|    Oct 17 Wed, 2018 3:21 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാന്ദ്യം സമ്മതിച്ച് ബിജെപി ; നേരിടാന്‍ പാക്കേജില്ല

Published : 26th September 2017 | Posted By: fsq

 

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തികമാന്ദ്യം നേരിടുന്നുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം. കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്തെ സാമ്പത്തികനില സുസ്ഥിരമായിരുന്നുവെന്ന് യോഗം അവകാശപ്പെട്ടു. എന്നാല്‍, കഴിഞ്ഞ മൂന്നുമാസമായി വളര്‍ച്ചാനിരക്കില്‍ കുറവുണ്ടായെന്നും ഇത് രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിച്ചുവെന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അഴിമതിയോട് സന്ധിയില്ലാസമരമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് യോഗത്തില്‍ പാസാക്കിയ പ്രമേയം അവകാശപ്പെട്ടു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ദോക്‌ലാം സംഘര്‍ഷം പരിഹരിക്കാനായത് വന്‍നേട്ടമായി പ്രമേയം ചൂണ്ടിക്കാട്ടുന്നു. ചരക്കുസേവന നികുതി നടപ്പാക്കിയത് നോട്ട് നിരോധനത്തിനു ശേഷമുള്ള രണ്ടാമത്തെ ചരിത്രപരമായ നേട്ടമായാണു പ്രമേയം അവകാശപ്പെടുന്നത്. ജിഎസ്ടി നടപ്പാക്കിയതിന് പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും യോഗം അഭിനന്ദിച്ചു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളോട് മാനുഷികപരിഗണന കാണിക്കുമെന്നും അതിനായി ബംഗ്ലാദേശിലെ അഭയാര്‍ഥികള്‍ക്ക് സഹായം എത്തിക്കുമെന്നും പ്രമേയം പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര നടപടികളില്‍ പ്രമേയം സംതൃപ്തി രേഖപ്പെടുത്തുകയും സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു. ആഭ്യന്തര സംഘര്‍ഷം നിലനിന്നിരുന്ന യമനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കേരള നഴ്‌സുമാരെ നാട്ടിലെത്തിച്ചതും മുതല്‍ ഫാദര്‍ ടോം ഉഴുന്നാലിനെ യമനില്‍ നിന്നു രക്ഷപ്പെടുത്തിയതും അടക്കമുള്ളവയുടെ ബഹുമതിയും കേന്ദ്രസര്‍ക്കാരിനാണെന്ന് പ്രമേയം പറയുന്നു. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ സമാപന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക ഉത്തേജന മാര്‍ഗരേഖയുടെ പ്രഖ്യാപനം നടത്തുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നുവെങ്കിലും അതുണ്ടായില്ല. എന്നാല്‍, വൈകുന്നേരം 6.30ന് ഡല്‍ഹിയില്‍ നടന്ന സൗഭാഗ്യ യോജന, ദീന്‍ദയാല്‍ ഊര്‍ജഭവന്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ച പ്രധാനമന്ത്രി, രാജ്യത്തെ നാലു കോടി വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിന് 16,320 കോടി രൂപ നീക്കിവച്ചുവെന്ന പ്രഖ്യാപനം മാത്രമാണ് നടത്തിയത്. 2019 മാര്‍ച്ച് 31നകം പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പദ്ധതിച്ചെലവിന്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് ലിമിറ്റഡി(ഒഎന്‍ജിസി)ന്റെ പേര് ആര്‍എസ്എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ നാമധേയത്തിലാക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച പ്രധാനമന്ത്രി, പാവപ്പെട്ടവന്റെ സ്വപ്‌നമാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌നമെന്ന് പറഞ്ഞതല്ലാതെ രാജ്യത്തെ സാമ്പത്തികമേഖല ഉത്തേജിപ്പിക്കാനുള്ള പാക്കേജുകളൊന്നും പ്രഖ്യാപിച്ചില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss