|    Mar 24 Sat, 2018 10:00 am

മാപ്പിളപ്പാട്ടിന്റെ മൈലാഞ്ചിത്തോപ്പില്‍ പീര്‍ മുഹമ്മദ്‌

Published : 11th August 2015 | Posted By: admin
peer1-500x500

അഴകേറുന്നോളേ വാ, കാഞ്ചനമാല്യം ചൂടിക്കാന്‍…, അനര്‍ഘമുത്തുമാല എടുത്തുകെട്ടി വൈരക്കല്‍ മോതിരങ്ങള്‍ അണിഞ്ഞ കുട്ടി… ഒരുകാലത്ത് മലയാളികളുടെ, പ്രത്യേകിച്ചും മലബാറിലെ മാപ്പിളമാരുടെ, മനസ്സിലും ചുണ്ടിലും തലമുറ വ്യത്യാസമില്ലാതെ നിറഞ്ഞുനിന്ന മനോഹരമായ പാട്ടുകള്‍. യുട്യൂബും ഇന്റര്‍നെറ്റും സി.ഡിയുമൊന്നുമില്ലാത്ത കാലം. മാപ്പിളപ്പാട്ടു കാസറ്റുകള്‍ വിലകൊടുത്തും അല്ലാതെയും സംഘടിപ്പിച്ച് ടേപ്പ്‌റിക്കാഡിലിട്ടു പാടിച്ച് ഒരുപാട് പേര്‍ ആ മധുരസംഗീതമാസ്വദിച്ചു. പാട്ടുകാസറ്റുകളില്‍ ഏറ്റവും ജനപ്രീതിയുണ്ടായിരുന്നത് പീര്‍ മുഹമ്മദും ശൈലജയും ചേര്‍ന്നു പാടിയ ഗാനങ്ങള്‍ക്കായിരുന്നു. കല്യാണവീടുകളിലും ചായമക്കാനികളിലും ആ പാട്ടുകള്‍ നിറഞ്ഞുനിന്നു. ഒപ്പനയും കോല്‍ക്കളിയും ആ പാട്ടുകളുടെ താളമണിഞ്ഞു. ഇളംകാറ്റില്‍നിന്നു കടഞ്ഞെടുത്ത ശബ്ദമാധുര്യവുമായി പീര്‍മുഹമ്മദിന്റെ പാട്ടുകള്‍ ഇന്നും തലമുറകളെ കുളിരണിയിക്കുകയാണ്.

 

പാട്ടിന്റെ അറുപതാണ്ടിലെത്തിനില്‍ക്കുന്ന ഈ നിത്യഹരിതഗായകനോടൊപ്പം അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് പെണ്‍ശബ്ദത്തിന്റെ മധുരം ചേര്‍ത്ത് ഗാനങ്ങളെ പ്രശസ്തിയിലെത്തിച്ച ശൈലജയെയും ഖത്തറിലെ സംഗീതസ്‌നേഹികള്‍ ഏതാനും ആഴ്ച മുമ്പ് ആദരിക്കുകയുണ്ടായി. ‘അനര്‍ഘ മുത്തുമാല…’ എന്ന പേരില്‍ നടന്ന ഈ പാട്ടുല്‍സവത്തിനെത്തിയ പീര്‍ മുഹമ്മദും ശൈലജയും തങ്ങളുടെ പോയകാലത്തേക്കു സഞ്ചരിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ ആ മധുരഗാനങ്ങളുടെ ഈണങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. പീര്‍ മുഹമ്മദിന്റെ പാട്ടുകള്‍ക്ക് മറ്റൊരു മലയാള പുരുഷശബ്ദത്തിനും പകര്‍ന്നുകൊടുക്കാനാവാത്ത മാധുര്യമുണ്ട്. ഗസല്‍ഗായകന്‍ തലത്ത് മഹ്മൂദിനോടു സാമ്യപ്പെടുത്താവുന്നതാണ് ആ ഗാന സൗകുമാര്യം. ബ്രണ്ണന്‍കോളജില്‍ നിന്ന് തുടക്കം1958ല്‍, അന്ന് ബി.ടി. കോളജ് എന്നറിയപ്പെടുന്ന ബ്രണ്ണന്‍ കോളജിലെ വേദിയില്‍ വച്ചാണ് ഓര്‍ക്കസ്ട്രയോടൊപ്പം പീര്‍ മുഹമ്മദ് ആദ്യമായി ഗാനമേളയ്ക്ക് പാടുന്നത്.

 

റഫി സാഹിബിന്റെ ‘യേ മര്‍ദ് ബദേ…’ എന്ന ഗാനം. അതിനു മുമ്പ്, മദ്രാസില്‍ വച്ച് ഉപ്പയുടെ പെങ്ങളായ ആമിനാ ഹാഷിമിന്റെ പിയാനോ വായനയ്ക്കകമ്പടിയായി പാടിയിട്ടുണ്ട്. ആമിനാ ഹാഷിം നല്ലൊരു പിയാനൊ അധ്യാപികയായിരുന്നു. 1912ല്‍ ജനിച്ച അവര്‍, പെണ്‍കുട്ടികള്‍ ഭൗതികവിദ്യാഭ്യാസം നേടാത്ത അക്കാലത്തുതന്നെ ലണ്ടന്‍ ട്രിനിറ്റി കോളജിന്റെ കോഴ്‌സ് പാസായിരുന്നു. ഉപ്പാപ്പയായിരു             ന്നു അവരെ പഠിപ്പിക്കാന്‍ മുന്‍കൈയെടുത്തതെന്ന്               പീര്‍ മുഹമ്മദ് അനുസ്മരിക്കുന്നു.

 

 

പീര്‍ മുഹമ്മദിന്റെ ആദ്യ ഗ്രാമഫോണ്‍ റിക്കാഡ്  പുറത്തുവരുന്നതും 1958ല്‍ തന്നെ. ‘ചുകപ്പേറും യവനിക പൊങ്ങി…’ എന്നതടക്കം നാലു പാട്ടുകളാണ് അതിലുണ്ടായിരുന്നത്. ഇശലുകളില്‍ നനഞ്ഞ മനസ്സ്പാടി പ്രശസ്തമാക്കിയ തന്റെ ഏതാണ്ടെല്ലാ പാട്ടുകളും സ്വന്തമായി ഈണം കൊടുത്തുവെന്ന പ്രത്യേകത കൂടിയുണ്ട് പീര്‍ മുഹമ്മദിന്. സംഗീതോപകരണങ്ങളൊന്നും കൈകാര്യം ചെയ്യില്ലെങ്കിലും മനസ്സില്‍ പെയ്യുന്ന ഈണങ്ങള്‍ വരികളിലേക്കു പകരുമ്പോള്‍ അതു ജനപ്രിയ ഇശലുകളായി മാറി എന്നതു വിസ്മയകരമാണ്. പല പാട്ടുകളും നിലവിലുള്ള മറ്റൊരു പാട്ടിന്റെ ഈണത്തില്‍ എഴുതി അല്‍പ്പം മാറ്റംവരുത്തി ചിട്ടപ്പെടുത്തിയതാണ് എന്നു തുറന്നുപറയുന്നു അദ്ദേഹം. ഹിറ്റായ പല പാട്ടുകളും ഈ ഗണത്തിലുണ്ട്. ‘അഴകേറുന്നോളേ…’ എന്ന  ഗാനം എഴുതിയത് റംലാ ബീഗം പാടി പ്രശസ്തമാക്കിയ ‘ഉളരീടൈ…’ എന്ന ഗാനത്തിന്റെ ഈണത്തിലാണ്. അതില്‍ ചെറിയ മാറ്റം വരുത്തിയാണ് ആ പാട്ട്ചിട്ടപ്പെടുത്തുന്നത്.

കാസര്‍കോട്ടുകാരനായ ടി.സി. പോക്കുട്ടിയുടെ മകന്‍ ശരീഫിന്റെ കല്യാണത്തിനു വേണ്ടി എഴുതിയ പാട്ടാണ് ‘അഴകേറുന്നോളേ വാ…’ എന്നു കേരളക്കര പാടി നടന്ന ഗാനം. പിന്നീടത് കാസറ്റില്‍ പാടി റിക്കാഡ് ചെയ്തത് പ്രശസ്ത സംഗീതസംവിധായകനായിരുന്ന എ.ടി. ഉമറിന്റെ ഓര്‍ക്കസ്‌ട്രേഷനില്‍. എ.ടി. ഉമറിനെക്കൂടാതെ ചാന്ദ് പാഷ, കെ. രാഘവന്‍ മാസ്റ്റര്‍ തുടങ്ങി അറിയപ്പെട്ട സംഗീതജ്ഞരുടെ സംവിധാനത്തിലും പീര്‍ മുഹമ്മദ് പാട്ടുകള്‍ പാടിയിട്ടുണ്ട്. പാടിയ പാട്ടുകളിലധികവും യുഗ്മഗാനങ്ങളും കല്യാണപ്പാട്ടുകളുമാണെങ്കിലും ചരിത്രസംഭവങ്ങള്‍ വരികളില്‍ കോര്‍ത്ത പാട്ടുകളും ഒട്ടനവധി പാടിയിട്ടുണ്ട്.

 

പാട്ടു വഴിയില്‍ തലശ്ശേരിക്കാരനായ ഒ.വി. അബ്ദുല്ലയും കവി പി.ടി. അബ്ദുറഹ്മാനുമാണ് പീര്‍മുഹമ്മദിന്റെ സംഗീതയാത്രയെ രചനാവൈഭവംകൊണ്ട് കൂടുതലും സമ്പന്നമാക്കിയത്. വടകര പി.സി. ലിയാഖത്തലി, എസ്.വി. ഉസ്മാന്‍, സി.എച്ച്. വെള്ളിക്കുളങ്ങര, കണ്ണൂര്‍ ചാലാട്ടുകാരനായ ടി.കെ. കുട്ട്യാലി, കൂത്തുപറമ്പുകാരനായ അസീസ് കോറോട്ട്, തിരൂര്‍ക്കാരനായ മുഹമ്മദ് മറ്റത്ത് തുടങ്ങിയവരും പീര്‍ മുഹമ്മദിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. ‘തളിര്‍മുല്ല വിതാനിച്ച…’ എന്ന ഗാനം ലിയാഖത്തലിയും ‘ഇബ്രാഹീം നബി ഇറയോനില്‍…’,                 ‘മാദകമണമെഴും…’ തുടങ്ങിയ ഗാനങ്ങള്‍ ടി.കെ. കുട്ട്യാലിയുടേതുമാണ്. ‘നഫീസത്ത് ബീവി നിന്റെ…’, ‘കുടമുല്ലച്ചിരിയുള്ള…’, ദുബയ് കത്തുപാട്ടിലുള്ള ‘അറബിപ്പൊന്ന്…’ തുടങ്ങിയ ഗാനങ്ങള്‍ അസീസ് കോറോട്ടിന്റേതാണ്. ‘മുത്തുവൈരക്കല്ല്…’ എന്ന ഗാനം മുഹമ്മദ് മറ്റത്താണ് എഴുതിയത്.

‘പൂച്ചെടിപ്പൂവിന്റെ മൊട്ട്… എന്ന പ്രശസ്ത നാടകഗാനത്തിന്റെ ഈണത്തില്‍ എഴുതിയതാണ് ‘മുത്തുവൈരക്കല്ല്…’ പിന്നീട് പീര്‍  മുഹമ്മദ് തന്നെ ചെറിയ മാറ്റം വരുത്തി പാടുകയായിരുന്നു.’ഋഹുസബാഹിലെ കുളിര്‍ക്കാറ്റേ…’, ‘ബലിപെരുന്നാളിന്റെ സന്ദേശവുമായി…’ എന്നിവ സി.എച്ച്. വെള്ളിക്കുളങ്ങരയുടെ രചനയില്‍ പീര്‍മുഹമ്മദ് ഈണമിട്ടു പാടി പ്രശസ്തമാക്കിയ ഗാനങ്ങളാണ്. ‘അലിഫ് കൊണ്ടു നാവില്‍…’ എന്ന ഭക്തിഗാനം എസ്.വി. ഉസ്മാന്റ രചനയിലും പീര്‍ മുഹമ്മദിന്റെ ആലാപനത്തിലും മാപ്പിളപ്പാട്ടു ലോകത്തിനു കിട്ടിയ മികച്ച ഗാനങ്ങളിലൊന്നാണ്.  

എണ്ണായിരത്തോളം പാട്ടുകള്‍എണ്ണായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ടാവുമെന്നാണ് പീര്‍ മുഹമ്മദിന്റെ ഓര്‍മകള്‍ പറയുന്നത്. പാട്ടുകളധികവും ഓരോ കേരളീയന്റെ ചുണ്ടിലും മനസ്സിലും നിറഞ്ഞുനിന്നു. അന്യരുടെ ഭൂമി എന്ന സിനിമയില്‍ ബിച്ചുതിരുമല എഴുതി എ.ടി. ഉമര്‍ ഈണമിട്ട ‘ഓടിചെന്താമരപ്പൂ…’ എന്ന ഗാനമാലപിച്ച് പീര്‍മുഹമ്മദ് തന്റെ ശബ്ദമാധുര്യം സിനിമാലോകത്തിനും സമ്മാനിച്ചു. മാമുക്കോയ അത്തര്‍വില്‍പ്പനക്കാരനായി അഭിനയിക്കുന്ന രംഗമാണ് പാട്ടിന്റെ പശ്ചാത്തലം. തേന്‍തുള്ളി എന്ന സിനിമയ്ക്കു വേണ്ടി കെ. രാഘവന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ‘നാവാല്‍ മൊഴിയുന്നേ…’ എന്ന ഗാനം പീര്‍മുഹമ്മദ്, എ. ഉമ്മര്‍, ഹമീദ് ശര്‍വാനി, എ.പി. ഉമ്മര്‍കുട്ടി എന്നിവര്‍ ചേര്‍ന്നാലപിച്ചു. ഈ പാട്ട് ആര് ലീഡ് ചെയ്യും എന്ന തര്‍ക്കമൊഴിവാക്കാന്‍ വേണ്ടി രാഘവന്‍ മാസ്റ്റര്‍ നാലുപേരെക്കൊണ്ടും ഒന്നിച്ചുപാടിക്കുകയായിരുന്നുവെന്ന് ചെറുപുഞ്ചിരിയോടെ പീര്‍ മുഹമ്മദ് ഓര്‍ത്തെടുക്കുന്നു. ലൈലാ മജ്‌നുവിലെ ‘ബഗ്ദാദ് രാജന്റെ…’ എന്ന പാട്ടും ഒ.വി. അബ്ദുല്ല എഴുതിയ ‘വീടതിലെ സുബൈദാന്റെ കല്യാണം…’ എന്നീ പാട്ടും ചാന്ദ് പാഷയുടെ ഈണത്തില്‍ പിറന്നവയാണ്. ‘കതിര്‍ കത്തും റസൂലിന്റെ…’ എന്ന ഗാനം ചിട്ടപ്പെടുത്തിക്കൊടുത്തത് വടകര എം. കുഞ്ഞിമൂസയാണ്. ‘നിസ്‌കാരപ്പായ നനഞ്ഞു പൊതിര്‍ന്നല്ലോ…’ എന്ന ഗാനത്തിന് കുഞ്ഞിമൂസ നല്‍കിയ ഈണത്തിന് അല്‍പ്പം മാറ്റം വരുത്തിയാണ് പീര്‍ മുഹമ്മദ് കാസറ്റില്‍ പാടിയത്.

കല്യാണപ്പാട്ടുകാരന്‍!കല്യാണവീടുകളായിരുന്നു പീര്‍ മുഹമ്മദിന്റെ ആദ്യകാല തട്ടകം. ബന്ധുക്കളുടെയും കുടുംബക്കാരുടെയും പരിചയക്കാരുടെയുമൊക്കെ കല്യാണത്തിനുവേണ്ടി എഴുതിയതും പാടിയതുമാണ് പല ഹിറ്റ് ഗാനങ്ങളും. ‘പുതുമാരന്‍ സമീറിന്റെ…’ എന്ന ഗാനത്തിലെ സമീര്‍ സ്വന്തം മകനാണ്. ‘ആരംഭ ഷെറി നിന്റെ മനസ്സാകും…’ എന്ന ഗാനത്തിലെ ഷെറിന്‍ സ്വന്തം മകളും. പല കുടുംബത്തിലെയും നാലു തലമുറയുടെ കല്യണത്തിനു വരെ പാട്ടുകള്‍ പാടിയെന്ന് അദ്ദേഹം നിര്‍വൃതി കൊള്ളുന്നു. പാടിയ പാട്ടുകളില്‍ ഏറെയും ജനപ്രിയ ഈണങ്ങളായി മാറിയത് ഈ പാട്ടുകാരന്റെ വശ്യമായ ആലാപനചാതുരിയുടെ സാക്ഷ്യപത്രമാണ്. ഒ.വി. അബ്ദുല്ലയുടെയും പി.ടി. അബ്ദുറഹ്മാന്റെയും തൂലികയില്‍ വിരിഞ്ഞ നൂറു കണക്കിനു ഗാനങ്ങള്‍ പീര്‍മുഹമ്മദിന്റെ ആലാപനസൗന്ദര്യത്തില്‍ മലയാളികള്‍ ആഘോഷിക്കുക തന്നെ ചെയ്തു.

മാപ്പിളപ്പാട്ടിന്റെ മൈലാഞ്ചിത്തോപ്പ്’അനര്‍ഘ മുത്തുമാല എടുത്തുകെട്ടി…’, ‘പൂക്കള്‍ വിരിഞ്ഞു നില്‍ക്കും…’, ‘പൊന്നിന്‍ കസവിന്‍…’, ‘മൃദുല സുസ്‌മേരങ്ങള്‍…’, ‘അഴകേറുന്നോളേ വാ…’, ‘കാഫ് മല കണ്ട പൂങ്കാറ്റേ…’, ‘കണ്ടാല്‍ മദം…’, ‘കതിര്‍കത്തും റസൂലിന്റെ…’, ‘മാണിക്യക്കല്ലിന്നൊളിവൊത്ത…’,  ‘നൈല്‍ നദി പുളഞ്ഞോട…’, ‘ഒട്ടകങ്ങള്‍ വരിവരിയായ്…’, ‘പേരക്കത്തോട്ടത്തില്‍…’, ‘പൊന്നു വിളയും നാട്…’,’ശാഹിദാ നിന്റെ ഇളംകൊടി…’ തുടങ്ങി അഴകാര്‍ന്ന പാട്ടുകള്‍ അക്കൂട്ടത്തിലെ നിത്യഹരിതഗാനങ്ങളാണ്. പി.ടി. എന്ന രചയിതാവിന്റെ കഴിവിനെ സാക്ഷ്യപ്പെടുത്തുന്ന രംഗം കൂടിയായിരുന്നു ‘ഒട്ടകങ്ങള്‍ വരിവരിയായി…’ എന്ന ഗാനത്തിന്റെ പിറവിയെന്ന് പീര്‍മുഹമ്മദ് പറയുന്നു. ലൈലാ മജ്‌നൂന്‍ എന്ന കാസറ്റിലെ മറ്റു പാട്ടുകളുടെ റിക്കാഡിങ് കഴിഞ്ഞപ്പോള്‍ ഒരു പാട്ടുകൂടി ആവശ്യമായി വന്നു. സ്റ്റുഡിയോയില്‍ വച്ച് അഞ്ചുമിനിറ്റു കൊണ്ട് അപ്പോള്‍ എഴുതിപ്പൂര്‍ത്തിയാക്കിയതാണത്.പീര്‍ മുഹമ്മദിനോടൊപ്പം 90 ശതമാനം പാട്ടുകളും പാടിയത് ശൈലജയാണ്. ചില പാട്ടുകള്‍ സുജാതയും സിബെല്ലാ സദാനന്ദനും പീര്‍ മുഹമ്മദിനൊപ്പം പാടിയിട്ടുണ്ട്. ‘നൈല്‍ നദി പുളഞ്ഞോടി…’ എന്ന ഗാനം പീര്‍മുഹമ്മദിനൊപ്പം പാടിയത് വിദ്യാവതി എന്ന ഗായികയാണ്.കേവല പാട്ടുകളെന്നതിലുപരി ചില ചരിത്രസംഭവങ്ങളും മിത്തുകളും പി.ടി. അബ്ദുറഹ്മാന്‍ പാട്ടുമാലയില്‍ കോര്‍ത്തൊരുക്കിയത് പീര്‍ മുഹമ്മദിന്റെ അനശ്വരശബ്ദത്തില്‍ മലയാളികള്‍ ആസ്വദിച്ചു.

ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന എട്ടു പാട്ടുകളടങ്ങുന്ന കാസറ്റ് സംരംഭം അവയിലൊന്നായിരുന്നു. ‘മഹിയില്‍ മഹാ സീനെന്ന്…, ‘ബദറുല്‍ മുനീറും തോഴിയും…’ തുടങ്ങിയ ഗാനങ്ങള്‍ ഇതിലുള്ളതാണ്. മശ്ഹൂദ് മുല്ലക്കോയ തങ്ങളെക്കുറിച്ച് പുറത്തിറക്കിയ 12 കാസറ്റുകള്‍, കര്‍ബല, വിടരുന്ന മൊട്ടുകള്‍ തുടങ്ങിയവ ഇത്തരം സംരംഭങ്ങളില്‍ പെടുന്നു. അന്യഭാഷാഗാനങ്ങളുംഗാനമേളമല്‍സരങ്ങളുംതമിഴ് ഭാഷയിലും പീര്‍ മുഹമ്മദ് തന്റെ ശബ്ദസൗന്ദര്യം പകര്‍ന്നു നല്‍കിയിട്ടുണ്ട്. സി.കെ. താനൂര്‍ രചിച്ച പന്ത്രണ്ട് തമിഴ് പാട്ടുകള്‍ക്കു സ്വന്തമായി ഈണമിട്ടാണ് അദ്ദേഹം ഇതു പാടിയത്. തെലുങ്ക് സിനിമാ നടന്‍ രാജ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന സംഗീത മ്യൂസിക് ആണ് ഇതു പുറത്തിറക്കിയത്. സി.കെ. താനൂര്‍ നല്ലൊരു തമിഴ് ഭാഷാജ്ഞാനിയായിരുന്നു എന്നു പീര്‍ മുഹമ്മദ് അനുസ്മരിക്കുന്നു. വിടരുന്ന മൊട്ടുകള്‍ എന്ന ഗാനകാസറ്റ് പുറത്തിറക്കിയത് ബോംബെയിലെ കോറിഡര്‍ കമ്പനിയാണ്. പിന്നണി ഗായിക സുജാതയാണ് അന്നു പീര്‍മുഹമ്മദിനോടൊപ്പം ഇതില്‍ പാടിയത്.’ഒയ്യേയേനിക്കുണ്ട്…’, ‘തടകിമണത്തേ…’, ‘ബദറുല്‍ ഹുദാ…’, ‘പുറപ്പെട്ടബുജാഹിലുടന്‍…’, ‘ബല്‍ക്കിലെ ഇബ്രാഹീം…’ തുടങ്ങി ഒട്ടേറെ തനതു പാരമ്പര്യപാട്ടുകളും പീര്‍മുഹമ്മദിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തമായി. കേരളത്തിനു പുറത്തും അകത്തും വിദേശരാജ്യങ്ങളിലും പീര്‍മുഹമ്മദ് നടത്തിയ പാട്ടു പരിപാടികള്‍ ആയിരക്കണക്കിനു വരും. ബോംബെ, കല്‍ക്കത്ത, മദ്രാസ് എന്നിവിടങ്ങളിലൊക്കെ പാട്ടുമായി സഞ്ചരിച്ചു. ഗാനമേള ട്രൂപ്പുകള്‍ തമ്മില്‍ മല്‍സരം നടത്തുന്നത് അന്നത്തെ ഒരു രീതിയായിരുന്നു. വിവിധ ഗള്‍ഫ് നാടുകളില്‍ നടന്ന ഇത്തരം 30 പരിപാടികളിലെങ്കിലും പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഏതാണ്ടെല്ലാ മല്‍സരത്തിലും പീര്‍ മുഹമ്മദിന്റെ ടീമായിരുന്നു വിജയിച്ചിരുന്നത്.

തന്റെ പാട്ടു മധുരം മലയാളികള്‍ക്കു വീണ്ടും സമ്മാനിക്കാനുള്ള സജീവതയിലാണ് ഇപ്പോള്‍ ഈ ഗായകന്‍. പീര്‍ മുഹമ്മദിനെ ആദരിച്ചുകൊണ്ട് ഖത്തറിലും ദുബയിലും ഈയിടെ നടന്ന പരിപാടികളുടെ വിജയവും ജനപങ്കാളിത്തവും കാണിക്കുന്നത് ഈ നിത്യസുഗന്ധഗായകന്റെ സ്വീകാര്യതയാണ്. ഒരുപാട് മനോഹരമായ ഗാനങ്ങള്‍ ആസ്വാദകര്‍ക്കായി ബാക്കിവച്ച് ഈ ലോകത്തോടു വിട പറഞ്ഞുപോയ പി.ടി. അബ്ദുറഹ്മാന്റെ പുറത്തുവരാത്ത രചനകള്‍ക്ക് ഈണം നല്‍കി പീര്‍ മുഹമ്മദും മകന്‍ നിസാമും ഇരിട്ടി സ്വദേശിനി ബേബി ലുബ്‌നയും പാടിയ സി.ഡി. ഉടന്‍ പുറത്തിറങ്ങും. എറണാകുളത്തെ ഒരു കമ്പനിയാണ് സഫ മര്‍വ എന്നു പേരിട്ട ഈ സി.ഡി. അനുവാചകരിലെത്തിക്കുന്നത്. പി.ടിയുടെ രചനാ ലാവണ്യവും പീര്‍ മുഹമ്മദിന്റെ ശബ്ദസൗന്ദര്യവും ലയിച്ചുചേരുന്ന ഗാനങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആസ്വാദകരുടെ മനം കുളിര്‍പ്പിക്കുമെന്നുറപ്പ്.അസീസ് മുഹമ്മദിന്റെയും ബല്‍ക്കീസിന്റെയും മകനായി 1945ലാണ് പീര്‍മുഹമ്മദിന്റെ ജനനം. ഭാര്യ രഹനയും മക്കള്‍ സമീറും നിസാമും ഷെറിനും അമന്‍സാറയും അദ്ദേഹത്തിന്റെ പാട്ടുവഴിയില്‍ ഇന്നും താങ്ങും തണലുമായി നില്‍ക്കുന്നു, ഒപ്പം ആ മധുര ശബ്ദത്തെയും ഇമ്പമാര്‍ന്ന ഈണങ്ങളെയും ഇന്നും നെഞ്ചേറ്റി നടക്കുന്ന നാട്ടിലും മറുനാട്ടിലുള്ള ആയിരക്കണക്കിനു ഗാനാസ്വാദകരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss