|    Apr 23 Mon, 2018 5:16 pm
FLASH NEWS

മാപ്പിളകവി ചേറ്റുവായ് പരീക്കുട്ടി

Published : 20th May 2016 | Posted By: mi.ptk

mappila

ചരിത്രപഥം
അബ്ദുറഹ്മാന്‍ മങ്ങാട്
19ാം നൂറ്റാണ്ടില്‍ മാപ്പിള സാഹിത്യത്തെ പരിപോഷിപ്പിക്കുവാന്‍ ശ്രമിച്ച കവികളില്‍ പ്രമുഖനാണ് ചേറ്റുവായ് പരീക്കുട്ടി (1848-1886)പോക്കാകില്ലത്ത് ചിന്നക്കല്‍ കുഞ്ഞഹമ്മദ് സാഹിബിന്റെയും മനാത്ത്പറമ്പില്‍ കുഞ്ഞിപ്പാത്തുമ്മയുടെയും ഏകമകനായി ചേറ്റുവായിലെ ഒരു ഉന്നത മാപ്പിള കുടുംബത്തില്‍ 1848 ല്‍ അദ്ദേഹം ജനിച്ചു. അക്കാലഘട്ടത്തിലെ നാട്ടുനടപ്പനുസരിച്ച് ഓത്തുപള്ളിക്കൂടത്തില്‍നിന്നും നാട്ടാശാന്‍മാരില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. ചെറുപ്പത്തില്‍തന്നെ പിതാവ് നഷ്ടപ്പെട്ടതിനാല്‍ മാതാവിന്റെ പരിലാളനയിലാണ് വളര്‍ന്നത്. ശ്രീവേടിയാട്ടില്‍ ചാത്തുണ്ണി എന്ന അധ്യാപകന്റെ കീഴില്‍ മലയാളവും സംസ്‌കൃതവും പഠിച്ചു. മൗലവിമാരില്‍നിന്ന് അറബിഭാഷയും സാഹിത്യവും ആഴത്തില്‍ മനസ്സിലാക്കി. ഇക്കാലത്ത് തമിഴ് സംഗീതജ്ഞരായ പുലവന്മാരുമായുള്ള സമ്പര്‍ക്കം തമിഴ് ഭാഷാപഠനത്തിനു വഴിതെളിയിച്ചു. ചെറുപ്പകാലത്ത്തന്നെ ശബ്ദമാധുരിമയോടെ ഗാനാലാപനം നടത്തി സഹൃദയരെ ആകര്‍ഷിക്കുവാനുള്ള കഴിവ് അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ഇക്കാലത്ത് അദ്ദേഹം ധാരാളം കവിതകളും മാപ്പിളപ്പാട്ടുകളും എഴുതിയിട്ടുണ്ട്. 20ാം വയസ്സില്‍ തന്റെ പ്രഥമകൃതിയായ ‘സൗഭാഗ്യസുന്ദരി’ വെളിച്ചം കണ്ടു. സ്വര്‍ഗീയ ലോകത്തെ അപ്‌സരസ്സുകളെ വശ്യസുന്ദരമായി അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. 600 ലധികം വരികളുള്ള ഈ കൃതി വിവിധ ഇശലുകളിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. വായനാ സമ്പത്തും സര്‍ഗാത്മകതയും ഒത്തിണങ്ങിയ ഒരു കവിയാണ് താനെന്ന് ഈ കൃതിയിലൂടെ അദ്ദേഹം തെളിയിച്ചു. അറബി, സംസകൃതം, മലയാളം, തമിഴ് തുടങ്ങിയ ഭാഷകളില്‍ അനന്യസാധാരണമായ പാടവമുണ്ടെങ്കിലും ഗാനരചനയില്‍ പരമാവധി ശുദ്ധമലയാളം പ്രയോഗിക്കണമെന്ന ആഗ്രഹമുള്ള കവിയായിരുന്നു പരീക്കുട്ടി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ധാരാളം എതിര്‍പ്പുകളും ആക്ഷേപങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. സാധാരണക്കാര്‍ക്കു മനസ്സിലാവാത്ത സങ്കരഭാഷാപദങ്ങളുടെ ആധിക്യമാണ് കവിതയെ മഹത്തരമാക്കുന്നതെന്ന ഒരു സിദ്ധാന്തം അക്കാലത്ത് നിലനിന്നതായിരുന്നു അതിനു കാരണം.  പരീക്കുട്ടിയുടെ മാസ്റ്റര്‍പീസ് ഫുത്തുഹുശ്ശാമാണ്. ഖലീഫമാരായിരുന്ന അബൂബക്കര്‍, ഉമര്‍ എന്നിവരുടെ കാലത്തു നടന്ന ശാം വിജയമാണ് ഇതിലെ ഇതിവൃത്തം. പ്രസിദ്ധ ചരിത്രകാരനായിരുന്ന ഇമാം വാഖിദിയുടെ ഗ്രന്ഥത്തില്‍നിന്നുള്ള പരാമര്‍ശങ്ങള്‍ വിശദീകരിച്ചുകൊടുത്തത് ചാവക്കാട് പുതിയ കടപ്പുറം സ്വദേശിയും പണ്ഡിതനുമായിരുന്ന സയ്യിദ് അഹ്മദ് ഹുസൈന്‍ കുഞ്ഞിക്കോയ തങ്ങളായിരുന്നുവെന്ന് കവി തന്റെ കൃതിയുടെ ആമുഖത്തില്‍ വിവരിക്കുന്നുണ്ട്. 1875 ല്‍ ആരംഭിച്ച രചന 1897 ല്‍ പൂര്‍ത്തീകരിച്ചു. 1500 ലധികം പദ്യങ്ങളാണ് ഈ കൃതിയിലുള്ളത്. രചനാ ചാതുരിയും ആവിഷ്‌കാര ശാലീനതയും പദവിന്യാസങ്ങളുടെ മനോഹാരിതയും ഈ കൃതിയെ മികവുറ്റതാക്കി. സംസ്‌കൃത-തമിഴ് പദങ്ങളുടെ ആധിക്യമൊഴിവാക്കി കഴിവതും ശുദ്ധമലയാളത്തില്‍ രചന നിര്‍വഹിച്ചതുകൊണ്ട് സമകാലികരായ ചില കവികളുടെ ആക്ഷേപത്തിനും ‘ഫുതുഹുശ്ശാം’ വിധേയമായി. രക്തസാക്ഷിത്വം വരിച്ച നവവരന്റെ ജഡത്തിനു മുന്നില്‍ നിന്നു വിലപിക്കുന്ന നവവധുവിന്റെ ഇടറുന്ന വാക്കുകള്‍ കവി ആവിഷ്‌കരിക്കുന്നത് ഇങ്ങനെ: മാനിതാ കൊതി ഖല്‍ബില്‍ മദനപ്പൂ കനിതേനെ മദനപ്പൂ കനിയെ, എന്‍ മഹ്ബൂബരെ,തേനാരില്‍ രസം ഖല്‍ബില്‍ ഇരിക്കെ താന്‍ പിരിഞ്ഞെന്റെ താശിയാള്‍ കരള്‍ കരിഞ്ഞലിയുന്നെന്റെവാണെ നാള്‍ ഇണങ്ങിപ്പൊന്‍ മണിമാറില്‍ മനം കൊണ്ടേമധുരം ഞാന്‍ മറക്കുന്ന ദിനം ഏതള്ളാ!” അദ്ദേഹത്തിന്റെ മൂന്നാമത്തെ കൃതിയാണ് ‘മിന്‍ഹതുല്‍ബാരി’. 1000 ത്തിലധികം വരികളുള്ള ഈ കൃതിയുടെ പ്രമേയം തന്റെ ആത്മീയ ഗുരുവും പ്രസിദ്ധ പണ്ഡിതനുമായിരുന്ന സയ്യിദ് മുഹമ്മദ് മൗലയുടെ ജീവചരിത്രമാണ്. വിവിധഭാഷാസമ്മിശ്രമായ കവിതകള്‍ എഴുതാത്ത കവിയെന്ന അന്നത്തെ അപരാധം ഒഴിവാക്കുന്നതിനുവേണ്ടി ശ്രമിച്ച കൃതികൂടിയാണിത്. എതിര്‍പ്പുകളെ തന്റെ പ്രതിഭാവിലാസംകൊണ്ട് തോല്‍പ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നശ്വര ജീവിതത്തിലെ സുഖദുഃഖങ്ങള്‍ക്കപ്പുറത്ത് ശാശ്വത സമാധാനം കളിയാടുന്ന ഒരു നാളേക്കുള്ള തയ്യാറെടുപ്പായിരിക്കണം ജീവിതത്തിന്റെ ലക്ഷ്യമെന്ന് കവിതയിലൂടെ അദ്ദേഹം തെളിയിച്ചു. നല്ലൊരു ഗായകന്‍ കൂടിയായിരുന്ന കവി പശ്ചാത്തല സംഗീതത്തിന്റെ പിന്തുണയില്ലാതെതന്നെ ധാരാളം ഗാനമേളകളും നടത്തിയിട്ടുണ്ട്. പൊതുസേവനവും സാമുദായിക പ്രവര്‍ത്തനങ്ങളും അദ്ദേഹം ഇഷ്ടപ്പെട്ട പ്രവൃത്തികളായിരുന്നു. ക്ലാര്‍ക്കായും പഞ്ചായത്ത് കോടതി വക്കീലായും നാട്ടുകേസുകള്‍ ഒത്തുതീര്‍പ്പാക്കുന്ന മധ്യസ്ഥനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss