വങ്ങളുടെ ജീവചരിത്രം പുസ്തകരൂപത്തില്‍ പുറത്തിറക്കുക എന്ന ലക്ഷ്യത്തില്‍ ‘നേതൃസ്മൃതി’ എന്ന പേരില്‍ ഒരു പദ്ധതിയും ഗ്രേസ് ആവിഷ്‌കരിച്ച് പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നു. ഇതില്‍ പത്തോളം പുസ്തകങ്ങള്‍ പുറത്തിറങ്ങി. നിരവധി പുസ്തകങ്ങളുടെ ജോലി അണിയറയില്‍ നടക്കുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഗ്രേസ് എജ്യൂക്കേഷനല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍. അബ്ദുറഹ്മാന്‍ മാങ്ങാട്, പി എ റഷീദ്, അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി തുടങ്ങിയവരുടെ ബൗദ്ധിക പിന്തുണയും ഗ്രേസിനുണ്ട്. മാപ്പിള സാംസ്‌കാരിക ചരിത്രവും അറബി മലയാളവും ചിതലരിക്കാനുള്ളതല്ലെന്ന് ഇവരുടെ അധ്വാനം ഓര്‍മപ്പെടുത്തുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss