|    Apr 22 Sun, 2018 4:18 pm
FLASH NEWS

മാപ്പിളപ്പാട്ടിലെ സത്താറിന്റെ ശബ്ദമാധുര്യം നിലച്ചു

Published : 10th August 2015 | Posted By: admin

mappi

 മാപ്പിളപ്പാട്ടെന്നു പറയുമ്പോള്‍ ആദ്യം നാവിന്‍തുമ്പിലെത്തുന്ന നാമങ്ങളിലൊന്നായിരുന്നു കെ.ജി. സത്താര്‍. പതിനാലാംരാവു പോലെ മോഹനമായ മധുരസംഗീതവും ഇശലുകളുടെ പൊലിമയും മാപ്പിളപ്പാട്ടിലൂടെ പകര്‍ന്നുനല്‍കിയ സത്താര്‍ മാപ്പിളപ്പാട്ടിലെ വിപ്ലവഗായകനായിരുന്നു, പാട്ടിന്റെ ഗുരുത്വമുള്ളയാളായിരുന്നു. മലയാളത്തില്‍ ആദ്യമായി ഗ്രാമഫോണ്‍ റിക്കാഡറില്‍ പാടിയ ഗായകന്‍ ഗുല്‍       മുഹമ്മദിന്റെയും കുഞ്ഞിബീവിയുടെയും മകനായി ജനനം. ഗ്രാമഫോണുകളും സംഗീതോപകരണങ്ങളും സിനിമാപ്രൊജക്റ്ററുകളും പൂന്തോട്ടവുമെല്ലാമുള്ള വീട്ടില്‍ കണിശക്കാരനായ വാപ്പയോടൊപ്പമായിരുന്നു കുട്ടിക്കാലം. പൂവത്തൂര്‍ സെന്റ് ആന്റണീസ് ഹയര്‍ എലിമെന്ററി സ്‌കൂള്‍ വാര്‍ഷികത്തിന് വാപ്പ പഠിപ്പിച്ചുകൊടുത്ത ‘ജിര്‍നാ ജിര്‍നാ മിന്‍ ജഹീമി’ എന്ന അറബിഗാനം പാടി അഞ്ചു വയസ്സുകാരന്‍ സത്താര്‍ ഗായകനായി അരങ്ങേറ്റം കുറിച്ചു.എന്നാല്‍, ലോകയുദ്ധം ഉണ്ടാക്കിയ പ്രകമ്പനത്തില്‍ പിതാവിന്റെ പ്രതാപകാലം തീര്‍ന്നതോടെ സത്താറിന്റെ കുടുംബം ജീവിതത്തിന്റെ കയ്പുനീരറിഞ്ഞു. വിദ്യാഭ്യാസം മുടങ്ങിയെങ്കിലും സത്താര്‍ സംഗീതത്തിന്റെ പ്രഥമപാഠങ്ങള്‍ വാപ്പയില്‍നിന്നു സ്വായത്തമാക്കിയിരുന്നു. അങ്ങനെ ദുരിതജീവിതത്തിനിടയിലും സത്താറെന്ന പാട്ടുകാരന്‍ ഹാര്‍മോണിയത്തില്‍ ജീവിതയാതനയുടെ ശ്രുതിയിട്ടു.

സേലത്തും    മദിരാശിയിലും മുംബൈയിലും കറങ്ങി. മുംബൈ മുനിസിപ്പാലിറ്റി ബസ്സില്‍ കണ്ടക്ടറായി ജോലിയെടുത്തു. ഇതിനിടെ പാടിയ വിരലിലെണ്ണാവുന്ന ഗാനങ്ങള്‍ ഹിറ്റായി. ഇതോടെ പ്രശസ്തമായ കൊളംബിയ കമ്പനി സത്താറുമായി ചേര്‍ന്ന് നിരവധി റിക്കാഡറുകളിറക്കി. എല്ലാം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഒരിക്കല്‍ കൊളംബിയ റെക്കോഡിങിന് ക്ഷണിച്ചപ്പോള്‍ അവധി കിട്ടിയില്ല. അങ്ങനെ ആറുവര്‍ഷം നീണ്ട കണ്ടക്ടര്‍ ജോലി രാജിവച്ചു. തുടര്‍ന്ന്, തിയേറ്ററുകള്‍ വാടകയ്‌ക്കെടുത്ത് സിനിമ പ്രദര്‍ശിപ്പിക്കുന്ന ജോലിയും ചെയ്തു. ഒപ്പം, പാട്ടുകള്‍ അടിച്ച് വിതരണം ചെയ്യുന്ന ജമീല ബുക്സ്റ്റാളും തുടങ്ങി. 1967ല്‍ മുംബൈവിട്ടു. 600ലേറെ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടകഗാനങ്ങളും എഴുതി, സംഗീതമിട്ട്, പാടിയ സത്താര്‍ പിന്നെ മുഴുസമയ പാട്ടുകാരനായി.

1960കളിലും 1970കളിലും സത്താറും സംഘവും സംഗീതപരിപാടികളുമായി നാടും മറുനാടും താണ്ടി. വേദികളില്‍ സത്താറിന്റെ പാട്ട് ഇശല്‍മഴ പെയ്യിച്ചു. കേരളത്തിലങ്ങോളമിങ്ങോളം ആയിരക്കണക്കിന് വേദികളെ പാട്ടുപാടി ഇളക്കിമറിച്ചു. നാട്ടില്‍ സംഗീതസദസ്സുകള്‍ കുറഞ്ഞതോടെ അബൂദബിയിലേക്ക് കടന്നു. അവിടെ കാസറ്റ് ബിസിനസുമായി കൂടി. മലയാള സമാജക്കാരുടെ സമ്മേളനങ്ങളില്‍ പാട്ടുകള്‍ പാടി. അക്കാലത്ത് പീര്‍ മുഹമ്മദും വി.എം. കുട്ടിയും തമ്മില്‍ അബൂദബിയില്‍ നടന്ന പാട്ടുമല്‍സരത്തില്‍ സത്താറായിരുന്നു വിധികര്‍ത്താവ്. നൂറിലേറെ ഗ്രാമഫോണ്‍ റിക്കാഡറുകള്‍ക്ക് ശബ്ദം നല്‍കിയ സത്താര്‍ ആയിരത്തിലധികം മാപ്പിളപ്പാട്ടുകളും പുറത്തിറക്കിയിട്ടുണ്ട്.

എഴുപതാം വയസ്സില്‍ ഒരു ചലച്ചിത്രത്തിനും സത്താര്‍ പിന്നണി പാടി.  മോഹന്‍ സിത്താര സംഗീതം നല്‍കിയ ദി പാലസ് എന്ന സിനിമയിലെ ‘ഓര്‍മകള്‍ മാത്രം വിരുന്നു വന്നു…’ എന്ന ഗാനം. 2007ല്‍ പുറത്തിറങ്ങിയ പി.ടി. കുഞ്ഞുമുഹമ്മദിന്റെ പരദേശിയില്‍ സത്താര്‍ അഭിനേതാവായെത്തി, ഹാര്‍മോണിയവുമായി ഒരു ഗാനരംഗത്ത്. 2003ല്‍ അദ്ദേഹം തന്റെ സംഗീതജീവിതത്തിലെ അനുഭവങ്ങള്‍ പുസ്തകമാക്കി, നെല്ലിക്ക എന്ന പേരില്‍.    സാമൂഹിക വിഷയങ്ങളെ പ്രമേയമാക്കിയ ഗാനങ്ങള്‍’കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ…’, ‘മക്കത്ത് പോണോരെ ഞങ്ങളെ കൊണ്ടുപോകണേ..’, ‘സീനത്തുള്ളൊരു പെണ്ണാണ് സീതിക്കാക്കാടെ മോളാണ്…’, ‘ഏക ഇലാഹിന്റെ കരുണാകടാക്ഷത്താല്‍…’ തുടങ്ങി നിരവധി ഗാനങ്ങള്‍ സത്താറിലൂടെ മലയാളികളിലേക്ക് ഒഴുകിയെത്തി. ‘പെണ്ണിനൊരു മാരനെ കിട്ടണമെങ്കില് സ്ത്രീധനം മുമ്പില് വെച്ചോ…’, ജന്‍മി വ്യവസ്ഥയെ അപഹസിക്കുന്ന ‘എങ്കിളിനി തമ്മതിക്കൂലാ, തമ്മതിക്കൂലാ, എളിയോരുടെ കൂരപൊളിക്കാന്‍ തമ്മതിക്കൂലാ…’ എന്നിവയിലൂടെ സത്താര്‍ ലളിതമായ മാപ്പിളപ്പാട്ടു ശൈലിക്കു പിറവികൊടുത്തു. ‘മണ്ണില്‍ പിറന്നാല്‍ പൊന്നും മുതലും വേണം…, ‘പെണ്ണിനൊരു മാരനെ കിട്ടണമെങ്കില്…’ എന്നീ ഗാനങ്ങള്‍ സ്ത്രീധനസമ്പ്രദായത്തെ വിമര്‍ശിക്കുന്നതായിരുന്നു.

ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു സത്താര്‍. അക്കാലത്ത് നിറയെ പാട്ടുപരിപാടികള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ കേരള ഗായകസമിതി എന്ന ട്രൂപ്പ് തുടങ്ങി. ഗാനമേളകള്‍ അവതരിപ്പിക്കുന്നതിനൊപ്പം സംഗീതവും സംഗീതോപകരണങ്ങളും സൗജന്യമായി പഠിപ്പിച്ചുകൊടുക്കാനും സത്താര്‍ മുന്‍കൈയെടുത്തു. സിനിമാസംഗീതസംവിധായകന്‍ മോഹന്‍ സിത്താരയും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ സുബ്രഹ്മണ്യനും സത്താറിന്റെ ശിഷ്യരാണ്.  എന്നാല്‍, ഇത്ര കാലം ഒരു സമുദായത്തിന്റെ സംഗീതകലയെ സജീവമാക്കിയ ഈ കലാകാരന് അര്‍ഹമായ അംഗീകാരം നല്‍കാന്‍ ആരും തയ്യാറായില്ല. അതു തന്നെയായിരുന്നു ആ പ്രിയ ഗായകനെ വേദനിപ്പിച്ചതും. വാര്‍ധക്യത്തിന്റെ പരാധീനതകള്‍ക്കിടയിലും മാപ്പിളപ്പാട്ടിനെ പറ്റിയും മാപ്പിളപ്പാട്ടിനായി ഉപേക്ഷിച്ച ജീവിതാഹ്ലാദങ്ങളെ പറ്റിയും പറയുമായിരുന്നു സത്താര്‍. സവിശേഷമാര്‍ന്ന നാദഭംഗിയിലൂടെ മാപ്പിളപ്പാട്ടിനെ പരിപോഷിപ്പിച്ച ആ ഗായകനെ നമുക്ക് മറക്കാനാവുമോ?

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss